കൊല്ലം: ലോകം നടുങ്ങിയ വെടിക്കെട്ട് ദുരന്തമായിരുന്നു പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്നലെയുണ്ടായത്. ഇന്നലെ പുലർച്ചെ 3.30തോടെ ഉണ്ടായ ദുരന്തം അന്തർദേശിയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വാർത്തയായി മാറിയിരുന്നു. മലയാളത്തിലെ ചാനലുകൾ എല്ലാവരും തന്നെ അപകടത്തെ കാര്യമായി തന്നെ റിപ്പോർട്ട് ചെയ്തു. എന്നാൽ, കേരളത്തെ നടുക്കിയ ദുരന്തത്തെയും പൊങ്ങച്ചം പറച്ചിലിന്റെ വേദിയാക്കി മാറ്റി മനോരമ ചാനൽ. ഇലക്ഷൻ വേളയിലും, തൃശ്ശൂർ പൂരം റിപ്പോർട്ടിംഗിലും മറ്റു ചാനലുകളെ ബഹുദൂരം പിന്നിലാക്കി തങ്ങൾ വിജയികളായി എന്ന് അവകാശപ്പെടുന്നത് ചാനലുകളുടെ പ്രധാന പരിപാടിയാണ്. ആ ലാഘവത്തോടെയാണ് ഇന്നലെ മനോരമ ന്യൂസ് തങ്ങൾ വിജയികളായി എന്ന് അവകാശപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കിയത്.

ദുരന്തമുണ്ടായത് ലോകം അറിഞ്ഞത് മനോരമ ചാനലിലൂടെയാണെന്ന് പറഞ്ഞു തുടങ്ങുന്ന വാർത്തയിൽ കേന്ദ്ര ഇടപെടലും മോദി വന്നതുമൊക്കെ മനോരമയുടെ മിടുക്കായിരന്നു എന്നായിരുന്നു അവകാശ വാദം. മറ്റു ചാനലുകളൊന്നും മിനക്കെടാൻ ധൈര്യം കാണിക്കാത്ത ചെയ്ത്താണ് മനോരമയിൽ നിന്നും ഉണ്ടായത്. ഒരു മഹാദുരന്തം നടക്കുന്ന വേളയിലാണ് ഇങ്ങനെ പൊങ്ങച്ചം നടിക്കുന്നത് എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. തൃശ്ശൂർപൂരം ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് മനോരമയിലൂടെയാണ് എന്ന ലാഘവത്തിലായിരുന്നു ചാനലിന്റെ അവകാശ വാദങ്ങൾ. ദുരന്തത്തിന്റെ ശരിക്കുള്ള ആഴം എത്രയെന്ന് വ്യക്തമാകും മുമ്പ്് മനോരമ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞെത്തിയെന്ന് വിമർശനം സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നു കഴിഞ്ഞു.

മനോരമ ന്യൂസിലൂടെയാണ് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം ലോകമറിഞ്ഞത് എന്ന അവകാശ വാദത്തോടെയാണ് ചാനൽ റിപ്പോർട്ട് തുടങ്ങുന്നത്. ദേശീയ മാദ്ധ്യമങ്ങൾ മനോരമയിലൂടെയാണ് ദുരന്തചിത്രങ്ങൾ എടുത്തതെന്നും വാർത്തയിൽ അവകാശപ്പെടുന്നു. മനോരമ ന്യൂസിലെ ദൃശ്യങ്ങൾ സഹിതമുള്ള ദേശീയ മാദ്ധ്യമങ്ങളുടെ വാർത്തസംപ്രേഷണമാണ് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടലിലേക്ക് വഴിതുറന്നതെന്നതാണ് മറ്റൊരു അവകാശവാശ വാദം.

''ദുരന്തമുഖത്തിന്റെ സമഗ്രചിത്രം വാർത്തയായും ആദ്യദൃശ്യമായും പിന്നെ ദൃശ്യപരമ്പരകളായും മനോരമ ന്യൂസിലൂടെ ലോകം കണ്ടു. അതും ദുരന്തത്തിലേക്കു വഴിമാറിയ വർണക്കാഴ്ചയുടെ വേഷപ്പകർച്ച സഹിതം. പിന്നെ ദുരന്തമുഖത്തുനിന്ന് ദുരന്ത സമഗ്രതയിലേക്ക് വിരൽചൂണ്ടിയ തൽസമയ ഇടപെടലുകൾ. തൽസമയവാർത്തകൾക്കും ദേശീയമാദ്ധ്യമങ്ങൾ മനോരമ ന്യൂസിനെ തേടിയെത്തി. ദേശീയ മാദ്ധ്യമങ്ങൾ വാർത്താദിനത്തിലേക്ക് മിഴിതുറന്നെഴുന്നേറ്റപ്പോൾ ദുരന്തവാർത്തയുമായി മനോരമ ന്യൂസ് ഒരുകാതം മുന്നിലായിരുന്നു. കേരളത്തിലേക്ക് ക്യാമറതിരിച്ച ദേശീയമാദ്ധ്യമങ്ങൾ ആദ്യം കണ്ടത് മനോരമ ന്യൂസിലെ ദൃശ്യങ്ങൾ''. - ചാനൽ വാർത്തയിൽ അവകാശപ്പെടുന്നു.

മനോരമ ന്യൂസിന്റെ ദൃശ്യങ്ങൾ സഹിതമുള്ള ദേശീയ മാദ്ധ്യമങ്ങളുടെ ഇടതടവില്ലാത്ത വാർത്താ സംപ്രേഷണം സംഭവത്തിന്റെ ഗൗരവം ഇടനിലക്കാരില്ലാതെ കേന്ദ്രശ്രദ്ധയിലെത്തിച്ചു. പ്രധാനമന്ത്രി ആദ്യം ട്വിറ്ററിലൂടെയും പിന്നെ നേരിട്ടെത്തിയും കേരളത്തിനൊപ്പം നിന്നു. പെരുമാറ്റച്ചട്ടത്തിന്റെ ചട്ടക്കൂടുകൾ പൊളിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും അനുമതി നൽകിയതും തങ്ങളുടെ നേട്ടമാണെന്നാണ് മനോരമ അവകാശപ്പെട്ടത്.

ദേശീയ ചാനലുകളിൽ മനോരമ ന്യൂസ് ചാനൽ പ്രവർത്തകർ ചർച്ചകൾ നയിച്ചു എന്നത് അടക്കമുള്ള കാര്യങ്ങൾ കേരളത്തിലെ ആളുകളെ അറിയിക്കാൻ വേണ്ടി തയ്യാറാക്കിയ വാർത്തയാണ് ഇതെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നതിൽ തെറ്റില്ലെങ്കിലും അതിന് ഒരുദിവസമെങ്കിലും കാത്തുനിന്നു കൂടായിരുന്നോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.