- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടത്തായി കൊലപാതക പരമ്പര: ജോളിയടക്കം നാല് പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ഉത്തരവ്; ജൂലൈ 16 ന് ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; കേസിൽ ജോളിയുടെ മകനും രണ്ടാം ഭർത്താവ് ഷാജുവടക്കം 129 പേർ സാക്ഷികൾ
തിരുവനന്തപുരം: സംസ്ഥാനം നടുങ്ങിയ കോഴിക്കോട് വടകര പൊന്നാമറ്റം കൂടത്തായി സയനൈഡ് കൊലപാതക പരമ്പര , സ്വത്ത് തട്ടിയെടുക്കൽ കേസിൽ വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതികളായ ജോളിയെന്ന ജോളിയമ്മ ജോസഫടക്കം 4 പ്രതികളെ ജൂലൈ 16 ന് ഹാജരാക്കാൻ കോഴിക്കോട് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ആദ്യ ഭർത്താവടക്കം കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറു പേരെ ഡോഗ്കിൽ വിഷം , സയനൈഡ് എന്നിവ നൽകി നിഷ്ക്കരുണം കൊലപ്പെടുത്തിയ സീരിയൽ കൊലപാതകക്കേസുകളിൽ ഒന്നു മുതൽ 4 വരെ പ്രതികളായ ജോളിയെന്ന ജോളിയമ്മ ജോസഫ് (47) , ജോളിക്ക് സയനൈഡ് നൽകി കൃത്യത്തിന് ഉത്സാഹികളും സഹായികളായും പ്രവർത്തിച്ച ജുവല്ലറി ജീവനക്കാരനും ജോളിയുടെ ഭർത്താവ് റോയി തോമസിന്റെ അമ്മാവന്റെ മകനുമായ കക്കാവയൽ മഞ്ചാടി വീട്ടിൽ എം. എസ്. മാത്യുവെന്ന ഷാജി (44) , ജുവലറി ജീവനക്കാരനായ താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ (48) , വ്യജ വിൽപത്രം ചമച്ച് ആദ്യ ഭർതൃ പിതാവിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടു നിന്ന മനോജ് കുമാർ എന്നിവരെയാണ് ഹാജരാക്കേണ്ടത്.
വിചാരണ തടവുകാരായി കോഴിക്കോട് ജില്ലാ ജയിലിൽ പാർപ്പിച്ചിട്ടുള്ള ജോളിയെയും മാത്യുവിനെയും ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു. ജാമ്യത്തിൽ കഴിയുന്ന മറ്റു രണ്ടു പ്രതികളും 16 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. ജോളിക്ക് വിചാരണ കോടതി നൽകിയ സ്വാഭാവിക ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. കേട്ടുകേൾവിയില്ലാത്ത കൃത്യം ചെയ്തതായി ആരോപണമുള്ള കൊടും ക്രിമിനലുകളായ ജോളിയെയും മാത്യുവിനെയും അഴിക്കുള്ളിലിട്ട് വിചാരണ ചെയ്യാനും വിചാരണ തീരും വരെ പുറം ലോകം കാണണ്ടന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ജോളിയുടെ മകൻ റെമോ , ആദ്യ ഭർതൃമാതാവ് അന്നമ്മയുടെയുടെയും രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും സ്വർണ്ണാഭരണങ്ങൾ പണയം വെക്കാൻ ജോളിയെ സഹായിച്ച സുഹൃത്ത് ബിഎസ്എൻഎൽ എഞ്ചിനീയർ ജോൺസൺ , രണ്ടാം ഭർത്താവ് ഷാജു എന്നിവരടക്കം 129 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. 2020 ജൂലൈ 17 നാണ് താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 6 കൊലക്കേസുകളും വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചത്.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൂടത്തായി കൊലപാതക പരമ്പര രഹസ്യമായി അരങ്ങേറിയത്. 2002 സെപ്റ്റംബർ 22 ന് ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മാതാവ് റിട്ടയേഡ് അദ്ധ്യാപിക അന്നമ്മയെ ഡോഗ്കിൽ വിഷം ആട്ടിൻ സൂപ്പിൽ കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. മരണകാരണം ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിക്കാത്തതിനാൽ അന്നമ്മയുടെ ഭർത്താവ് വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ടോം തോമസ് ആശുപത്രിക്കെതിരെ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല.
