കൊല്ലം: വിഷ പാമ്പിനെ ആയുധമാക്കി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ സൂരജിന്റെ ക്രിമിനൽ ചിന്തകൾ ഐപിഎസ് ട്രെയിനിം​ഗിലും ഉൾപ്പെടുത്തുന്നു. കേരളം നടുക്കത്തോടെ ചർച്ച ചെയ്ത ഉത്ര കൊലക്കേസ് ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കേസ് ഡയറിയിലെ പ്രസക്ത ഭാഗങ്ങൾ നാഷനൽ പൊലീസ് അക്കാദമിക്ക് കൈമാറുന്നതിനായി ഇംഗ്ലിഷിലാക്കി ഡിജിറ്റലൈസ് ചെയ്യുന്ന നടപടികൾ ആരംഭിച്ചു. ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയ രീതിയും അന്വേഷണ വഴികളുമാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.

പാമ്പിനെ ആയുധമാക്കി നടത്തിയ അപൂർവ കൊലപാതകം എന്ന നിലയിൽ ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച കേസാണിത്. ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റൽ ലൈബ്രറിയിൽ കേസ് ഡയറി സൂക്ഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയും കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറും പങ്കെടുത്ത യോഗത്തിൽ റിപ്പോർട്ട് വിവരങ്ങൾ കൈമാറി. ഐപിഎസ് ട്രെയിനികളാണ് വിവരങ്ങൾ ക്രോഡീകരിക്കുന്നത്. ഭാഷാമാറ്റം നടത്താൻ വിദഗ്ധരെയും നിയോഗിച്ചു. രണ്ടായിരത്തിലേറെ പേജുകൾ ഉള്ള കുറ്റപത്രമാണ് ഉത്ര വധക്കേസിൽ കോടതിയിൽ സമർപ്പിച്ചത്. മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

വിവാഹ സമ്മാനമായി പണവും സ്വർണവും നൽകിയതു കൂടാതെ കാറും പിക്കപ് ഓട്ടോയും ബുള്ളറ്റും വാങ്ങി നൽകി. സൂരജിന്റെ സഹോദരിയുടെ പഠനച്ചെലവുകളും ഏറ്റെടുത്തു. ഇതൊന്നും മതിയാവാതെയായിരുന്നു ഉത്രയെ സൂരജ് വകവരുത്തിയത്. മകൾ ഭർത്തൃവീട്ടിൽ ശാരീരികവും മാനസീകവുമായി അനേകം പീഡനങ്ങൾ നേരിട്ടെങ്കിലും വിവാഹബന്ധം വേർപെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നാണ് ഉത്രയുടെ പിതാവ് പറയുന്നത്. എന്നാൽ വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

2018 മാർച്ച് 26-നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ജനുവരിയിൽ ദമ്പതികൾ തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാൽ, സ്ത്രീധനമായി ലഭിച്ച 96 പവൻ, അഞ്ചുലക്ഷം രൂപ, കാർ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനൽകേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പൊലീസ് ഭാഷ്യം.

സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ജാമ്യമില്ല

ഉത്ര വധക്കേസിലെ മുഖ്യപ്രതി ഭർത്താവ് സൂരജിന്റെ അമ്മ രേണുക(48), സഹോദരി സൂര്യ(22) എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി അപേക്ഷ ഓണം കഴിഞ്ഞ് കോടതി പരിഗണിക്കും.കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലാണ് അപേക്ഷ പരിഗണിക്കൽ വൈകുന്നതെന്നാണു വിവരം. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് ഇരുവരും. തെളിവു നശിപ്പിക്കൽ കേസിൽ ആഴ്ചകളോളം റിമാൻഡിലായിരുന്ന സൂരജിന്റെ പിതാവിനു കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. സൂരജും ജയിലിലാണ്. കേസിൽ അതിവേഗ വിചാരണ ആവശ്യപ്പെട്ട് പ്രൊസിക്യൂഷൻ കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഗാർഹിക പീഡനവും ഗൂഢാലോചനയും തെളിവ് നശിക്കലുമാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ഇതോടെ സൂരജിന്റെ വീട്ടിലെ എല്ലാവരും കേസിൽ അറസ്റ്റിലാവുകയാണ്. സൂരജിനേയും അച്ഛനേയും നേരത്തെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. ജില്ലാ ക്രൈംബ്രാഞ്ചാണ് അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്തത്. സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ഇവരെ മുൻപ് പല തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

അഞ്ചൽ ഏറം വിഷു വെള്ളശേരിൽ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിന്റെ സഹോദരിക്കും അമ്മയ്ക്കുമെതിരെ കേസെടുക്കാനുള്ള വനിതാ കമ്മീഷൻ നിർദ്ദേശം കുറ്റപത്രം സമർപ്പിക്കുമ്പോഴും പൊലീസ് പരിഗണിച്ചിരുന്നില്ല. ഇത് വിവാദവുമായി. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവർക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്രാ കേസ് അന്വേഷണത്തിന്റെ രണ്ടാം ഘട്ടമായി ഇവരെ അറസ്റ്റ് ചെയ്തത്.

കൂടുതൽ പണവും സ്വത്തുക്കളും ആവശ്യപ്പെട്ട് സൂരജിന്റെ അമ്മയും സഹോദരിയും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛനമ്മമാർ കമ്മീഷനംഗം ഷാഹിദാ കമാലിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. വനിതാ കമ്മീഷന്റെ കേസിൽ സൂരജിന്റെ സഹോദരി ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്. അടൂർ പറക്കോട് സ്വദേശികളായ ഇവരെ വിശദമായി ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് വനിതാ കമ്മീഷൻ രേഖാ മൂലം നിർദ്ദേശം നൽകിയിരുന്നു. ഇതുകൊല്ലം റൂറൽ പൊലീസിന് കൈമാറിയെങ്കിലും നടപടികൾ ഇരുവരെയും ചോദ്യം ചെയ്യുന്നതിൽ ഒതുങ്ങി. ഇത് വിവാദമായി.

ഉത്രയുടെ അസ്വാഭാവിക മരണത്തിന്റെ അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് മുതൽ ഉത്രയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലാണ് സൂരജിന്റെ അമ്മയും സഹോദരിയും പരസ്യ പ്രതികരണങ്ങൾ നടത്തിയത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകം ഭാര്യ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടാൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലമാണോയെന്ന് പൊതുവിൽ പൊലീസ് പരിശോധിക്കാറുണ്ട്. സൂരജും അമ്മയും സഹോദരിയും പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും വാഹനങ്ങളും കൈവശപ്പെടുത്തിയെന്നാണ് ഉത്രയുടെ കുടുംബം നൽകിയ മൊഴി.

ഇത് പരിഗണിച്ചാണ് വനിതാ കമ്മീഷൻ ഉടനടി കേസെടുത്തത്. പൊലീസിനും കുടുംബം ഇതേ മൊഴി നൽകിയെങ്കിലും കൂടുതൽ തെളിവുകൾക്കായി കാക്കുകയാണ് ഇപ്പോഴും അന്വേഷണ സംഘം. വിവാഹമോചനം നേടിയാൽ സ്വത്തുക്കൾ തിരികെ കൊടുക്കേണ്ടി വരുമെന്നതിനാൽ കൊലപ്പെടുത്തി മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യമെന്ന് സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. അതിനിടെ ഉത്ര വധക്കേസിന്റെ വിചാരണ വേഗത്തിലാക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങിയിരുന്നു.