കോന്നി: കോന്നി പിടിക്കാൻ മഞ്ചേശ്വരത്ത് നിന്ന് രണ്ട് ദിവസത്തിലൊരിക്കൽ പറന്നിറങ്ങുന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. മണ്ഡലം നിലനിർത്താൻ ജിനേഷ് കുമാർ. അടൂർ പ്രകാശിന്റെ കോട്ട പിടിച്ചെടുക്കാൻ രണ്ടും കൽപ്പിച്ച് അതിവശ്വസ്തനായ റോബിൻ പീറ്ററും. ബിജെപിക്കും സിപിഎമ്മിനും പിന്നെ കോൺഗ്രസിനും നിർണ്ണായകമാണ് കോന്നി. വോട്ടുകൾ ഇവിടെ എങ്ങോട്ടും മറിയും. അടിയൊഴുക്കുളാണ് നിർണ്ണായകം. അതുകൊണ്ട് കോന്നിയിലെ 'വിശ്വാസം' ആർക്കൊപ്പമെന്ന് ആർക്കും അറിയില്ല. ശബരിമലയോട് ചേർന്ന് കിടക്കുന്ന നിയമസഭാ മണ്ഡലമാണ് കോന്നി. 

ശക്തമായ മത്സരം നടക്കുന്ന കോന്നിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സര രംഗത്തിറങ്ങിയതോടെ ഇടത് പാളയം പ്രതീക്ഷയിലാണ്. കോന്നി മണ്ഡലത്തിൽ എക്കാലവും ഇടത് പക്ഷത്തിന് ലഭിച്ചുകൊണ്ടിരുന്ന അമ്പതിനായിരത്തിൽപ്പരം വോട്ടുകൾക്ക് വിള്ളൽ ഉണ്ടായിട്ടില്ല എന്നത് ഇടത് മുന്നണിക്ക് ആശ്വാസമാകുന്നുണ്ട്. കോന്നിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കോൺഗ്രസ് വോട്ടിൽ വിള്ളൽ വീഴ്‌ത്തിയാണ് മണ്ഡലത്തിൽ ബിജെപിയുടെ വളർച്ചയെന്ന് വ്യക്തമാണെന്ന് സിപിഎം പറയുന്നു.

അതിനാൽ തന്നെ സുരേന്ദ്രന്റ വരവിൽ ഏറെ പ്രതീക്ഷയാണ് ഇടതുപാളയത്തിനുള്ളത്. 2011 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് സ്ഥാനാർത്ഥിയായിരിക്കെ 65724 വോട്ട് യുഡിഎഫ് നേടിയപ്പോൾ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി എം.എസ് രാജേന്ദ്രൻ 57950 വോട്ടുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ 2011 ൽ അന്നത്തെ എൻഡിഎ സ്ഥാനാർത്ഥി നേടിയതാകട്ടെ വെറും 5994 വോട്ട് . പിന്നീട് 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുള്ള അടൂർ പ്രകാശ് വോട്ട് ശതമാനം ഉയർത്തിയപ്പോൾ 52052 വോട്ടുകൾ ഇടതുപക്ഷത്തിന് ഉറപ്പിക്കാൻ കഴിഞ്ഞു.

അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സനൽകുമാർ മണ്ഡലത്തിന് പുറത്തു നിന്നുള്ള വ്യക്തിയായിട്ടു പോലും മണ്ഡലത്തിൽ ഇടതിന്റെ ഉറച്ച വോട്ടുകൾ സമാഹരിക്കാൻ സനൽ കുമാറിന് കഴിഞ്ഞിരുന്നു. അമ്പതിനായിരത്തിൽപ്പരം വരുന്ന ഈ ഉറച്ച വോട്ടുകളിലാണ് എൽഡിഎഫിന്റ പ്രതീക്ഷ. തുടർന്ന് 201ഹ9 ൽ ശബരിമല വിഷയം കത്തി നിൽക്കുമ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലും മുന്നണിയുടെ ഉറച്ച വോട്ടിൽ വിള്ളൽ വീഴ്‌ത്താൻ ബിജെപിക്കും യുഡിഎഫിനും കഴിഞ്ഞിരുന്നില്ല. ഉപതിരഞ്ഞെടുപ്പിൽ 54099 വോട്ട് നേടിയാണ് കോന്നിയിൽ ജനീഷ് കുമാർ ചെങ്കൊടി പാറിച്ചത്.

