പത്തനംതിട്ട: കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് സെപ്റ്റംബർ 14 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും.ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാർ എംഎ‍ൽഎ.യും, ജില്ലാ കളക്ടർ പി.ബി. നൂഹും അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ ചടങ്ങിൽ അദ്ധ്യക്ഷയാകും. മന്ത്രിമാർ, എംപി., എംഎ‍ൽഎ.മാർ അടക്കമുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ഒ.പി. വിഭാഗവും ഇതോടൊപ്പം പ്രവർത്തനവും ആരംഭിക്കും. മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതോടെ മലയോര നാടിന്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടത്തുക. കോവിഡ് പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം അൻപതിൽ താഴെയായിരിക്കും. പ്രത്യേക ക്ഷണിതാക്കളും, മാധ്യമ പ്രവർത്തകരും മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക.

നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടം, അക്കാദമിക്ക് ബ്ലോക്ക് എന്നിവയാണ് മുഖ്യമന്ത്രി നാടിനു സമർപ്പിക്കുന്നത്. 32,900 സ്‌ക്വയർ മീറ്റർ വിസ്തീർണമുള്ള ആശുപത്രി കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. കാഷ്വാലിറ്റി, ഒ.പി.വിഭാഗം, ഐ.പി.വിഭാഗം, അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം, ഓപ്പറേഷൻ തീയറ്ററുകൾ, കാന്റീൻ ഉൾപ്പെടെ വിപുലമായ വിഭാഗങ്ങളാണ് ആശുപത്രി കെട്ടിടത്തിലുള്ളത്. നാലുനിലകളായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ 10 വാർഡുകളിലായി 30 കിടക്കൾ വീതം ആകെ 300 കിടക്കകളാണുള്ളത്.

അക്കാദമിക്ക് ബ്ലോക്കിന് നാല് നിലകളിലായി 16,300 സ്‌ക്വയർ മീറ്റർ വിസ്തീർണ മാണുള്ളത്. വിവിധ ഡിപ്പാർട്ട്‌മെന്റുകൾ, ക്ലാസ് മുറികൾ, ലാബ് ഉൾപ്പെടെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഇതിൽ ഒരുക്കുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടവും, അക്കാദമിക്ക് ബ്ലോക്കും ഉൾപ്പെടെ 49,200 സ്‌ക്വയർ മീറ്റർ വിസ്തീർണ്ണത്തിലുള്ള രണ്ട് കെട്ടിടങ്ങളാണ് പൂർത്തിയായിട്ടുള്ളത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് റവന്യൂ വകുപ്പിൽ നിന്നും കൈമാറി നൽകിയ 50 ഏക്കർ ഭൂമിയിലാണ് മെഡിക്കൽ കോളേജ് നിർമ്മിച്ചിട്ടുള്ളത്.

പ്രൊജക്ട് മാനേജ്‌മെന്റ് കൺസൽട്ടന്റായി പ്രവർത്തിക്കുന്നത് ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് ആണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഗാർജ്ജുന കൺസ്ട്രങ്ക്ഷൻ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്ത് നടത്തിയത്. 130 കോടിക്കാണ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയത്.

2012 മാർച്ച് 24 ന് ആണ് കോന്നിയിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ സർക്കാർ ഉത്തരവുണ്ടാകുന്നത്. തുടർന്ന് ഉണ്ടായ ഉടമ്പടി പ്രകാരം 2013 ഡിസംബർ 23 ന് നിർമ്മാണം ആരംഭിച്ച് 2015 ജൂൺ 22 ന് നിർമ്മാണം പൂർത്തീകരിക്കേണ്ടിയിരുന്നു. 18 മാസമായിരുന്നു നിർമ്മാണ കാലാവധി. എന്നാൽ വിവിധ കാരണങ്ങളാൽ 2014 മെയ് 15-ാം തീതി മാത്രമാണ് മെഡിക്കൽ കോളേജ് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത്. തുടർന്നും ഫണ്ട് ലഭ്യമാകാതിരുന്നതിനാൽ നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടായി. 2016 മുതലാണ് നിർമ്മാണ കമ്പനിയുടെ കുടിശ്ശിഖ തീർത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് വേഗത്തിലാക്കിയത്.

ജില്ലയിലെ ആദ്യ ഗവൺമെന്റ് മെഡിക്കൽ കോളേജാണിത് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള അനുവാദത്തിനായി മെഡിക്കൽ കൗൺസലിന് ഉടൻതന്നെ അപേക്ഷ നൽകും. ഐ.പി. വിഭാഗവും ഈ വർഷംതന്നെ ആരംഭിക്കും. മെഡിക്കൽ കോളേജിനോടുചേർന്നുള്ള ഒന്നര കിലോമീറ്റർ റോഡ് നാല് വരിപാതയായി നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. കോന്നിയിൽ നിന്നും, പയ്യനാമണ്ണിൽ നിന്നുമുള്ള പ്രധാന റോഡുകൾ മെഡിക്കൽ കോളേജ് റോഡായി വികസിപ്പിക്കും.

പ്രതിദിനം അൻപത് ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ കഴിയുന്ന മെഡിക്കൽ കോളേജ് ശുദ്ധല വിതരണ പദ്ധതിയുടെ നിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്. 13.98 കോടി രൂപയുടെ നബാർഡ് സഹായത്തോടെ മെഡിക്കൽ കോളേജിനോടു ചേർന്ന ഒരേക്കർ സ്ഥലത്താണ് ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കിയത്. അരുവാപ്പുലം പഞ്ചായത്തിലെ 1,2,14,15 വാർഡുകളിലും ഈ പദ്ധതിയിൽ നിന്ന് ജലം ലഭ്യമാക്കും.

എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത്. ഒ.പി.യിൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി എംഎ‍ൽഎ. ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഇതിനോടകം നൽകികഴിഞ്ഞു. പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും മെഡിക്കൽ കോളേജിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

നിർമ്മാണം പൂർത്തീകരിച്ച ഡീസൽ ജനറേറ്റർ സെറ്റിന്റെ കമ്മീഷനിങ് സെപ്റ്റംബർ 7 ന് നടക്കും. മെഡിക്കൽ കോളേജിലെ സി.സി.റ്റി.വി. സംവിധാനത്തിന്റെ കമ്മീഷനിങ് സെപ്റ്റംബർ 9 നും മൂന്ന്, നാല് ലിഫ്റ്റുകളുടെ കമ്മീഷനിങ് സെപ്റ്റംബർ 11 നും നടക്കും.