- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിയിലക്കൂനയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസ്: പൊലീസ് ചോദ്യം വിളിപ്പിച്ചതിനെ തുടർന്ന് കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയത് ആര്യയുടെ മൃതദ്ദേഹം ; രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുന്നു
കൊല്ലം : കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് കരിയിലക്കൂനയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കിട്ടി. ഊര്യായിക്കോട് സ്വദേശി ആര്യ(23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറ്റിൽ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. ആദിച്ചനല്ലൂർ മീനാട് ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ.
ഇവർക്കൊപ്പം കാണാതായ ഇവരുടെ ബന്ധുവായ ഗ്രീഷ്മയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കാണാതായ രണ്ടാമത്തെ യുവതിക്ക് കേസുമായിട്ടുള്ള ബന്ധമെന്താണെന്ന് വ്യക്തമായിട്ടില്ല. നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവ് രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യ ആര്യ അവരുടെ ബന്ധു ഗ്രീഷ്മ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അവർ ഹാജരായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പൊലീസ് അന്വേഷിച്ചപ്പോഴാണ് അവരെ കാണാനില്ല എന്ന വിവരം ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇത്തിക്കരയാറിന്റെ സമീപത്തുകൂടി ഇവർ പോകുന്നതായി കണ്ടിരുന്നു. സമീപത്ത് നിന്ന് എലിവിഷത്തിന്റെ പാക്കറ്റും ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇത്തിക്കരയാറ്റിൽ ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രേഷ്മ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ സിം കാർഡ് മരിച്ച ആര്യയുടെ പേരിലുള്ളതായിരുന്നു. ഇതുപയോഗിച്ചാണ് ഇവർ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നത്. ഫേസ്ബുക്കിൽ ഒരിക്കൽ പോലും കാണാത്ത വ്യക്തി നൽകിയ നിർദ്ദേശം അനുസരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി എന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ തേടുന്നതിനായാണ് ഇവരെ വിളിപ്പിച്ചത്.
ഈ വർഷം ജനുവരി അഞ്ചിന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്.
എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെയായിരുന്നു സ്ഥിരീകരണം. വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. എന്നാൽ ഇതൊന്നും പൊലീസ് ഇനിയും പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഇതിനിടെയാണ് രണ്ട് യുവതികളെ കാണാതാകുന്നത്.
ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതി പ്രസവ വേളയിൽ തന്നെ കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി വിവരവും പുറത്തു വന്നിട്ടുണ്ട്. പ്രസവ വേദന ആരംഭിച്ചപ്പോൾ വീടിനു പുറത്തെ കുളിമുറിയിൽ കയറി വയറ്റിൽ അമർത്തി പിടിച്ചു. ശക്തമായി അമർത്തിയാൽ കുഞ്ഞിന്റെ ജീവൻ പോകുമെന്നു കരുതി. ജീവനോടെ ജനിച്ചാൽ കുഞ്ഞു നിലത്തു വീഴണം എന്ന ലക്ഷ്യത്തോടെ പ്രസവ വേളയിൽ എഴുന്നേറ്റു നിൽക്കുകയും ചെയ്തു. എന്നാൽ വേദന കലശലായപ്പോൾ കുഞ്ഞിനെ താങ്ങിപ്പിടിച്ചുപോയി. പൊക്കിൾക്കൊടി പൂർണമായും മുറിച്ചു മാറ്റാതെ തന്നെ ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ചെന്നും രേഷ്മ മൊഴി നൽകിയതായി അന്വേഷണത്തിനു നേതൃത്വം നൽകുന്ന പാരിപ്പള്ളി ഇൻസ്പെക്ടർ ടി.സതികുമാർ പറഞ്ഞു. പ്രസവിച്ച സ്ഥലം വൃത്തിയാക്കി ഒന്നും സംഭവിക്കാത്ത തരത്തിൽ മുറിയിലെത്തി വേദനസംഹാരി ഗുളികകൾ കഴിച്ചു കിടന്നുറങ്ങി.
പിറ്റേന്ന്, കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്നുള്ള തെളിവെടുപ്പിനിടെ 3 വയസ്സുള്ള മകളെയും എടുത്തു റബർ തോട്ടത്തിൽ ഒരു മണിക്കൂറോളം പൊലീസിനൊപ്പം രേഷ്മ നടക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മ കൂട്ടത്തിൽ ഉണ്ടെങ്കിൽ കുറച്ചുദൂരം നടക്കുമ്പോൾ ക്ഷീണിതയാകുമെന്നു കണ്ടു രേഷ്മ ഉൾപ്പെടെ പ്രദേശത്തെ സ്ത്രീകളെ പൊലീസ് മനഃപൂർവം കൂട്ടുകയായിരുന്നു. അന്നും അടുത്ത ദിവസവും മൊഴി നൽകാൻ വളരെ നേരം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കാത്തു നിന്ന രേഷ്മ വേദന മറച്ചുവച്ചാണു ചോദ്യങ്ങൾക്കു മറുപടി നൽകിയത്.
വയർ വീർത്തു വരുന്നതു മറയ്ക്കാൻ പ്രത്യേക ഇലാസ്റ്റിക് ബെൽറ്റ് രേഷ്മ ധരിക്കുകയും ചെയ്തിരുന്നുവത്രെ. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് ആദ്യം രേഷ്മ നൽകിയത്. ഒരു കുട്ടി കൂടി ജനിക്കുന്നതു ഭർത്താവിനു ഇഷ്ടമല്ലാത്തതിനാൽ മറച്ചു വച്ചതാണെന്നാണ് ആദ്യത്തെ മൊഴി. ചോദ്യങ്ങൾ മുറുകിയപ്പോൾ കുഞ്ഞിനെ വളർത്താൻ കാശില്ലെന്നായി. ഫോൺ വിവരങ്ങൾ ശേഖരിക്കുമെന്നു പറഞ്ഞപ്പോൾ ഇതുവരെ കാണാത്ത കാമുകനൊപ്പം ജീവിക്കാനാണു ഇങ്ങനെ ചെയ്തതെന്നു വെളിപ്പെടുത്തി. കാമുകനെ കാണാൻ ഒരിക്കൽ വർക്കലയിൽ പോയെങ്കിലും അയാൾ വന്നില്ല.
മടങ്ങി വന്നപ്പോൾ ഭർത്താവ് ഫോൺ പിടിച്ചുവാങ്ങി നശിപ്പിച്ചു. തുടർന്നു അമ്മയുടെ ഫോണിലൂടെയാണു കാമുകനുമായി ബന്ധപ്പെട്ടത്. കുറ്റബോധം മൂലം മറുപടി പറയാൻ വയ്യെങ്കിൽ എഴുതി നൽകാൻ പറഞ്ഞു പൊലീസ് പേപ്പറും പേനയും നൽകിയെങ്കിലും ഒരക്ഷരം പോലും എഴുതിയില്ല. രഷ്മ പറഞ്ഞ വിവരങ്ങൾക്കു സമാനമായ ഫെയ്സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മറ്റാരെയോ സംരക്ഷിക്കാൻ കാമുകനെക്കുറിച്ചു കളവായ വിവരങ്ങൾ നൽകിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തിൽ കാമുകനു പങ്കില്ലെന്നാണു രേഷ്മയുടെ മൊഴി. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലുടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