- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതോ? രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കണ്ടെത്തലിന് പിന്നാലെ അർധരാത്രി വടകര റൂറൽ എസ്പി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി; തെളിവു നശിപ്പിക്കാനുള്ള കൊലപാതകമെന്ന ആരോപണം ശക്തമാകുന്നു
കണ്ണൂർ: മൻസൂർ വധക്കേസ് പ്രതി കൂലേരി രതീഷിന്റെ മരണത്തിൽ ദുരൂഹത. രതീഷിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയതെങ്കിലും കൊലപ്പെടുത്തിയ കെട്ടിത്തൂക്കിയതാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്. ദുരൂഹതയിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ അർധരാത്രി വടകര റൂറൽ എസ്പി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി.
രതീഷിനെ തൂങ്ങിയ നിലയിൽ കണ്ട മരവും സമീപ പ്രദേശങ്ങളും അദ്ദേഹം പരിശോധിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്പിയുടെ സന്ദർശനം ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം കൂട്ടുകയാണ്. വിശദ പരിശോധനയ്ക്കായി മൻസൂർ വധം അന്വേഷിക്കുന്ന സംഘം രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെക്യാട് ശനിയാഴ്ച എത്തും. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.
അതിനിടെ മൻസൂർ കൊല്ലപ്പെട്ട കേസിൽ അന്യായമായി പ്രതിചേർത്തതിൽ മനംനൊന്താണ് രണ്ടാം പ്രതിയായ രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി റിപ്പോർട്ടു ചെയ്തത്. മൻസൂർ വധക്കേസിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആർ ഏറെ സംശയമുയർത്തുന്നതാണെന്നും ലീഗ് കേന്ദ്രങ്ങൾ തയ്യാറാക്കി നൽകിയ പട്ടിക അനുസരിച്ചാണ് പൊലീസ് പ്രതികളെ ചേർത്തതെന്നും ദേശാഭിമാനി പറയുന്നു.
'സംഭവവുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാർ ആസൂത്രിതമായി കേസിൽപ്പെടുത്തുകയായിരുന്നു. കള്ളക്കേസിൽകുടുങ്ങിയെന്ന് അറിഞ്ഞതോടെ മനസ്സുതകർന്ന യുവാവിനെ ബുധനാഴ്ച മുതൽ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചില പൊലീസുകാർ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ച് അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറിയതായും ആക്ഷേപമുണ്ട്. ഈ വിവരവും അറിഞ്ഞതോടെയുണ്ടായ കടുത്ത മാനസിക സംഘർഷമാകാം ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.' എന്നാണ് ദേശാഭിമാനി ഓൺലൈനിൽ വന്ന വാർത്ത. സിപിഎം അനുഭാവിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ രതീഷിനെ മറ്റെന്തോ വൈരാഗ്യം വച്ച് മുസ്ലിം ലീഗുകാർ കള്ളക്കേസിൽപ്പെടുത്തുകയായിരുന്നു എന്നും ദേശാഭിമാനി പറയുന്നു.
അതേസമയം മൻസൂർ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാവുന്നു എന്ന് വി ടി ബൽറാം ആരോപിച്ചു. രണ്ടാം പ്രതി ആത്മഹത്യ ചെയ്ത വാർത്ത ഷെയർ ചെയ്തുകൊണ്ടാണ് ബൽറാം ഗുരുതരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാവുന്നു എന്നാണ് മനസ്സിലാക്കേണ്ടതെന്നും ഫേസ്ബുക്കിൽ എഴുതിയത്. മൻസൂർ കൊലപാതകം ഉടൻ സിബിഐ അന്വേഷണത്തിന് വിടണമെന്നും വി ടി ബൽറാം ആവശ്യപ്പെട്ടു.
കൊല്ലപ്പെടുന്നവരോടൊപ്പം കൊല്ലുന്നവനും ജീവൻ നഷ്ടപ്പെടുന്നുവെന്നതാണ് എന്നതാണ് കണ്ണൂർ കൊലപാതകത്തിന്റെ ചരിത്രം. മുസ്ലിം ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂരിലെ മൻസുറിന്റെ കൊലപാതകകേസിൽ കുറ്റാരോപിതനായ കൂലോത്ത് രതീഷ് ജീവനൊടുക്കിയപ്പോഴും ആചരിത്രം ആവർത്തിക്കുക തന്നെയാണ് ചെയ്തത് തലശേരിയിലെ ഫസൽ വധ കേസിനു ശേഷം സിപിഎ. മ്മിന്റെ രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ന്യൂമാഹിയിലെ പഞ്ചാര ഷിനിലും മുഴിക്കര കുട്ടനും ദൂരൂഹ സാഹചര്യങ്ങളിൽ മരണപ്പെട്ടിരുന്നു.
