സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്ന ദേശീയ പുരസ്‌കാര ജേതാവ് ഗൗരവ് മേനോന്റെ ആരോപണങ്ങൾ നിഷേധിച്ച് 'കോലുമിട്ടായി'യുടെ നിർമ്മാതാവ് അഭിജിത്ത് അശോകനും സംവിധായകൻ അരുൺ വിശ്വനും രംഗത്ത്. തങ്ങളുടേത് ഒരു ചെറിയ ചിത്രമായിരുന്നെന്നും പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന മുൻധാരണ പ്രകാരമാണ് ഗൗരവിനെ ചിത്രത്തിൽ എടുത്തതെന്നും നിർമ്മാതാവ് അഭിജിത് പറഞ്ഞു. സിനിമയിൽ അഭിനയിച്ച മറ്റു നാല് കുട്ടികളുമായാണ് ഇവർക്കൊപ്പം വാർത്താസമ്മേളനത്തിന് എത്തിയത്. ഗൗരവിന്റെ മാതാപിതാക്കൾ തങ്ങളിൽ നിന്നും സെറ്റിലുള്ള പലരിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും സിനിമയിൽ അഭിനയിപ്പിക്കാമെന്ന പേരിൽ പല കുട്ടികളിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അഭിജിത് ആരോപിച്ചു.

അതേസമയം, കോലുമിട്ടായി അണിയറ പ്രവർത്തകരുടെ ആരോപണങ്ങൾ ഗൗരവിന്റെ മാതാപിതാക്കൾ നിഷേധിച്ചു. തങ്ങളെ നാണംകെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് സംവിധായകനും ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഗൗരവിന്റെ അമ്മ ജയ മേനോൻ പറഞ്ഞു. തങ്ങൾ സിനിമയിൽ അഭിനയിപ്പിക്കാമെന്ന പേരിൽ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അങ്ങനെ വാങ്ങിയെന്ന് പറയുന്ന ഒരാളെയെങ്കിലും ആരോപണം ഉന്നയിച്ചവർ കാണിച്ചുതരണമെന്നും അവർ ആവശ്യപ്പെട്ടു. ഗൗരവും മാതാപിതാക്കളും തലവേദനയാണെങ്കിൽ കഴിഞ്ഞ ദിവസം ചാനലിന്റെ പരിപാടിക്ക് ഇപ്പോൾ കൂടെ വന്നവരെ കൊണ്ടുപോകാതെ ഗൗരവിനെ തന്നെ കൊണ്ടുപോയത് എന്തിനാണെന്നും അവർ ചോദിച്ചു. അതേസമയം, ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്ന് 30,000 രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് ഗൗരവിന്റെ അച്ഛൻ പറഞ്ഞു.

കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകനും നിർമ്മാതാവിനം എതിരെ ഗൗരവ് മേനോനും മാതാപിതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കോലുമിട്ടായിയുടെ അണിയറ പ്രവർത്തകരുടെ വാർത്താ സമ്മേളനം. ഗൗരവ് നല്ല നടനാണെന്നും എന്നാൽ മാതാപിതാക്കളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും അഭിജിത് കൂട്ടിച്ചേർത്തു. സൗഹൃദത്തിന്റെ പേരിലുണ്ടായ സിനിമയാണ് കോലുമിട്ടായി. ഞാൻ വിദ്യാർത്ഥിയായിരുന്ന സമയത്ത് നിർമ്മിച്ച സിനിമയായിരുന്നു അത്. എന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ ചിത്രം ചെയ്തത്. അഞ്ചു ലക്ഷം രൂപ ബജറ്റെന്നു കരുതി ആരംഭിച്ച സിനിമയുടെ സെറ്റിലേക്കുള്ള ഭക്ഷണം പോലും കൊണ്ടുപോയിരുന്നത് തന്റെ വീട്ടിൽ നിന്നായിരുന്നെന്നും നിർമ്മാതാവ് അഭിജിത് വ്യക്തമാക്കി.

അഞ്ചു ലക്ഷം രൂപയാണ് അവരിപ്പോൾ ആവശ്യപ്പെടുന്നത്. ചിത്രത്തിന് ലാഭമുണ്ടായിട്ടില്ലെന്ന് മാത്രമല്ല ലാഭമുണ്ടായാൽ അതിനർഹത നിർമ്മാതാവിന് മാത്രമാണെന്നും കോലുമിട്ടായിയുടെ സംവിധായകൻ അരുൺ വിശ്വൻ പറഞ്ഞു. സിനിമയിൽ അഭിനയിച്ച ആരുമായും ഒരു കരാറും വെച്ചിരുന്നില്ലെന്നും എന്നാൽ തനിക്ക് നേരത്തേ ഗൗരവിന്റെ മാതാപിതാക്കളെ കുറിച്ച് അറിയാമായിരുന്നതിനാൽ കരാർ വെക്കുകയായിരുന്നെന്നും അരുൺ പറഞ്ഞു.