2008 സെപ്റ്റംബർ 26 ന് ഭർതൃപിതാവ് ടോം തോമസിനെ ഭക്ഷണത്തിൽ പലപ്പോഴായി സയനൈഡ് നൽകി കൊലപ്പെടുത്തി. വസ്തു വിറ്റതിൽ ഒരു തുക ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ വിഹിതമായി നൽകി. ഇനി ഒരു സ്വത്തും നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ബന്ധം വഷളായതിന്റെ ബാക്കിപത്രമായിരുന്നു സമാനതകളില്ലാത്ത കൊലപാതകം.
2011 ഒക്ടോബർ 30 നാണ് ആദ്യ ഭർത്താവ് റോയി തോമസിനെ ചോറിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയത്. ഭർതൃപിതാവ് ടോമിന്റെ മരണത്തെ തുടർന്ന് ജോളിയും അമിത മദ്യപാനിയായ റോയിയും തമ്മിലുള്ള ബന്ധം വഷളായി രൂക്ഷമായതാണ് കൊലയ്ക്ക് പ്രേരകമായത്. സുഖമായി ജീവിക്കാനുള്ള ജോളിയുടെ മോഹം , പരപുരുഷ ബന്ധം എതിർത്തത് , റോയിയുടെ അന്ധവിശ്വാസം , സ്വത്ത് തട്ടിയെടുക്കൽ , ഷാജുവിനൊപ്പം ജീവിക്കൽ എന്നിവയും കൊലയ്ക്കുള്ള കാരണമായി.
ഭർത്താവിന് വേണ്ടി അടുക്കളയിൽ ഭക്ഷണം പാകം ചെയ്യവേ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് പുറം ലോകത്തെ ജോളി പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദഹിക്കാത്ത ചോറും കടലയും വയറ്റിലുണ്ടെന്ന് കണ്ടെത്തി. ഈ ഭക്ഷണത്തിൽ കലർത്തി നൽകിയ സയനൈഡാണ് റോയിയുടെ ജീവനെടുത്തത്. റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ശക്തമായി വാദിച്ചതിനാണ് 2014 ഏപ്രിൽ 24 ന് ഭർതൃ മാതാവിന്റെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിനെ ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തിയത്.
രണ്ടാം ഭർത്താവ് ഷാജുവിനെ സ്വന്തമാക്കാൻ 2014 മെയ് 3 നാണ് ഭർതൃപിതാവ് ടോം തോമസിന്റെ സഹോദരന്റെ മകനായ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ അൽ ഫൈൻ എന്ന ബാലികയെ കൊലപ്പെടുത്തിയത്. ആൽഫൈന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയാണ് മരിച്ചതെന്ന് ജോളി എല്ലാവരോടും പറഞ്ഞു. അതേ സമയം എല്ലാവരും മരണസമയത്ത് കാണിച്ച ലക്ഷണങ്ങൾ സയനൈഡ് കഴിച്ചതിന് സമാനമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഷാജുവിനെ സ്വന്തമാക്കാൻ ആദ്യം മകളെയും പിന്നീട് ഷാജുവിന്റെ ഭാര്യ സിലിയെയും കൊലപ്പെടുത്തി.
2016 ജനുവരി 11നാണ് രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയത്. ഷാജുവിനെ ഭർത്താവായി ലഭിക്കാനാണ് സിലിയെ ഒഴിവാക്കിയത്. സിലിയെ താമരശ്ശേരി ദന്താശുപത്രിയിൽ വച്ച് മഷ്റൂം ക്യാപ്സൂളിനുള്ളിൽ സയനൈഡ് നിറച്ച് നൽകിയാണ് കൊലപ്പെടുത്തിയത്. ഒപ്പം സയനൈഡ് കലക്കിയ കുടിവെള്ളവും നൽകിയതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
സിലിയെ കൊലപ്പെടുത്തിയ ശേഷം ജോളിയെ ഷാജു വിവാഹം കഴിച്ചു. പിന്നീട് കുടുംബ സ്വത്ത് വ്യാജ ഒസ്യത്ത് (വിൽപത്രം) തയ്യാറാക്കി ജോളിയുടെ പേരിലേക്ക് മാറ്റി. ഇതാണ് പരാതിക്കിടയാക്കിയത്. ഇതിനെതിരെ റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി. 6 പേരുടെ മരണത്തിലും സംശയം പ്രകടിപ്പിച്ചു. ഈ പരാതിയാണ് മൺമറഞ്ഞ് മൂടപ്പെട്ടെന്ന് കരുതിയതും ഒരിക്കലും പുറത്തറിയില്ലെന്നും കരുതിയ നിഗൂഢ രഹസ്യ കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. അസ്വാഭാവിക മരണമെന്ന് പൊലീസ് വിധിയെഴുതി ക്ലോസ് ചെയ്ത കേസ് ഫയൽ കോടതിയുടെ അനുമതിയോടെ വീണ്ടും തുറക്കപ്പെട്ടു.6 കേസുകളും പ്രത്യേക അന്വഷണ സംഘം തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.
