കോഴിക്കോട്: കൊല്ലം സ്വദേശിയായ യുവതിയെ മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. 32 വയസുകാരിയായ യുവതിയെ നാലുപേർ ചേർന്നാണ് കോഴിക്കോട് ചേവരമ്പലത്തെ ഫ്‌ളാറ്റിൽ വച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ബൂധനാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയായ അജ്നാസും യുവതിയും തമ്മിൽ രണ്ട് വർഷമായി ബന്ധമുണ്ട്. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി, പ്രതികളിലൊരാളായ അജ്നാസിനെ പരിചയപ്പെട്ടത് ടിക്ടോക്ക് വഴിയാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി സുദർശൻ ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം അജ്നാസ് യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അജ്നാസും ഫഹദും ചേർന്നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്ളാറ്റിലെത്തിച്ചത്. തുടർന്ന് യുവതി കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയതായും പൊലീസ് പറഞ്ഞു. പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുക്കും.

അത്തോളി സ്വദേശിയായ അജ്‌നാസുമായി ടിക്ടോക്കിൽ നിന്ന് ആരംഭിച്ച ബന്ധമാണ് യുവതിയെ കോഴിക്കോട്ട് എത്തിച്ചത്. ബുധനാഴ്ച ട്രെയിനിൽ കോഴിക്കോടെത്തിയ യുവതിയെ അജ്‌നാസും സുഹൃത്തും കാറിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്. ചേവരമ്പലത്തെ ഫ്‌ളാറ്റിൽ രണ്ട് മുറികൾ അജ്‌നാസും സുഹൃത്തുക്കളും എടുത്തിരുന്നു. ഇങ്ങോട്ടേക്കാണ് യുവതിയെ കൊണ്ടുപോയത്.

ഇവിടെ വച്ച് അജ്‌നാസാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. ഈ സമയത്ത് സുഹൃത്തുക്കൾ തൊട്ടടുത്ത മുറിയിലായിരുന്നു. അജ്‌നാസ് മദ്യവും മയക്കുമരുന്നും നൽകി തന്നെ അർധബോധാവസ്ഥയിലാക്കിയെന്നാണ് യുവതിയുടെ മൊഴി. അജ്‌നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തീരെ അവശനിലയിൽ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതരാണ് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ വാർത്ത പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു. യുവതി നൽകിയ പരാതിയിലാണ് പിന്നീടുള്ള അന്വേഷണവും അറസ്റ്റും നടന്നത്.

അജ്‌നാസിന്റെ സുഹൃത്തുക്കളായ രണ്ട് പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം.യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.