- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്തുപറമ്പിൽ ചീന്തിയ ചോരയും അടിയറവയ്ക്കുമ്പോൾ
കൂത്തുപറമ്പ് രക്തസാക്ഷികളോടും അവരുടെ കുടുംബങ്ങളോടും സിപിഐ(എം) കാട്ടുന്ന വഞ്ചന തുടർന്നു കൊണ്ടേയിരിക്കുന്നു. ഇരുപത് വർഷമായി ഈ വഞ്ചനയും അവഹേളനവും തുടർന്നു വരികയാണ്. ഏറ്റവും ഒടുവിലായി വെറും ഭൗതിക നേട്ടങ്ങൾ മാത്രം ലാക്കാക്കി സിപിഐ(എം). നേതൃത്വം എം. വി. രാഘവനെ വിശുദ്ധനാക്കി പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ആദ്യ രക്തസാക്ഷി ദിനാചരണം ആണ്
കൂത്തുപറമ്പ് രക്തസാക്ഷികളോടും അവരുടെ കുടുംബങ്ങളോടും സിപിഐ(എം) കാട്ടുന്ന വഞ്ചന തുടർന്നു കൊണ്ടേയിരിക്കുന്നു. ഇരുപത് വർഷമായി ഈ വഞ്ചനയും അവഹേളനവും തുടർന്നു വരികയാണ്. ഏറ്റവും ഒടുവിലായി വെറും ഭൗതിക നേട്ടങ്ങൾ മാത്രം ലാക്കാക്കി സിപിഐ(എം). നേതൃത്വം എം. വി. രാഘവനെ വിശുദ്ധനാക്കി പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ആദ്യ രക്തസാക്ഷി ദിനാചരണം ആണ് ഇന്നത്തേത്. രാഘവന്റെ അവസാന നാളുകളിൽ മസ്തിഷ്‌ക മരണം സംഭവിച്ച് പ്രജ്ഞയറ്റു കിടക്കുന്ന അവസരത്തിൽ സി.എംപി.യുടെ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് കൂടെ നിർത്തിയതു എന്ത് ആദർശത്തിന്റെ അടിസ്ഥാനത്തിലാണന്ന് പാർട്ടി അണികൾ ചിന്തിക്കണം.
ഒരു ആദർശത്തിന്റെ പേരിലുമല്ല മറിച്ച് രാഘവന്റേയും കുടുംബത്തിന്റേയും ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ള ചില സൊസൈറ്റികളുടേയും സ്ഥാപനങ്ങളുടേയും നിയന്ത്രണവും ഉടമസ്ഥതയും സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ള അടവുകളാകാം സിപിഐ(എം). പയറ്റുന്നത്. എന്നിരുന്നാലും സിപിഐ(എം). ന്റെ ആഹ്വാനം ഉൾക്കൊണ്ടു രാഘവന്റെ ധാർഷ്ട്യത്തിനു നേരെ വിരിമാറുകാട്ടി പിടഞ്ഞുവീണ രക്തസാക്ഷികളുടേയും ജീവശ്ചവങ്ങളായി ഇന്നും ജീവിക്കുന്നവരുടേയും അവരുടെയല്ലാം കുടുബാംഗങ്ങളുടേയും മുഖത്ത് കരിവാരി തേക്കുന്നതിനും മാത്രമെ ഇപ്പോഴത്തെ സിപിഐ(എം). ന്റെ പ്രവർത്തികൾ വഴിവയ്ക്കുകയുള്ളൂ.
പരസ്യമായി പ്രതികരിച്ചാൽ ഉണ്ടാകുന്ന ഭവിഷുത്തുകളേയും, നേരിടാൻ പോകുന്ന സിപിഐ(എം). ഊരുവിലക്കുകളേയും ഭയന്ന് കൂത്തുപറമ്പിൽ വെടിയേറ്റ് മരിച്ച സഖാക്കളുടെ ബന്ധുക്കളും ഇന്നും ജീവശ്ചവമായി കഴിയുന്ന ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും പരിക്കേറ്റ മറ്റ് നിരവധി സഖാക്കളും രാഘവനോട് സിപിഐ(എം) കാണിക്കുന്ന പ്രേമത്തേയും സ്വാശ്രയ കോളേജ് വിഷയത്തിൽ സിപിഎമ്മിന്റെ കാപട്യത്തോടും ഒരുപക്ഷെ ക്ഷമിച്ചേക്കാം......!? പക്ഷെ പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രത്തിൽ വെന്തുമരിച്ച പാമ്പുകളും, നിരവധിയായ മിണ്ടാ പ്രാണികളും, നടുറോഡിലൂടെ ഇഴയേണ്ടി വന്ന മുതലകളും ഇവരുടെ കാപട്യങ്ങളോടും വഞ്ചനയോടും ക്ഷമിക്കുമെന്ന് കരുതാൻ ഇടയില്ല, കാരണം അവർ ഒരു തെറ്റും ചെയ്തിരുന്നില്ലല്ലേ ?.
