ന്യൂഡൽഹി: കോലഞ്ചേരി പള്ളി സംബന്ധിച്ച കേസിൽ യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി. 1934ലെ ഭരണഘടന പ്രകാരമാണ് പള്ളി ഭരിക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. 1913ലെ ഉടമ്പടി അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളിയ കോടതി 1995ലെ സുപ്രീം കോടതി വിധി മാത്രമേ നിലനിൽക്കൂവെന്നും വ്യക്തമാക്കി. ആവശ്യമെങ്കിൽ 1934ലെ സഭാ ഭരണഘടന ഭേദഗതി ചെയ്യാം. 2002ൽ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

ആയിരത്തിതൊള്ളായിരത്തി പതിമൂന്നിലെ കരാർ അംഗീകരിച്ച് കോലഞ്ചേരി പള്ളി ഭരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണ് യാക്കോബായ സഭ പരമോന്നതിയെ കോടതിയിലെത്തിയത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിലെ സുപ്രീംകോടതിയുടെ തന്നെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഓർത്തഡോക്‌സ് സഭയുടെ എതിർവാദം.

1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളിഭരണം നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്നത്തെ വിധി. കോലഞ്ചേരിയിൽ മാത്രമല്ല, തർക്കം തുടരുന്ന മറ്റ് പള്ളികളിലും ഇരുസഭകളും അവകാശവാദമുന്നയിച്ചിരുന്നു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, അശോക്ഭൂഷൻ എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് കേസിൽ നേരത്തേ വാദം കേട്ടത്.

എന്നാൽ ജസ്റ്റിസ് അശോക് ഭൂഷൻ കേസു കേൾക്കുന്നതിനെതിരെ യാക്കോബായ സഭ കോടതിയിൽ പരാമർശം നടത്തിയതിനെത്തുടർന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന് വിടുകയായിരുന്നു. ഇതിനിടെ, ഇരുസഭകൾക്കും ആരാധന നടത്താൻ അനുമതി നൽകി സുപ്രീംകോടതി ഇടക്കാല ഉത്തരവുമിട്ടു.