കോന്നിയുടെ ചരിത്രം തിരുത്തിക്കുറിച്ച ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുൻവർഷത്തെ അപേക്ഷിച്ച് 2047 വോട്ട് കൂടുതൽ ലഭിച്ചപ്പോൾ കോൺഗ്രസിനകട്ടെ വോട്ട് ഗണ്യമായി കുറയുകയായിരുന്നു.2 8654 വോട്ടിന്റെ കുറവ് യുഡിഎഫിനുണ്ടായപ്പോൾ നേട്ടം കൊയ്തത് ബിജെപിയായിരുന്നു. മുൻകാലത്തെ അപേക്ഷിച്ച് സുരേന്ദ്രൻ കോന്നിയിൽ 23073 വോട്ട് കൂടുതൽ നേടി. അക്ഷരാർത്ഥത്തിൽ കോൺഗ്രസിന്റെ വോട്ടിൽ വിള്ളൽ വീഴ്‌ത്തിയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്തത്.

അന്നത്തെ സ്ഥാനാർത്ഥി മോഹൻരാജിനെ പരാജയപ്പെടുത്താൻ അടൂർ പ്രകാശ് പക്ഷക്കാർ വോട്ട് മറിച്ചതാണെന്ന ആരോപണം മുൻ ഡിസിസി പ്രസിഡന്റുകൂടിയ മോഹൻ രാജ് തുറന്നടിച്ചതാണ്. എന്നാൽ ഇത്തവണ മത്സരത്തിന് എത്തുന്നത് അടൂർ പ്രകാശിന്റെ വിശ്വസ്തനായ റോബിൻ പീറ്ററാണ്. എന്നാലും അടൂർ പ്രകാശ് സ്ഥാനാർത്ഥിയായി നിന്നപ്പോൾ ഇളകാത്ത ഇടതു പക്ഷത്തിന്റെ അമ്പതിനായിരത്തിൽപ്പരം വോട്ടുകളാണ് കോന്നി മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ഒന്നര വർഷക്കാലത്തെ എംഎൽഎ എന്ന നിലയിൽ ജനീഷ് കുമാർ നടത്തിയ പ്രവർത്തനത്തിലൂടെ വ്യക്തിപരമായി ലഭിക്കുന്ന വോട്ട് കൂടി സമാഹരിച്ചാൽ ഇടതുപക്ഷത്തിന് നേട്ടം കൊയ്യാം.

ബഹുഭൂരിപക്ഷം വരുന്ന ഈഴവ - നായർ സമുദായത്തിന്റെ നിലപാടാകും നിർണ്ണായകം. ഇത് അനുകൂലമാക്കാൻ ബിജെപി രണ്ടും കൽപ്പിച്ച് ശ്രമിക്കും. ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് നിർദ്ദേശിച്ച മോഹൻരാജിനെ പരാജയപ്പെടുത്തിയതോടെ കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന സമുദായം ആരെ പിന്തുണയ്ക്കുമെന്നതും ശ്രദ്ധേയമാണ്. ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ ഇത്തവണ ഈഴവ സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചെങ്കിലും ക്രൈസ്തവനായ റോബിൻ പീറ്റർ ക്ക് വേണ്ടി ഈഴവ സമുദായത്തെയും തഴയുകയായിരുന്നു.

ഇതോടെ മണ്ഡലത്തിൽ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന സമുദായങ്ങളും ബിജെപിക്ക് അനുകുല നിലപാട് സ്വീകരിച്ചാൽ വോട്ട് ചോർച്ച സംഭവിക്കുക കോൺഗ്രസിനാകുമെന്നും വിലയിരുത്തലുണ്ട്. ക്രൈസ്തവ സ്ഥാനാർത്ഥി എന്ന നിലയിൽ റോബിൻ പീറ്ററിനെ മുൻനിർത്തിയുള്ള യുഡിഎഫ് നീക്കം യാക്കോബായ വോട്ടുകൾ നഷ്ടപ്പെടാനും പ്രധാന കാരണമാകും. ഈ രണ്ട് വോട്ടുകളും ബിജെപി ലക്ഷ്യമിടുന്നു. യാക്കോബായ വോട്ടുകൾ മുമ്പ് ബിജെപിക്ക് കിട്ടാറില്ലായിരുന്നു. അതുകൊണ്ട് തന്നെ ശബരിമലയിലെ ചർച്ചയിൽ എത്തുന്ന ഹൈന്ദവ വോട്ടുകൾക്കൊപ്പം ബോണസായി യാക്കോബയ വോട്ടുകളും.

ഇത് മനസ്സിൽ വച്ചാണ് മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും ബിജെപി മത്സരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസമാണ് ജനീഷ് കുമാറിന്റെ കൈമുതൽ. അടൂർ പ്രകാശിലൂടെ മണ്ഡലത്തിലെ വോട്ട് പിടിക്കാൻ റോബിൻ പീറ്ററും. എല്ലാ അർത്ഥത്തിലും ശബരിമലിയിലെ വിശ്വാസി ചർച്ചകൾ കോന്നിയിലും പ്രധാന പ്രചാരണായുധമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇതെല്ലാം അടിയൊഴുക്കായി മാറുമ്പോൾ ആർക്കും ജയിക്കാവുന്ന മണ്ഡലമായി കോന്നി മാറുകയാണ്.