എല്ലാവരുടെയും മരണത്തിൽ സമാനത കാണുകയും മരണസമയം ജോളിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെടുകയും ചെയ്തു. രണ്ടു മാസം നീണ്ട അന്വേഷണത്തിനിടെ പല തവണ ജോളിയിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. പലവട്ടം ജോളിയുടെ മൊഴികളിൽ പരസ്പര വൈരുദ്ധ്യം കണ്ടെത്തി. ഇതാണ് സംശയമുന ജോളിയിലേക്ക് നീണ്ടത്. ഏറ്റവുമൊടുവിൽ മരിച്ച 6 പേരുടെയും ശവക്കല്ലറകൾ 2019 ഒക്ടോബർ 5 ന് തുറന്ന് പരിശോധിച്ചു. കുഴിമാടം തുറന്ന് മൃതദേഹങ്ങൾ റീ പോസ്റ്റ്മോർട്ടവും തെളിവു ശേഖരണവും തുടങ്ങിയതോടെ ജോളി ആകെ തളർന്നു. ഇത് പൊലീസ് കൃത്യമായി നിരീക്ഷിച്ചു. തുടർന്ന് പിറ്റേന്ന് രാവിലെ ജോളിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെ കുറ്റം ചെയ്തതായി സമ്മതിച്ച് കുറ്റസമ്മത മൊഴി നൽകുകയായിരുന്നു.
ടോം തോമസിന്റെ പേരിൽ ചമച്ച വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചത് പ്രാദേശിക നേതാവാണ്. ഇയാൾ വ്യാജ വിൽപ്പത്രത്തിലെ സാക്ഷിയുമാണ്. ഇയാൾ ജോളിയിൽ നിന്നും കടം വാങ്ങിയ തുകയ്ക്ക് ഒപ്പിട്ടു നൽകിയ 50,000 രൂപയുടെ ചെക്ക് ലീഫ് ജോളിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. സിലിയെയും മകൾ അൽഫൈനെയും കൊന്നത് തന്റെ അറിവോടെയായിരുന്നെന്ന് രണ്ടാം ഭർത്താവ് ഷാജു പൊലീസ് മൊഴി നൽകിയിട്ടുണ്ട്.
പൊന്നാമറ്റം വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. അന്നമ്മ മരിച്ചാൽ ' മണി പവർ ' തനിക്ക് കിട്ടുമെന്ന ലക്ഷ്യത്തോടെയായിരുന്നു അന്നമ്മയെ വക വരുത്തിയത്. പ്രീഡിഗ്രി വരെ മാത്രം പഠിച്ച ജോളി താൻ ബികോം , എം കോം എന്നിവ പാസായതായി വ്യാജ സർട്ടിഫിക്കറ്റുകൾ വച്ച് ഭർതൃവീട്ടുകാരെ വിശ്വസിപ്പിച്ചു. തുടർന്ന് അന്നമ്മ ബി എഡ് പഠനത്തിന് നിർദേശിച്ചു. ഈ പേരിൽ ജോളി പാലായിൽ താമസിച്ചു. അയൽവാസികളോട് താൻ ഐ.എച്ച്.ആർ.ഡി പ്രൊഫസറെന്ന് ആൾമാറാട്ടം നടത്തി എന്നും രാവിലെ വ്യാജ ഐഡി കാർഡ് കഴുത്തിൽ തൂക്കി പുറത്ത് പോയി വൈകിട്ട് മടങ്ങി വരവേ അന്നമ്മ ബി.എഡ് പഠനകാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങിയതും കൊലക്ക് കാരണമായതാണ് പ്രോസിക്യൂഷൻ കേസ്. ഡോഗ്കിൽ പ്രിസ്ക്രിപ്ഷൻ ( മരുന്ന് കുറിപ്പടി) നൽകിയ രണ്ടു ഡോക്ടർമാർ , 3 അറ്റന്റന്റുമാർ എന്നിവർ സാക്ഷിപ്പട്ടികയിലുണ്ട്. തലേന്ന് രാത്രി ഡോഗ്കിൽ ആട്ടിൻ സൂപ്പിൽ കലർത്തി വച്ച് പിറ്റേന്ന് രാവിലെ അന്നമ്മക്ക് നൽകി. കഴിച്ച ഉടൻ അന്നമ്മ കുഴഞ്ഞു വീഴുകയായിരുന്നു.