കോന്നി: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് നീങ്ങുമ്പോൾ കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററിന് വൻ തിരിച്ചടി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. അലക്സാണ്ടർ മാത്യു കോൺഗ്രസിൽ നിന്ന് രാജിവെച്ചു സിപിഎമ്മിൽ ചേർന്നു. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കോൺഗ്രസിന്റെ പ്രമുഖ ഭാരവാഹി പാർട്ടി വിട്ടത് സംസ്ഥാന നേതൃത്വത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

മോഹൻരാജിനെ തോൽപ്പിക്കാൻ നേതൃത്വം നൽകിയ ആളെ കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. കാലങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ അലക്സാണ്ടർ മാത്യുവിനെ സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഷാൾ അണിയിച്ച് സ്വീകരിച്ചു. നേതൃത്വത്തിന്റെ നിലപാടിൽ അമർഷമുള്ള നേതാക്കളും നൂറോളം പ്രവർത്തകരും വരുംദിവസങ്ങളിൽ കോൺഗ്രസിൽ നിന്നും പുറത്തുവരുമെന്ന് അലക്സാണ്ടർ പറഞ്ഞു.

പലരും റോബിൻ പീറ്ററിന് വേണ്ടി പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന മനസില്ലാമനസോടെയാണ്.എന്നാൽ ഈ സ്ഥിതി തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് പലരും. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വിമതപ്രവർത്തനം നടത്തിയയാളെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം കോന്നിയിൽ കോൺഗ്രസിന്റെ അടിത്തറയിളകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ കഴിയാത്തയാളെ കെട്ടിയിറക്കുന്നത് കോൺഗ്രസിനെ കൂടുതൽ പരാജയത്തിലേക്ക് തള്ളിവിടും.പ്രവർത്തകരുടെ വികാരം പലവട്ടം നേതൃത്വത്തെ അറിയിച്ചിട്ടും ഗൗനിക്കാതിരുന്നതും പ്രവർത്തകർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

1989 ൽ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ പത്തനംതിട്ട കതോലിക്ക കോളജിൽ മാഗസിൻ എഡിറ്ററായി പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് കിഴവൊള്ളൂർ സ്വദേശിയായ അഡ്വ. അലക്സാണ്ടർ മാത്യു.ഇഴവൊള്ളൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന അലക്സാണ്ടർ മാത്യു നിലവിൽ ലോയേഴ്സ് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി കൂടിയാണ്. സ്വീകരണയോഗത്തിൽ സിപിഐഎം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ തുടങ്ങിയവർ പങ്കെടുത്തു.