- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാർഷികത്തിന് വീട്ടിലെത്തണം എന്ന മോഹം ബാക്കിയാക്കി അഭിലാഷ് യാത്രയായത് അപ്രതീക്ഷിതമായി; പട്ടാളത്തിന്റെ റിക്കവറി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഭിലാഷ്കുമാറിന്റെ വിയോഗത്തിൽ ഞെട്ടി നാട്
കൊല്ലം: വിവാഹ വാർഷികത്തിന് മുമ്പ് നാട്ടിലെത്തും എന്നായിരുന്നു വിളിക്കുമ്പോഴേല്ലാം അഭിലാഷ് ഭാര്യ രഞ്ജിനിയോട് പറഞ്ഞിരുന്നത്. എന്നാൽ, മാവടി അഭിലാഷ് ഭവനിൽ എസ്.അഭിലാഷ്കുമാറിന് തന്റെ സ്വപ്നങ്ങളെല്ലാം പൂർത്തിയാകും മുന്നേ ജീവൻ നഷ്ടമായത് ലഡാക്കിൽ പട്ടാളത്തിന്റെ റിക്കവറി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിലായിരുന്നു. അപകടത്തിൽ പെടുന്നതിനും രണ്ട് മണിക്കൂർ മുമ്പും അഭിലാഷ് ഭാര്യയുമായി വീഡിയോ കോൾ ചെയ്തിരുന്നു. കൊല്ലം ജില്ലയിലെ പുത്തൂർ, മാവടി തെങ്ങുവിള ജങ്ഷൻ അഭിലാഷ് ഭവനിൽ സോമശേഖരൻ പിള്ളയുടെയും പദ്‌മകുമാരി അമ്മയുടെയും മകൻ അഭിലാഷ്‌കുമാറാണ് (35) മരിച്ചത്. കരസേനയിൽ നായിക്കായ അഭിലാഷിന് ഇ.എം.ഇ. വിഭാഗത്തിലായിരുന്നു ജോലി.
ഞായാറാഴ്ച രാവിലെ എട്ടേമുക്കാലോടെയായിരുന്നു അപകടം. രാവിലെ ഏഴ് മണിക്ക് അഭിലാഷ് ഭാര്യയെ വീഡിയോ കോൾ ചെയ്തിരുന്നു. ‘ഇവിടെ കൊടും തണുപ്പാണ്..ഇനിയങ്ങോട്ടു പോയാൽ റേഞ്ച് കിട്ടില്ല..തിരികെ വന്നിട്ടു വീണ്ടും വിളിക്കാം...' എന്ന് പറഞ്ഞായിരുന്നു ആ വിളി അവസാനിപ്പിച്ചത്. ലഡാക്കിൽനിന്ന് വാഹനവ്യൂഹത്തോടൊപ്പം പോയ റിക്കവറി ട്രക്ക് കയറ്റം കയറുന്നതിനിടെ തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഭാര്യയെയും മകനെയും മാതാപിതാക്കളെയും എല്ലാം കണ്ടു സംസാരിക്കുന്നതായിരുന്നു അഭിലാഷിനു പ്രിയം. ഇന്നലെയും അതാവർത്തിച്ചതിന്റെ സന്തോഷത്തിലായിരുന്നു വീട്ടുകാരും. പക്ഷേ പതിനൊന്നു മണിയോടെ രഞ്ജിനിയുടെ ഫോണിലേക്ക് മറ്റൊരു സൈനിക ഉദ്യോഗസ്ഥന്റെ വിളി എത്തിയതോടെ സന്തോഷം തീരാവേദനയിലേക്കു മാറി. അഭിലാഷിന്റെ വാഹനം അപകടത്തിൽ പെട്ടെന്നും ഗുരുതരമായി പരുക്കേറ്റെന്നുമായിരുന്നു ആദ്യവിവരം. മരണം സ്ഥിരീകരിച്ച സന്ദേശം പിന്നാലെയെത്തി. ആ ആഘാതത്തിൽ നിന്ന് മോചിതരായിട്ടില്ല കുടുംബാംഗങ്ങൾ. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും മറ്റു ബന്ധുക്കളും ഇവരെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാത്ത ധർമസങ്കടത്തിലായി.
പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്ത് അഭിലാഷ് നാട്ടിലുണ്ടായിരുന്നു. ഡെറാഡൂണിൽ നിന്നു ലഡാക്കിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഭാര്യയെയും മകനെയും നാട്ടിലാക്കാനുള്ള വരവായിരുന്നു അത്. കുടുംബവീടിനോട് ചേർന്ന് അഭിലാഷിന്റെ പുതിയ വീടിന്റെ പണി നടക്കുകയാണ്. ഇതിന്റെ കുറച്ചു പണികൾ കൂടി തീർത്തിട്ടായിരുന്നു മടക്കം.
മെയ് 5ന് ആണ് ഇവരുടെ വിവാഹ വാർഷികം. അതിനു മുൻപ് എന്തായാലും നാട്ടിലെത്തും എന്ന് ഇന്നലെയും ഫോൺ വിളിച്ചപ്പോൾ രഞ്ജിനിക്ക് ഉറപ്പു നൽകിയിരുന്നു. വീടിന്റെ പണി പൂർത്തിയാക്കി പാലുകാച്ചൽ നടത്തണം എന്ന കാര്യവും സൂചിപ്പിച്ചു. പക്ഷേ സ്വപ്നങ്ങളും പ്രതീക്ഷകളും അപ്രതീക്ഷിത അപകടത്തിന്റെ രൂപത്തിൽ വിധി കവർന്നു. ഈ ദുഃഖം താങ്ങാൻ കുടുംബത്തിന് കരുത്തുണ്ടാകണമെ എന്ന പ്രാർത്ഥനയിലാണ് നാട്.
മറുനാടന് മലയാളി ബ്യൂറോ