വിദ്യാഭ്യാസ രംഗത്തെ സവകാര്യ വത്കരണത്തിനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിന് എതിരേയും അവർ നടത്തിയ സമരത്തിന്റെ ലക്ഷ്യം കേവലം രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു എന്ന് സിപിഐ(എം) നേതൃത്വം തന്നെ അവരുടെ പ്രവർത്തികളിലൂടെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഈ കാപട്യത്തിന്റെ പ്രതിഫലനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1995 നവംബർ 25 ന് അന്നത്തെ സഹകരണ മന്ത്രിയായ എം വി രാഘവനെ കൂത്തുപറമ്പിൽ വച്ച് വിദ്യാഭ്യാസ രംഗത്തെ സവകാര്യ വത്കരണത്തിനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിന് എതിരേയും ഡി വൈ എഫ് ഐ പ്രവർത്തകർ തടയുകയായിരുന്നു. തുടർന്നുണ്ടായ വെടിവയ്പിൽ വിലപ്പെട്ട അഞ്ച് മനുഷ്യജീവനുകൾ നഷ്ടമായി. കെ. കെ. രാജീവൻ, കെ. ഷിബുലാൽ, സി. സാബു, കെ.വി. റോഷൻ, വി. മധുസൂദനൻ, എന്നിവരാണ് വെടിയേറ്റ് മരിച്ചത്. തുടർന്നുണ്ടായ പ്രതിഷേധങ്ങളും അക്രമങ്ങളും സ്വാഭാവികം.
കൂത്തുപറമ്പിലെ സമരത്തിൽ പിടഞ്ഞു വീണു മരിച്ച വീര സഖാക്കളുടെ ചുടുചോരയാൽ നിറം പകർന്ന ചോര ചെങ്കൊടിയുമേന്തി കേരളത്തിന്റെ സമൂഹ മനസാക്ഷിക്കുമുന്നിലേക്ക് എം. വി. രാഘവനെ കൊലയാളിയായി ചിത്രീകരിച്ച് സ്വാശ്രയ വിരുദ്ധസമരത്തിന്റെ അലയൊലികൾ എത്തിക്കുവാൻ കാപട്യത്തിന്റെ മുഖംമൂടി അണിഞ്ഞ ഇടതുപക്ഷ യുവജന വിദ്യാർത്ഥി സമൂഹത്തിന് അന്ന് സാധിച്ചു. അതിന് ഫലവുമുണ്ടായി. പിന്നീട് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ജനം ഇടതുപക്ഷത്തിന് അനുകൂലമായി വിധി എഴുതി. ഇ.കെ നയനാരുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതോടെ സാശ്രയ വിദ്യാഭ്യാസ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് ജനം വിശ്വസിച്ചു.
പക്ഷെ സ്വാശ്രയ കോളേജ് വിഷയത്തിലെ സി പി എം വഞ്ചനയുടെ കഥ ഇവിടെ തുടങ്ങുകയാണ്. കൂത്തുപറമ്പിൽ വെടിയേറ്റ് മരിച്ച സഖാക്കളുടെ ചുടുചോരയുടെ ഗന്ധം മാറുന്നതിനു മുമ്പേ നായനാർ സർക്കാർ കേരളത്തിൽ രണ്ട് സെൽഫ് ഫിനാൻസിങ് എഞ്ചിനീയറിങ് കോളേജുകൾ ആരംഭിച്ചു. തൊടുപുഴയിലും, ചെങ്ങന്നൂരിലും. ഇതോടെ കൂത്ത് പറമ്പ് സമര സഖാക്കളും അവരുയർത്തിയ മുദ്രാവാക്യങ്ങളും തെരുവിൽ ഉപേക്ഷിച്ച ഡി വൈ എഫ് ഐ ക്കാർ സ്വാശ്രയകോളേജ് വിഷയത്തിൽ മൗനികളായി മാറുകയായിരുന്നു. വിധി വൈപര്യം എന്നല്ലാതെ എന്തു പറയാൻ പിന്നീട് യുവമോർച്ചക്കാർ രംഗത്തു വരേണ്ടി വന്നു കുത്തുപറമ്പ് രക്തസാക്ഷികളെക്കുറിച്ച് ഡി വൈ എഫ് ഐ ക്കാരെ ഓർമ്മിപ്പിക്കുവാൻ. സിപിഎമ്മിന്റെ സ്വാശ്രയ വിരുദ്ധ സമരകാപട്യത്തിന്റെ നിത്യസ്മാരകമായി തൊടുപുഴയിൽ ഇടതുപക്ഷ സർക്കാർ ആരംഭിച്ച സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് പിടിച്ചെടുത്ത് കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് സമർപ്പിച്ചുകൊണ്ട് യുവമോർച്ച നടത്തിയ സമരം സംസ്ഥാനമൊട്ടാകെ ശ്രദ്ധ നേടിയതായിരുന്നു.
