തിരുവനന്തപുരം: ബ്രിട്ടീഷ് കാലത്തെ കൊളോണിയൽ ഹാങ്ഓവർ വിട്ടുമാറാൻ മടികാണിക്കുന്ന സംവിധാനമാണ് നമ്മുടെ സിവിൽ സർവീസ് രംഗം. പ്രോട്ടോക്കോളുകൾ അനുസരിച്ച് പെരുമാറാനാണ് പലപ്പോഴും ഉന്നത ഉദ്യോഗസ്ഥർക്കും താൽപ്പര്യം. എങ്കിലും കേരളത്തിലെ ചില യുവ ഉദ്യോഗസ്ഥർ നാട്യങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ താൽപ്പര്യം കാണിക്കുന്നത് എല്ലാവർക്കും സന്തോഷം പകരുന്ന കാര്യമാണ്. യുവ ഐഎഎസുകാർ കൂടുതൽ ജനകീയരായി മാറുകയാണ്. കോഴിക്കോട് കലക്ടർ പ്രശാന്ത് നായരും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അനുപമ ഐഎസും ഇത്തരത്തിൽ ജനപ്രിയ ഉദ്യോഗസ്ഥരായി മാറിയിട്ടുണ്ട്. ഇതിന് പിന്നാലെ കാരുണ്യ സ്പർശം കൊണ്ടും ആത്മാർത്ഥത കൊണ്ടും ഏവരുടെയും കൈയടി നേടുകയാണ് കൊല്ലം ജില്ലാ കലക്ടർ എ ഷൈനമോൾ ഐഎഎസ്.

സിയാച്ചിനിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സുധീഷിന്റെ കുഞ്ഞുമകളെ എടുത്തിരിക്കുന്ന കലക്ടറുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിട്ടുണ്ട്. കരുണാർദ്ദമായ മനസോടു കൂടി കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന ചിത്രം ആരെയും സ്പർശിക്കുന്നതാണ്. ഉദ്യോഗസ്ഥ ജാഡകളില്ലാതെ ഒരു അമ്മയുടെ മനസോടു കൂടിയാണ് ഷൈനമോൾ സുധീഷിന്റെ നാല് മാസം പ്രായമുള്ള മകൾ മീനാക്ഷിയെ എടുത്തിരിക്കുന്നത്. സാധാരണ കലക്ടർമാരും രാഷ്ട്രീയക്കാരും ഇത്തരം വീടുകൾ സന്ദർശിക്കുമ്പോഴുള്ള ശരീരഭാഷയല്ല ഷൈനമോൾക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഈ ഫോട്ടോ വൈറലായതും.

ഫേസ്‌ബുക്കിൽ സജീവമായ വി കെ ആദർശ് ഇതേ കുറിച്ച് ചിത്രം സഹിതം എഴുതിയത് ഇങ്ങനെയാണ്: കൊല്ലത്തെ ജില്ലാ കലക്ടർ എ ഷൈനമോൾ IAS, സിയാച്ചിനിൽ വീരമൃത്യു വരിച്ച സുധീഷിന്റെ കുട്ടിയെ എടുത്തിരിക്കുന്ന ചിത്രം. സാധാരണ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇത് പോലെ ഉള്ള ഒരവസ്ഥയിൽ വീട് സന്ദർശിക്കുമ്പോൾ ഉള്ള ശരീരഭാഷ അല്ല. വെറുതെ കുട്ടിയെ എടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തതല്ലന്ന് വ്യക്തം. ജനങ്ങൾക്കിടയിൽ പ്രവർത്തനം, അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ക്കൽ തുടങ്ങിയ ഹൈ ഡെസിബെൽ വാചകമേള പ്പെരുക്കങ്ങൾക്കിടയിൽ ഈ ഫോട്ടോ വല്ലാതെ സ്പർശിക്കുന്നു. ഇനിയും ഈ പാതയിലൂടെ തന്നെ കരുണാർദ്രമായി മുന്നോട്ട് പോകാൻ ഷൈനാമോൾക്ക് എല്ലാ ആശംസകളും. ജനങ്ങളുടെ 'കണ്ണീരൊപ്പുന്നു' എന്ന് പറയുവർക്കിടയിൽ നിങ്ങൾ ഒക്കെ ശരിക്കും വേറിട്ട് നിൽക്കണം. കോഴിക്കോട് ബ്രോ യ്ക്ക് ഉള്ള ജനകീയ പിന്തുണ ഇത്തരം ആത്മാർത്ഥ ഇടപെടൽ കൊണ്ടാണു, കൊല്ലവും ആ പാതയിൽ തന്നെ എന്നത് മറ്റ് ജില്ലകളിലെ ഉന്നത അധികാരികളെയും ഉണർത്തട്ടെ.

കരുണാർദ്രം ഈ ഓഫീസർമാർകൊല്ലത്തെ ജില്ലാ കലക്ടർ എ ഷൈനമോൾ IAS, സിയാച്ചിനിൽ വീരമൃത്യു വരിച്ച സുധീഷിന്റെ കുട്ടിയെ എ...

Posted by VK Adarsh on Tuesday, February 16, 2016

ആദർശിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് വൻ സ്വീകാര്യയും ലഭിച്ചു. ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ കൊച്ചു അടയാളങ്ങളാണ് ഇതെന്ന് പലരും അഭിപ്രായം പ്രകടിപ്പിച്ചു. സുധീഷിന്റെ മൺറോ തുരുത്തിലെ വീട്ടിലെത്തിയപ്പോഴായിരുന്നു ഈ ചിത്രം എടുത്തത്. മനുഷ്യത്തത്തിന് വിലകൽപ്പിച്ച കലക്ടർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം തന്നെയാണ്. മീനാക്ഷിയെ നേരിൽ കാണാൻ കഴിയാതെയാണ് സുധീഷ് വിടപറഞ്ഞത്. രണ്ടര വർഷം മുമ്പായിരുന്നു സുധീഷ് സാലുവിനെ വിവാഹം ചെയ്തത്. അധികനാൾ ഒരുമിച്ച് കഴിയും മുമ്പുള്ള വിയോഗം വേദനയാണ് എല്ലാവർക്കും സമ്മാനിച്ചത്.

കൊല്ലം ജില്ലാ കലക്ടർ എന്ന നിലയിൽ ഷൈനമോൾ ജനകീയ വ്യക്തിത്തമാണ്. ആതുര സേവന രംഗത്ത് സജീവമാണ് ഇവർ. സന്നദ്ധ സംഘടനകളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത് രംഗത്തുവരാറുണ്ട്. 2007ലെ ഹിമാചൽ കേഡറിലെ ഉദ്യോഗസ്ഥയാണ് ഷൈനമോൾ. മഹാരാഷ്ട്രയിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് അവർ കേരളത്തിലേക്ക് എത്തിയത്.