ന്യൂഡൽഹി: ട്വിറ്ററിന് ബദലായി എത്തിയ കൂ ആപ്പിന് മികച്ച പ്രതികരണം. മറ്റു ആപ്പുകളിൽ നിന്നും വിഭിന്നമായി മാതൃഭാഷയിലൂടെയും ഇതിൽ കാര്യങ്ങൾ അവതരിപ്പിക്കാമെന്നതാണ് കൂ വിനെ ഉപയോക്താക്കളുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.'ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് കൂ ആപ്പ് കൂടുതൽ പ്രസക്തമായത്. ഉപഭോക്താക്കൾ തങ്ങളുടെ വികാരങ്ങൾ കൂ ആപ്പിലൂടെ മാതൃഭാഷയിലും അവതരിപ്പിക്കാമെന്ന് തിരിച്ചറിയുകയായിരുന്നു.

കൂ ആപ്പ് അവതരിപ്പിച്ച് 16 മാസം പിന്നിടുമ്പോൾ ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയായി.ഉപയോക്താക്കളിൽ 85 ശതമാനം പേരും കഴിഞ്ഞ ഫെബ്രുവരിയിലാണ് കൂ ആപ്പിൽ ചേർന്നത്.

ഒരു വർഷം കൊണ്ട് 10 കോടി ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി ആപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ പറഞ്ഞു.ട്വിറ്ററിന്റെ നടപടികൾക്കെതിരേ നിരവധി തവണ കേന്ദ്രം രംഗത്തുവന്നിരുന്നു. ഐ.ടി.നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ മാസം ആദ്യം ഇന്ത്യയുടെ പുതിയ ഐ.ടി നയങ്ങൾ പൂർണമായും പാലിക്കാമെന്ന് ട്വിറ്റർ വ്യക്തമാക്കി.

ദക്ഷിണേഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഈസ്റ്റേൺ യൂറോപ്പ് എന്നിങ്ങനെ ഇംഗ്ലീഷ് പ്രാധാന്യമില്ലാത്ത രാജ്യങ്ങളിലേക്ക് കൂ ആപ്പ് വ്യാപിപ്പിക്കാനായി കമ്പനി പദ്ധതിയിടുന്നുണ്ട്.