പിന്നീട് ഭരണം നഷ്ടപ്പെട്ടപ്പോളും അല്ലാത്തപ്പോഴും ഇടതുപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ സമരങ്ങൾ പലതു നടത്തിയിട്ടുണ്ടങ്കിലും മറു വശത്തു കൂടി വഞ്ചനയും കാപട്യവും തുടർന്നുകൊണ്ടിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പരിയാരത്ത് കാണാൻ കഴിഞ്ഞത്.
കോൺഗ്രസ്സിലേയും സിപിഎമ്മിന്റേയും ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഈ അഴിമതി കഥകൾ ഇപ്പോഴെങ്കിലും പുറത്ത് വന്നില്ലായിരുന്നു എങ്കിൽ ഇത്തരം വഞ്ചനകളും ചതികളും നിർബാധം തുടരുകയും, ഒരു വശത്ത് സമരവും മറുവശത്തു കൂടി കച്ചവടവും നടത്തി നിരവധി ജയരാജന്മാരും പ്രകാശന്മാരും പൂച്ചയെപ്പോലെ കണ്ണുമടച്ച് പാല് കട്ടു കുടിച്ചുകൊണ്ടിരുന്നേനെ. മറുവശത്താകട്ടെ കത്തി നിൽക്കുന്ന വിളക്കിന്റെ ജ്വാല കണ്ട് അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളെ മനസ്സിലാക്കാതെ പറന്ന് അടുക്കുന്ന ഈയാം പാറ്റകളെ പോലെ ആദർശ നിഷ്ടരായ നിരവധി കുരുന്നു ജീവനുകൾ രക്ത സാക്ഷികളായി മാറിയേനെ. പൊതു സമൂഹത്തേയയോ, മാദ്ധ്യമങ്ങളേയോ അഭിമുഖീകരിക്കുവാൻ പോലും അനുവദിക്കാതെ പാർട്ടി തടങ്കലുകളിൽ ജീവിക്കുന്നരക്തസാക്ഷികൾ ഇന്നും കൂത്തുപറമ്പിൽ ഉണ്ടെന്ന കാര്യവും വിസ്മരിച്ചുകൂടാ.
സ്വാശ്രയ മേഖലയിൽ 50:50 അനുപാതത്തിനു വേണ്ടി സമരം ചെയ്ത ഇടതുപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ അന്വേഷിച്ചിട്ടുണ്ടോ കഴിഞ്ഞ ഏതാനും വർഷക്കാലമായി ഇടതുപക്ഷം ഭരിക്കുന്ന പരിയാരം മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ എത്ര സീറ്റുകൾ നൽകിയിട്ടുണ്ടെന്ന ്. 50:50 അനുപാതം പാലിച്ചിട്ടില്ലന്നു മാത്രമല്ല നൂറിൽ നൂറും വില്പനചരക്കാക്കി മാറ്റിയവർ കേവലം ഒരു സീറ്റു മാത്രമാണത്രെ അഞ്ചു വർഷത്തിനുള്ളിൽ ഓപ്പൺ മെറിറ്റിൽ നൽകിയത്. ഇവരാണ് കേരളത്തിലെ സ്വശ്രയ മാനേജുമെന്റുകൾക്കെതിരെ (അക്കൂട്ടർ ചെയ്യുന്ന പ്രവർത്തികളെ ന്യായീകരിക്കുന്നില്ല) ആരോപണങ്ങളും സമരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇവരുയുർത്തിയ മുദ്രാവാക്യങ്ങൾക്കും ആശയങ്ങൾക്കും എന്തെങ്കിലും വില കല്പിച്ചിരുന്നുവെങ്കിൽ അവസരം ലഭിച്ചപ്പോൾ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുകയും നിർദ്ദനരായ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഒരുക്കുകയും ചെയ്‌തേനെ. മറിച്ച് ന്യായമായും കൊടുക്കാമായിരുന്ന അവസരം കൂടി നിക്ഷേധിച്ച് അവ കൂടി കവർന്നെടുത്ത് വില്പന ചരക്കാക്കി മാറ്റിയവർക്കും അവർക്ക് പിന്തുണ നൽകിയ പാർട്ടിക്കാർക്കും ഇനിയെന്ത് പറയുവാനുണ്ട്. നാല് കാശിനു വേണ്ടി ആദർശങ്ങളേയും മുദ്രാവാക്യങ്ങളേയും വരെ വില്പനചരക്കാക്കി മാറ്റിവരുടെ പൊയ്മുഖങ്ങളാണ് ഇവിടെ തകർന്നു വീഴുന്നത്.
