കോന്നി: പോളിങ് ബൂത്തിലേക്ക് പോകുവാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കോന്നിയിൽ കോൺഗ്രസിൽ കൂട്ടരാജി. ഐൻഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ബാബു പങ്ങാട്ടിന്റെ നേതൃത്വത്തിൽ 70 ലധികം കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു.

കോന്നി പഞ്ചായത്തിലെ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ കൊന്നപ്പാറയിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ട് പ്രവർത്തകർ പാർട്ടി വിട്ടത്.പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് എത്തിയവരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സ്വീകരിച്ചു. നേതാക്കളായ എംസ് ഗോപിനാഥൻ,കെകെ വിജയൻ എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.

യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ചായിരുന്നു നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടരാജി.കോന്നിഗ്രാമപഞ്ചായത്ത് മുൻ വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മൂന്ന് തവണ ഗ്രാമപഞ്ചായത്തംഗവുമായ റോജി ബേബിയും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. പി മോഹൻരാജ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തോൽപ്പിക്കാൻ കൂട്ടുനിന്നയാളെ സ്ഥാനാർത്ഥിയാക്കിയതിലുള്ള പ്രതിഷേധം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തുടരുകയാണ്.

സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് നേരത്തെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, അരുവാപ്പുലം മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ്ആന്റണി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി പികെ പീതാംബരൻ തുടങ്ങിയവരും പാർട്ടിവിട്ട് സിപിഎമ്മിനൊപ്പം ചേർന്നിരുന്നു. മൈലപ്ര മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, കോൺഗ്രസ് പ്രവർത്തകനായ ജോൺ റ്റി സാമുവൽ,ഏനാദിമംഗലം പുതുവലിലെ യൂത്ത്കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ആശിഷ് ഡാനിയേൽ തുടങ്ങി നിരവധിപ്പേർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് പിന്തുണയുമായി സ്വീകരണയോഗങ്ങിൽ എത്തിയിരുന്നു.