കൊല്ലം: സിപിഎം നേതാവ് പ്രസന്ന ഏണസ്റ്റ് കൊല്ലം നഗരസഭയുടെ മേയറാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. മേയർ പദവി പങ്കിടണമെന്ന സിപിഐ ആവശ്യത്തിലും നാളെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. മുൻ മേയറും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് പ്രസന്ന ഏണസ്റ്റ്. തിരുമുല്ലവാരം ഡിവിഷനിൽ നിന്ന് വിജയിച്ച പുതുമുഖവും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ യു.പവിത്രയെ മേയറാക്കാൻ ജില്ലാ സെക്രട്ടറി എസ്.സുദേവനടക്കമുള്ളവർക്ക് താത്പര്യമുണ്ടായിരുന്നു.

സംസ്ഥാന സെക്രട്ടേറിയേറ്റംഗമായ കെ.എൻ ബാലഗോപാലടക്കമുള്ളവർക്കും പവിത്രയെ മേയറാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങൾ പ്രസന്ന ഏണസ്റ്റിന് അനുകൂലമായി നിലയുറപ്പിച്ചതോടെയാണ് പവിത്രയുടെ സാദ്ധ്യത മങ്ങിയത്. ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിഭാഗവും പ്രസന്ന ഏണസ്റ്റിനെ മേയറാക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. മുതിർന്ന നേതാവെന്ന നിലയിൽ പ്രസന്ന ഏണസ്‌റ്റ്‌ തന്നെ മേയറാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വാദിച്ചപ്പോഴും യു പവിത്ര മേയറാകുന്നതിൽ തെറ്റില്ലെന്ന നിലപാടിലായിരുന്നു സി പി എം സംസ്ഥാന നേതൃത്വം. ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട പ്രസന്ന ഏണസ്റ്റ് മേയറായാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ക്രൈസ്തവ വോട്ടുകൾ പാർട്ടിക്ക് അനുകൂലമാകും എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.

കഴിഞ്ഞ 20 വർഷക്കാലമായി കൊല്ലം കോർപ്പറേഷൻ ഭരണം എൽഡിഎഫ് മറ്റാർക്കും വിട്ട് കൊടുത്തിട്ടില്ല. ഇക്കുറിയും മൃഗീയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് ഭരണം പിടിച്ചിരിക്കുകയാണ്. 55 ഡിവിഷനുകൾ ആണ് കൊല്ലം കോർപറേഷനിലുള്ളത്. അതിൽ 39 ഡിവിഷനുകളിലും ഇടത് സ്ഥാനാർത്ഥികൾ ജയിച്ച് കയറി. നാൽപതിന് മുകളിൽ സീറ്റുകൾ ആയിരുന്നു എൽഡിഎഫ് പ്രതീക്ഷിച്ചത്. യുഡിഎഫിന് നേട്ടമുണ്ടാക്കാൻ സാധിച്ചത് 9 സീറ്റുകളിൽ മാത്രമാണ്. 15 സീറ്റുകൾ ലക്ഷ്യമിട്ടാണ് ബിജെപി കൊല്ലത്ത് മത്സരത്തിന് ഇറങ്ങിയത്. എന്നാൽ വിജയിക്കാൻ സാധിച്ചത് 6 സീറ്റുകളിൽ മാത്രമാണ്.

കൊല്ലം കോർപ്പറേഷനിൽ മാത്രമല്ല ഇടത് മുന്നേറ്റം. ജില്ലാ പഞ്ചായത്തിലും നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും എൽഡിഎഫ് ആധിപത്യം ഉറപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ 26 സീറ്റുകളാണ് ഉള്ളത്. ഇതിൽ, 23 എണ്ണത്തിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ തവണ 22 സീറ്റുകളിൽ ആയിരുന്നു എൽഡിഎഫിന്റെ വിജയം. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം ജി്ല്ലാ പഞ്ചായത്തിൽ യുഡിഎഫിന് നാല് സീറ്റുകളിൽ ആയിരുന്നു വിജയം. ഇത്തവണ രണ്ടിടത്ത് കോൺഗ്രസും ഒരു സീറ്റിൽ ആർഎസ്‌പിയും വിജയിച്ചു.