മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടേത് ആലോചിച്ചുറപ്പിച്ചുള്ള കുറ്റകൃത്യം. പെൺകുട്ടിയുടെ നാട്ടുകാരൻ തന്നെയായ സ്‌കൂൾ വിദ്യാർത്ഥിയാണ് പൊലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 15-കാരന്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തന്നെ നായ ഓടിച്ചെന്നും അപ്പോൾ നിലത്തുവീണാണ് മുറിവുണ്ടായതെന്നുമായിരുന്നു പ്രതി ആദ്യം മൊഴി നൽകിയത്. കഴിഞ്ഞദിവസം വീട്ടുകാരോടും ഇതേകാര്യം തന്നെയാണ് 15-കാരൻ പറഞ്ഞത്. എന്നാൽ പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഉച്ചയ്ക്കാണ് കൊട്ടൂക്കര അങ്ങാടിക്ക് സമീപം കോളേജ് വിദ്യാർത്ഥിനിയായ 21-കാരിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. ഷാൾ വലിച്ചുകീറുകയും കൈകൾ കെട്ടിയിടുകയും വായിൽ തുണിതിരുകുകയും ചെയ്തു.

തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 15 വയസ്സുകാരനാണെങ്കിലും പ്രതി നല്ല ആരോഗ്യമുള്ളയാളാണ്. ജില്ലാതല ജൂഡോ ചാമ്പ്യനുമാണ്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. വിദ്യാർത്ഥിനിക്ക് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം. പെൺകുട്ടി പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നു. നടുക്കുന്ന ആ ഓർമകളിൽ നിന്ന് വിദ്യാർത്ഥിനി ഇപ്പോഴും മുക്തമായിട്ടില്ല.

കൊണ്ടോട്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പെൺകുട്ടി പഠിച്ചിരുന്നത്. ക്ലാസിലേയ്ക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു വിദ്യാർത്ഥിനി. ഉച്ചക്ക് ശേഷമാണ് ക്ലാസ്. അങ്ങാടിയിൽ നിന്ന് ബസ് കയറാനായാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നൂറ് മീറ്റർ അകലെയാണ് പെൺകുട്ടിയെ പ്രതി ആക്രമിച്ചത്. വീട്ടിൽ നിന്നിറങ്ങി അൽപം കഴിഞ്ഞയുടൻ തന്നെ പ്രതി പെൺകുട്ടിയെ പിന്തുടർന്നിരുന്നതായി സൂചനയുണ്ട്. വ്യാപകമായി വാഴകൃഷിയുള്ള വയൽ പ്രദേശമാണിത്. ഈ വയലിലേയ്ക്കാണ് 15കാരൻ വിദ്യാർത്ഥിനിയെ വലിച്ചുകൊണ്ടുപോയത്. ഉച്ച സമയമായതിനാൽ കൃഷി ചെയ്യുന്നവരും വഴിയിൽ കാൽനടയാത്രക്കാരും ഇല്ലായിരുന്നു.

വിദ്യാർത്ഥിനിയെ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതോടെയാണ് പ്രാണരക്ഷാർഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറിയത്. ഓടിക്കയറിയ വീട്ടിലുള്ളവരാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. വസ്ത്രത്തിൽ നിറയെ ചളിയായതിനാൽ വസ്ത്രം മാറ്റിയയുടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം നടന്ന പ്രദേശത്തിന് ഏതാനും മീറ്ററുകൾ മാറിയാണ് പ്രതിയുടെ വീട്. സംഭവത്തിന് അൽപസമയം മുമ്പ് പ്രതി പ്രദേശം നിരീക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് ദേശീയപാതക്ക് സമീപമുള്ള സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞത്. നേരത്തെ തന്നെ പ്രതി ഇത് ആസൂത്രണം ചെയ്തിരുന്നെന്നാണ് പൊലീസ് പറയുന്നത്.

പ്രതി പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചിരുന്നു. കല്ല് കൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് പെൺകുട്ടി രക്ഷപ്പെട്ടതെന്നും നല്ലരീതിയിൽ പെൺകുട്ടി ആക്രമണത്തെ ചെറുത്തുനിന്നെന്നും എസ്‌പി. എസ് സുജിത്ത് ദാസ് പറഞ്ഞു. ഇന്റർനെറ്റ് ദുരുപയോഗമാകാം കുറ്റകൃത്യത്തിന് പ്രേരണയായതെന്നും കൃത്യത്തിൽ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ കണ്ടെത്തലെന്നും എസ്‌പി. വ്യക്തമാക്കി. കഴിഞ്ഞ ഒന്നരവർഷമായി ക്ലാസുകൾ ഓൺലൈനിലായതിനാൽ ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിച്ചെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ചെറിയ മതിലിന് മുകളിലൂടെയാണ് പെൺകുട്ടിയെ തോട്ടത്തിലേക്ക് തള്ളിയിട്ടത്. തോട്ടത്തിലൂടെ വലിച്ചിഴച്ചപ്പോൾ പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുഖത്ത് കല്ല് കൊണ്ടിടിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറുകയും കൈകൾ കെട്ടിയിടുകയും വായിൽ തുണിതിരുകുകയും ചെയ്തു. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.