പത്തനംതിട്ട: ആറന്മുളയിലെ ഗ്രീൻഫീൽഡ് എയർപോർട്ടും അതു സംബന്ധിച്ച വിവാദങ്ങളും കെട്ടടങ്ങി കഴിഞ്ഞു. ശബരിമല വിമാനത്താവളം സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ കോന്നി വിമാനത്താവളം ലക്ഷ്യമിട്ട് അടൂർ പ്രകാശ് എംഎൽഎ രംഗത്ത്. ശബരിമല വിമാനത്താവളം എരുമേലിയിൽ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. കോടതിയിൽ ബിലിവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട കേസുണ്ട്. ഈ കേസ് തീർന്നാലുടൻ തന്നെ പദ്ധതി പ്രഖ്യാപിക്കും. ഇതിനിടെയാണ് അടൂർ പ്രകാശിന്റെ നീക്കം.

ഇത്രയും കാലം മിണ്ടാതിരുന്ന്, രഹസ്യമായി സർവേ നടത്തി പദ്ധതി റിപ്പോർട്ടും തയാറാക്കിയ ശേഷം ഇന്നലെയാണ് എംഎൽഎ വെടിപൊട്ടിച്ചത്. പ്രൊജക്ട് റിപ്പോർട്ട് എംഎൽഎ സർക്കാരിന് കൈമാറിക്കഴിഞ്ഞു. സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന യൂണിഫൈഡ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് എന്ന കമ്പനിയാണ് പദ്ധതി സമർപ്പിച്ചത്. കോന്നി മേഖലയിലെ റിയൽ എസ്‌റ്റേറ്റ് കച്ചവടം പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്നാണ് സംശയം. എരുമേലിയിൽ വിമാനത്താവളം വരുമെന്നതിനാൽ മറ്റൊന്നിന് പത്തനംതിട്ട ജില്ലയിൽ സാധ്യത തീരെ കുറവാണ്.

ആറന്മുളയ്ക്ക് പകരമായി സർക്കാർ വാഗ്ദാനം ചെയ്ത വിമാനത്താവള പദ്ധതി ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്നാണ് അടൂർ പ്രകാശ് എംഎൽഎയുടെ അഭിപ്രായം. നിർഭാഗ്യവശാൽ പത്തനംതിട്ടയിൽ താനൊഴികെയുള്ള നാല് എംഎൽഎമാരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. കുമ്പഴ, കല്ലേലി എസ്റ്റേറ്റുകളിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രോജക്ടുകൾ സ്ഥലം എംഎൽഎ എന്ന നിലയിൽ തന്റെ ശിപാർശയോടെയാണ് സമർപ്പിക്കപ്പെട്ടതെന്നും അടുർ പ്രകാശ് പറഞ്ഞു.

ഈ ഭൂമി ഹാരിസൺസ് മലയാളം അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. രാജമാണിക്യം കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കാൻ മുൻ യുഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിയാൽ മാതൃകയിൽ പ്രവാസികൾക്കും നാട്ടുകാർക്കും ഒരു പോലെ പ്രാതിനിധ്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് സമർപ്പിക്കപ്പെട്ടതെന്ന് യൂണിഫൈഡ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് ചെയർമാൻ ജേക്കബ് ചെറുവള്ളിൽ പറഞ്ഞു.

800 മുതൽ 900 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് സമർപ്പിക്കപ്പെട്ടത്. ഗവൺമെന്റിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച അയ്യപ്പ വിമാനത്താവള പദ്ധതി ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. ഇത് പല ചർച്ചകൾക്കും വഴി വച്ചു. ഇതിനിടെയാണ് അടൂർ പ്രകാശിന്റെ പുതിയ നീക്കം.