ഈ കടുത്ത യാഥാർത്ഥ്യങ്ങൾ പകൽ വെളിച്ചം പോലെ കത്തി നിൽക്കുമ്പോൾ എം വി രാഘവൻ വിഷയത്തിൽ സിപിഐ(എം). ന്റെ ഇപ്പോഴത്തെ നിലപാടുകളിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ജനങ്ങളേയും അണികളേയും വഞ്ചിക്കുന്ന നിലപാടുകൾ മാത്രമെ എന്നും ആ പാർട്ടി സ്വീകരിച്ചിരുന്നുള്ളൂ. മുമ്പ് ഇക്കാര്യം എതിർ പാർട്ടികളും അവരുടെ ശത്രുപക്ഷത്തുള്ളവരും മാത്രമാണ് പരസ്യമായി പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ അവരുടെ സഹയാത്രികരും ഈ സത്യം പരസ്യമായി വിളിച്ചു പറയാൻ തയ്യാറായിരിക്കുന്നു. ഇന്ന് ഈ വഞ്ചന ആ പാർട്ടിക്കാരും അണികളും തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനം രാജ്യത്താകമാനം പ്രതിഫലിച്ചിരുന്നു. നെഹൃവിന് ശേഷം ഇ.എം.എസ്. എന്ന് പ്രചരിപ്പിച്ചവരുടെ ശക്തി ക്ഷയിച്ച് ക്ഷയിച്ച് ഇല്ലാതായി കൊണ്ടിരിക്കുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം അണികൾ ആ പാർട്ടിയെ ഉപേക്ഷിച്ച് ദേശീയ മുഖ്യധാരയിലേക്ക് അണിചേർന്നു കൊണ്ടിരിക്കുന്നു. ആ പാർട്ടിയുടെ ഇന്നത്തെ യഥാർത്ഥ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഒരു ലോഗോ തന്നെ അതിന്റെ അടുത്ത പാർട്ടികോൺഗ്രസ്സിന്റെ ലോഗോ ആയി അവർ കണ്ടോത്തിയിരിക്കുന്നു. മങ്ങുന്ന കപ്പലിൽ നിന്നും ജീവൻ രക്ഷിക്കാൻ വെമ്പൽ കൊള്ളുന്ന അണികളുടെ ചിത്രം ലോഗോ ആയി കണ്ടെത്തിയത് അവസരോചിതമായി.
കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന്റെ ഈ വാർഷിക ദിനത്തിൽ ഈ പാർട്ടിക്കു വേണ്ടി കൊല്ലാനും മരിക്കാനും തുനിയുന്ന യുവ തലമുറ ഒന്നു തിരിഞ്ഞു നോക്കാൻ തയ്യാറകണം. ഇന്നകളിൽ സിപിഐ(എം). നേതൃത്വം എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതിനെല്ലാം ഘടക വിരുദ്ധമായ നിലപാടുകളാണ് ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. മതേതരത്വവും സോഷിലസവും പ്രസംഗിക്കുകയും മതവർഗീയ ശക്തികളുമായി കൈകോർക്കുകയും മുലധന ശക്തികൾക്കുമുന്നിൽ ഓശ്ചാനിച്ചു നിൽക്കുകയും ചെയ്യുന്ന വഞ്ചന നിറഞ്ഞ സമീപനങ്ങളെ ഇനിയും നിങ്ങൾ കണ്ടില്ലന്നു നടിക്കരുത്. വഞ്ചനയുടെ മുഖംമൂടി അണിഞ്ഞ പാർട്ടി നേതൃത്വത്തിന്റെ കാപട്യങ്ങളിൽ ഇനിയും പ്ലീനിതരായി മാറാതെ സ്വത്വം തിരിച്ചറിഞ്ഞ് ശരിയുടെ പാതയിലേക്ക് വഴിമാറുവാൻ ഈ രക്തസാക്ഷിദിനം വഴിയൊരുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
(ബിജെപി സംസ്ഥാന കമ്മിറ്റിയംഗമാണ് ലേഖകൻ)