സിപിഎ. മ്മിൽ നിന്നും എൻ.ഡി.എഫ് പ്രവർത്തകനായി മാറിയതാണ് ഫസലിനെ വധിക്കാൻ കാരണമായത്. ഒരു ചെറിയ പെരുന്നാൾ ദിവസം തേജസ് പത്രത്തിന്റെ ഏജന്റും വിതരണക്കാരനുമായ ഫസലിനെ പത്രവിതരണത്തിനിടെയാണ് സൈദാർ പള്ളിയിൽ വെച്ച് പുലർച്ചെ അഞ്ചു മണിയോടെ വെട്ടി കൊല്ലുന്നത്. പിന്നീട് ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ മൊഴി ഉപയോഗിച്ച് കേസ് ആർ.എസ്.എസിനു മേൽ പഴിചാരാൻ പൊലിസിനെ ഉപയോഗിച്ചു ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ ഫസലിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സിപിഎം നേതാക്കളായ കാരായി രാജനെയും ചന്ദ്രശേഖരനെയും സിംബി ഐ അന്വേഷണം നടത്തി ഗൂഢാലോചന കുറ്റത്തിന് പിടികൂടി ജയിലിൽ ഇടുകയും ചെയ്തു.
പാർട്ടിക്കെതിരെ തിരിഞ്ഞാൽ സ്വന്തം പിതാവിനെ പോലും വെട്ടി മലർത്താൻ മടിയില്ലാത്തവരാണ് കണ്ണൂരിലെ ചാവേറുകളായ പാർട്ടി അണികൾ . അവരുടെ സിരകളിൽ ഓടുന്ന ഓരോ തുള്ളി ചോരയിലും പാർട്ടിക്കൂറ് മാത്രമേയുള്ളൂ. എന്നാൽ ചില കേസുകളിൽ അന്യായമായി പ്രതി ചേർക്കുമ്പോൾ ഇവർ പാർട്ടി നേതാക്കളുമായി ഇടയാറുണ്ട്. എല്ലാ കൊലപാതകങ്ങളിലും പ്രതിപട്ടിക നൽകുന്നത് സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ നിന്നാണ് പലതിലും സ്ഥിരം പേരുകളായിരിക്കും പ്രതികൾ. ആക്ഷനിൽ പങ്കെടുത്തിട്ടില്ലെങ്കിലും നേതാക്കൾക്ക് എന്തെങ്കിലും അനിഷ്ടം തോന്നിയാലോ വീണ്ടും കൊലപാതകത്തിന് ഉപയോഗിക്കാമെന്ന് മുൻകൂട്ടി കണ്ടോ ഒരാൾ പ്രതി പട്ടികയിൽ വരാം.
ഫസൽവധക്കേസിൽ തങ്ങൾക്ക് പങ്കില്ലെന്നും കുടുക്കിയതാണെന്നുമുള്ള ആരോപണം സി. പി.എമ്മിന്റെ ആക്ഷൻ സ്ക്വാഡിൽപ്പെട്ട പഞ്ചാര ഷിനിലും മുഴിക്കര കുട്ടനും അന്നേ ഉയർത്തിയിരുന്നു. എന്നാൽ ഈ കൊലപാതകം പ്ളാൻ ചെയ്തത് ആരാണെന്നും ഓപ്പറേഷൻ നടത്തിയത് എങ്ങനെയാണെന്നുമുള്ള കൃത്യമായ വിവരം അവർക്കുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ രണ്ടു പേരും പിന്നീട് വ്യത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയായിരുന്നു. അനിലിനെ എടന്നുരിലെ റെയിൽ വേട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ട്രെയിൻ തട്ടി മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
കേവലമൊരു ആത്മഹത്യയല്ലെന്ന ആരോപണം അന്നുയർന്നിരുന്നുവെങ്കിലും പൊലിസ് അന്വേഷണം ആദിശയിൽ മുൻപോട്ട് പോയില്ല അതേ വർഷം തന്നെ മട്ടന്നൂരിൽ സിപിഎം ഓഫിസിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ കുട്ടനും കൊല്ലപ്പെട്ടു. രണ്ടു കൊലപാതകങ്ങളും ദുരൂഹമെന്ന് അന്നേ ആരോപണമുയർന്നിരുന്നുവെങ്കിലും പൊലീസ് അന്വേഷണം പേരിനു പോലും നടന്നില്ല.
മറുനാടന് മലയാളി ബ്യൂറോ