മലപ്പുറം: വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം ഒഴിഞ്ഞു മാറാൻ നോക്കിയ ഭർത്താവിനെ തേടിയെത്തിയ യുവതിക്ക് മർദനം. ബാംഗ്ലൂരിൽ നിന്ന് പ്രവാസിയായ ഭർത്താവിനെ തേടിയെത്തിയ യുവതി കണ്ടത് ഭർത്താവിന്റെ ആദ്യഭാര്യയേയും കുട്ടികളേയും.

ഭർത്താവിനെ കൊണ്ടു പോകുമെന്ന് രണ്ടാം ഭാര്യയും വിട്ടു തരില്ലെന്ന് ആദ്യ ഭാര്യയും വാശിപിടിച്ചതോടെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റു മുട്ടി. സംഭവത്തിൽ ബാംഗ്ലൂരിൽ നിന്നെത്തിയ യുവതിയും ബന്ധുക്കളും പരാതി നൽകിയതനുസരിച്ച് ഭർത്താവിന്റെ വീട്ടുകാർക്കെതിരെയും, തിരിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ യുവതിക്കെതിരെയും കരിപ്പൂർ പൊലീസ് കേസെടുത്തു. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

38 വസയുകാരനായ കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി അമീനെ തേടിയാണ് ബാംഗ്ലൂരിൽ നിന്നും രണ്ടാം ഭാര്യയും വീട്ടുകാരും എത്തിയത്. രണ്ടാം ഭാര്യയുടെ മാതാവ്, മാതാവിന്റെ സഹോദരി എന്നിവരും യുവതിക്കൊപ്പമുണ്ടായിരുന്നു. അമീൻ തന്നെ ഒന്നര വർഷം മുമ്പ് വിവാഹം കഴിച്ചുവെന്നും അമീനെ കൊണ്ടു പോകാനാണ് തിരഞ്ഞെത്തിയതെന്നും ഇവർ പറഞ്ഞു. ഇതോടെ അമീന്റെ വീട്ടുകാർ എതിർത്തു. തുടർന്ന് രണ്ടാം ഭാര്യയും കൂടെയുള്ളവരും വീട്ടിനകത്തേക്ക് കടന്നു.

ഈ സമയം വീട്ടുകാർ അമീനെ മുറിയിൽ ഒളിപ്പിച്ചിരുത്തുകയും അമീന്റെ ജേഷ്ഠ സഹോദരൻ, ഭാര്യ, മാതാവ് എന്നിവർ വീട്ടിലെത്തിയവരെ പ്രതിരോധിക്കുകയും ചെയ്തു. ഇത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. യുവതിയെ മർദിച്ചുവെന്ന പരാതിയെ തുടർന്ന് ഈ മൂന്ന് പേർക്കെതിരെയും കണ്ടാലറിയുന്ന അമീന്റെ ബന്ധുവായ മറ്റൊരാൾക്കെതിരെയും കേസെടുത്തു. ബാംഗ്ലൂരിൽ നിന്നെത്തിയവർ മർദിച്ചതായും വീട്ടിൽ അതിക്രമിച്ചു കയറിയതായും കാണിച്ച് അമീന്റെ ഭാര്യയും മാതാവും പൊലീസിൽ പരാതി നൽകി. ഇരു പരാതികളിലും കേസെടുത്തതായി കരിപ്പൂർ എസ്.ഐ ഹരികൃഷ്ണൻ പറഞ്ഞു.

പ്രവാസിയായ അമീൻ കഴിഞ്ഞാഴ്ചയാണ് ഗൾഫിൽ നിന്നെത്തിയത്. അടുത്ത ദിവസം തന്നെ ബാംഗ്ലൂരിൽ രണ്ടാം ഭാര്യയെ കാണാൻ പോയിരുന്നു. ഇവിടെ വെച്ച് ഭർത്താവ് ഒഴിഞ്ഞുമാറികൊണ്ടുള്ള സംസാരം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇരുവരും വഴക്കിലേർപ്പെടുകയും ചെയ്തു. തന്നെ ഉപേക്ഷിക്കാനുള്ള ഭർത്താവിന്റെ ശ്രമം തിരിച്ചറിഞ്ഞതോടെയാണ് യുവതി ബാംഗ്ലൂരിൽ നിന്നും കൊണ്ടോട്ടി കൊട്ടപ്പുറത്തെത്തിയത്. വർഷങ്ങൾക്ക് മുമ്പ് അമീൻ ഒരു വിവാഹം കഴിച്ചതായും അതിൽ നാല് കുട്ടികളുണ്ട് എന്നതും യുവതി ഇവിടെയെത്തിയപ്പോഴാണ് അറിയുന്നത്.

യുവതി ഭർത്താവിന്റെ രണ്ടാം ഭാര്യയല്ലെന്നാണ് ആദ്യഭാര്യയും വീട്ടുകാരും വിശ്വസിക്കുന്നത്. അതേസമയം അമീനുമായി വിവാഹിതയായതിന്റെ രേഖകൾ ഇവർ പൊലീസിൽ കാണിച്ചിട്ടുണ്ട്. തന്റെ ഭർത്താവിനെ വേണമെന്നും തനിക്ക് നീതി ലഭിക്കണമെന്നുമാണ് രണ്ടാം ഭാര്യയായ ബ്ലാംഗ്ലൂർ സ്വദേശിനിയായ യുവതിയുടെ ആവശ്യം. അമീനെതിരെ നിലവിൽ കേസില്ല. യുവതിക്കെതിരെയുണ്ടായ മർദനത്തിൽ മാത്രമാണ് കേസെടുത്തിട്ടുള്ളത്. യുവതിയും കൂടെയുള്ളവരും കൊണ്ടോട്ടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണിപ്പോൾ.