കൊൽക്കത്ത: മറ്റു സൗന്ദര്യ മൽസരങ്ങൾ പോലെ തന്നെയായിരുന്നു അതും. ആട്ടം, പാട്ട്, റൗണ്ടുകൾ, റാമ്പ് വാക്കിങ്. ആണിനും, പെണ്ണിനും മതി ഇത്തരം മൽസരങ്ങൾ എന്ന് കരുതുന്നത് ശരിയല്ലല്ലോ. ട്രാൻസ് ജൻഡറുകൾക്കും വേണ്ടേ ആഘോഷങ്ങൾ. ഈ ചിന്താഗതിയിൽ നിന്നാണ് സംഘാടകയായ റീനാ റായി മൽസരം സംഘടിപ്പിച്ചത്. പലരും റീനയെ അധിക്ഷേപിച്ചുവെങ്കിലും, അതൊന്നും അവർ ചെവിക്കൊള്ളാതിരുന്നതുകൊണ്ട് ഞായറാഴ്ച നല്ല ഭംഗിയായി മൽസരം നടന്നു.

കൊൽക്കത്ത സ്വദേശി നിതാഷ ബിശ്വാസിനെ മിസ് ട്രാൻസ് ക്വീനായി തെരഞ്ഞെടുത്തു. 16 മൽസരാർഥികളാണ് മാറ്റുരച്ചത്. ഇരുപതുകാർ മുതൽ 50 കാരി വരെയുണ്ടായിരുന്നു മൽസരത്തിന്.

ചിലർ വിദ്യാർത്ഥികളും, ചിലർ അഭിഭാഷകരും, മറ്റൊരാൾ മുൻ ലൈംഗിക തൊഴിലാളിയുമായിരുന്നു.1600 ഓളം പേരിൽ നിന്നാണ് 16 പേരെ ഷോട്ട് ലിസ്റ്റ് ചെയ്തത്. മാർച്ചിൽ തായ്‌ലൻഡിൽ നടക്കുന്ന മിസ് ഇന്റർനാഷണൽ ട്രാൻസ് ക്വീൻ മൽസരത്തിൽ നിതാഷ് ബിശ്വാസ് ഇന്ത്യയെ പ്രതിനിധീകരിക്കും.