- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവന്യു ഉദ്യോഗസ്ഥനാണെന്ന വ്യാജേന താടി വളർത്തി രൂപം മാറിയെത്തിയ സ്പെഷൻ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് ആരോപണവിധേയർ പറഞ്ഞത് പരസ്പര വിരുദ്ധ മൊഴികൾ; ഫോറൻസിക് പരിശോധനയിലും തെളിഞ്ഞതു കൊലപാതക രഹസ്യം; കരമന കൂടത്തിൽ കുടുംബത്തിൽ നടന്നതും കൂടത്തായി മോഡൽ; കാര്യസ്ഥനെ അറസ്റ്റ് ചെയ്യാൻ സാധ്യത
തിരുവനന്തപുരം:കരമന കൂടത്തിൽ കുടുംബത്തിലും നടന്നത് കൂടത്തായിയെ അനുസമരിപ്പിക്കുന്ന ഗൂഢാലോചനയും കൊലപാതകവും. കുടുംബത്തിലെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തും. കുടുംബത്തിൽ അവസാനം കൊല്ലപ്പെട്ട ജയ മാധവന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണം എന്ന വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്താൻ തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമതി തേടി അന്വേഷണ സംഘം അപേക്ഷ നൽകി. 2017 ഏപ്രിൽ 2നാണ് ജയമാധവൻ നായരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരുടെ നീക്കങ്ങളാണ് ദുരൂഹമാകുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്. ഇതോടെ ഈ കുടുംബത്തിലെ മറ്റുള്ളവരുടെ മരണത്തിലേക്കും അന്വേഷണം കടക്കും.
കൂടത്തിൽ' തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠന്മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവൻ, ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇതെല്ലാം കൊലപാതകമാണെന്ന സംശയം സജീവമാണ്. എന്നാൽ മുമ്പുള്ള മരണങ്ങളിൽ മൃതദേഹ പരിശോധന നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ കൊലപാതകം തെളിയിക്കുക ബുദ്ധിമുട്ടുമാണ്.
നഗരത്തിൽ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനിൽകുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
കാര്യസ്ഥനടക്കമുള്ളവർക്കു കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് അന്വേഷിച്ചത്.
തലയ്ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരൻ ജയപ്രകാശ് രക്തം ഛർദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.
2017 ഏപ്രിൽ മാസം രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി.
മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ, കരമന സ്റ്റേഷനിൽ പോയില്ലെന്നും, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻ നായർ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം രണ്ടാമത് അന്വേഷിച്ച സംഘം വിശദമായി പരിശോധിച്ചു.
ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയിൽ പോയിട്ടില്ലെന്നും, 5 ലക്ഷം രൂപ രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. വിഡിയോയിൽ റെക്കോർഡ് ചെയ്ത ഈ മൊഴി ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ല. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു.
ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും പുതിയ സംഘം വിശദമായി പരിശോധിച്ചു. ഇതിനൊപ്പം ഫോറൻസിക് റിപ്പോർട്ടും പരിശോധിച്ചാണ് കൊലപാതകമാണ് നടന്നതെന്ന വിലയിരുത്തലിലേക്ക് എത്തുന്നത്. കൂടത്തിൽ കുടുംബത്തിനു നഗരത്തിൽ പലയിടത്തും കോടിക്കണക്കിനു രൂപയുടെ ഭൂമിയും കെട്ടിടങ്ങളും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. തമ്പാനൂർ, കൈതമുക്ക് എന്നിവിടങ്ങളിലൊക്കെ ഭൂമിയുണ്ടായിരുന്നതായാണു വിവരം.
ഇത് തട്ടിയെടുക്കാനായിരുന്നു കാര്യസ്ഥൻ ഗൂഢാലോചന നടത്തിയത്. ഇതിലേക്ക് അന്വേഷണം എത്തിയത് നാല് സംശയങ്ങൾ കാറണമാണ്,
1. ജയമാധവൻ നായരുടെ നെറ്റിയിൽ മുറിവേറ്റ പാടുണ്ടായിരുന്നെന്നു വിവരം ലഭിച്ചു.
2. ജയമാധവൻ നായർക്കു വീണു പരുക്കേറ്റതായി അയൽവാസികളെ വിവരം അറിയിച്ചില്ല. വളരെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരിയെയാണ് അറിയിച്ചത്.
3. അയൽവാസി തന്റെ ഓട്ടോറിക്ഷ പാർക്ക് െചയ്യുന്നത് കൂടത്തിൽ തറവാട്ടിലാണ്.
എന്നാൽ വീട്ടുജോലിക്കാരിയെക്കൊണ്ടു സ്റ്റാൻഡിൽനിന്നു മറ്റൊരു ഓട്ടോ വിളിപ്പിച്ചാണു ജയമാധവൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയത്.
4. ജയമാധവൻനായരുടെ മരണത്തിനു പിന്നാലെ രവീന്ദ്രൻ നായർ രണ്ടു പേർക്കായി 25 ലക്ഷം രൂപ, 5 ലക്ഷം രൂപ വീതം കൈമാറിയതു സംശയാസ്പദം.
ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത് 3 മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു. ഇതിന് ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് ഗൗരവത്തോടെ അന്വേഷണം തുടങ്ങിയത്. റവന്യു ഉദ്യോഗസ്ഥനാണെന്ന വ്യാജേന താടി വളർത്തി രൂപം മാറിയെത്തിയ സ്പെഷൻ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് ആരോപണവിധേയർ പറഞ്ഞ പരസ്പരവിരുദ്ധ മൊഴികളാണു ദുരൂഹത സംശയിക്കാൻ കാരണം.
മറുനാടന് മലയാളി ബ്യൂറോ