കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം കഴിഞ്ഞ് ഇന്ന് പിൻവലിക്കാൻ സമയമായി. എന്നിട്ടും കോൺഗ്രസിലെ തമ്മിലടിക്ക് മാത്രം കുറവൊന്നുമില്ല. സീറ്റ് കിട്ടാത്തവർ കിട്ടിയവർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത് പതിവു പല്ലവി ആയി മാറിയിരിക്കയാണ് കൊല്ലത്ത. കൊല്ലത്ത് ഇന്നലെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം കൂട്ടത്തലിലാണ് കലാശിച്ചത്. ഡിസിസി പ്രസിഡന്റ് സീറ്റ് കച്ചവടം നടത്തി എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഡിസിസി പ്രസിഡന്റിനെ മണിക്കൂറുകളോളം തടഞ്ഞുവച്ചു പ്രവർത്തകർ. തുടർന്ന് അക്രമാസക്തരായ പ്രവർത്തകർ ഡിസിസി ഓഫീസിലെ കസേരകൾ തല്ലിത്തകർത്തു. കൊല്ലം നഗരസഭ യുഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയപ്പോൾ യുവാക്കളെ തള്ളി സീറ്റു കച്ചവടം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം വൈസ് പ്രസിഡന്റ് അസൈൻ പള്ളിമുക്കിന്റെ നേതൃത്വത്തിൽ എത്തിയ അമ്പതോളം പ്രവർത്തകർ ഡിസിസി ഓഫീസിലേക്ക് ഇരച്ചുകയറി. യുഡിഎഫ് ജില്ലാ കൺവീനറും നഗരസഭ സ്ഥാനാർത്ഥിനിർണയ കമ്മിറ്റി അംഗവുമായ കെ കരുണാകരൻപിള്ള, കെപിസിസി ജനറൽ സെക്രട്ടറി കെ സി രാജൻ എന്നിവരോട് പ്രവർത്തകർ തട്ടിക്കയറി. തുടർന്ന് പ്രവർത്തകർ ഡിസിസി പ്രസിഡന്റ് വി സത്യശീലന്റെ മുറിക്കു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനുള്ള പ്രവർത്തനം നടത്തുമെന്ന് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ നഗരസഭ 24 ഡിവിഷനുകളിൽ യൂത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. തുടർന്ന് കുന്നത്തൂരിൽനിന്ന് വാഹനത്തിൽ എത്തിയ യൂത്ത്‌കോൺഗ്രസുകാർ ഡിസിസി ഓഫീസിലേക്കു തള്ളിക്കയറി. കുന്നത്തൂരിൽ യൂത്ത് കോൺഗ്രസുകാർക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തിവരുന്ന പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. നിലവിലെ പഞ്ചായത്ത് അംഗങ്ങളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും സീറ്റ് വീതിച്ചതായി പ്രവർത്തകർ പറഞ്ഞു.

ഉച്ചയോടെ കരിക്കോട്ടുനിന്ന് ബസിൽ എത്തിയ അറുപതോളം പ്രവർത്തകർ ഡിസിസി ഓഫീസിൽ അക്രമാസക്തരായി. കരിക്കോട് ഡിവിഷനിൽ നേതാക്കൾ പണം വാങ്ങി സീറ്റുനൽകിയെന്നും അർഹരായവരെ അവഗണിച്ചെന്നും ആരോപിച്ച പ്രവർത്തകർ ഡിസിസി പ്രസിഡന്റിനെതിരെ മുദ്രാവാക്യം മുഴക്കി. കസേരകൾ തല്ലിത്തകർത്തു. കൈക്കുളങ്ങര ഡിവിഷനിൽനിന്ന് എത്തിയ കോൺഗ്രസ് പ്രവർത്തകർ ഡിസിസി പ്രസിഡന്റിനെതിരെ ഭീഷണി മുഴക്കി. നിലവിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റിയാൽ ഒരു നേതാവും ജീവനോടെ പോകില്ലെന്നായിരുന്നു ഭീഷണി.