- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാഴായത് പതിനായിരം പച്ച ലഡു; കുത്തുപറമ്പിലെ തോൽവിയെ കുറിച്ച് മുസ്ലിം ലീഗ് അന്വേഷണം; പൊട്ടങ്കണ്ടിക്ക് പാര വെച്ചവരിൽ സ്വന്തം പാർട്ടിക്കാരോ? ലീഗ് കേന്ദ്രങ്ങളിലെ വോട്ട് കുറയൽ ഗൗരവത്തോടെ എടുത്ത് നേതൃത്വം; താൽപ്പര്യമില്ലാതിരുന്നിട്ടും നിർത്തി കാലുവാരിയതിനെതിരെ സ്ഥാനാർത്ഥിയും
തലശേരി.. കൂത്തുപറമ്പ് മണ്ഡലത്തിലെ അടിയൊഴുക്കിനെ കുറിച്ച് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചു. പാർട്ടിക്കുള്ളിലെ കാല് വാരലാണ് കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കിയിട്ടും അട്ടിമറി വിജയം നേടുനാവാതെ പോയതെന്നാണ് വിലയിരുത്തൽ. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പൊട്ടങ്കണ്ടി അബ്ദുള്ള മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ പെരിങ്ങളത്തെ മണ്ഡലം പ്രസിഡന്റു കൂടിയാണ് ഓരോ മുസ്ലിം ലീഗ് പ്രവർത്തകനെയും പേരെടുത്ത് വിളിക്കാനുള്ള അടുപ്പവും പൊട്ടക്കണ്ടിക്കുണ്ടായിരുന്നു. മാത്രമല്ല കാൽ നൂറ്റാണ്ടിലേറെക്കാലമായി പെരിങ്ങളം മണ്ഡലത്തിന്റെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കൂടിയായ പൊട്ടങ്കണ്ടിക്ക് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ നന്നായി അറിയാവുന്ന നേതാവ് കൂടിയാണ്.
സംസ്ഥാനമാകെ വീശിയടിച്ച എൽ.ഡി.എഫ് തരംഗമുണ്ടെന്ന യാഥാർത്ഥ്യം ഒരു വശത്ത് നിലനിൽക്കുമ്പോഴും മുസ്ലിം ലീഗ് സ്വാധീന കേന്ദ്രങ്ങളിൽ പോലും വോട്ടു കുറഞ്ഞതായി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. പെരിങ്ങത്തൂർ, കടവത്തൂർ, പാനൂർ മേഖലകളിലെ ലീഗ് കേന്ദ്രങ്ങളിൽ നിന്നു വരെ വോട്ടു ചോർച്ചയുണ്ടായിട്ടുണ്ട്. മൊകേരിക്ക് ഇപ്പുറത്ത് സിപിഎം. ശക്തികേന്ദ്രങ്ങളായ പാട്യം, ചെണ്ടയാട്, കുത്തുപറമ്പ് എന്നീ പ്രദേശങ്ങളാണെങ്കിലും ലീഗിന്റെ പോക്കറ്റുകളിൽ വോട്ടു കുറഞ്ഞതാണ് നേതൃത്വത്തെ അമ്പരപിക്കുന്നത്. അറിഞ്ഞും അറിയാതെയും പൊട്ടക്കണ്ടിയുടെയും അദ്ദേഹം നേതൃത്വം നൽകുന്ന കെ.എം.സി.സിയുടെയും സഹായം ലഭിച്ചവർ മണ്ഡലത്തിൽ ധാരാളമുണ്ട്. വ്യക്തികളും സംഘടനകളും ഇതിലുണ്ട്. ഇവരിൽ കാൽ ശതമാനത്തിന്റെ പിൻതുണ വോട്ടായി മാറുമെന്നായിരുന്നു പൊട്ടക്കണ്ടിയെ സ്ഥാനാർത്ഥിയായി നിർത്തിയതിലൂടെ മുസ്ലിം ലീഗ് നേതൃത്വം കണക്ക് കൂട്ടിയത്.
എന്നാൽ ഇത്തരം നിഷ്പക്ഷ വോട്ടുകൾ കിട്ടിയില്ലെന്നു മാത്രമല്ല തങ്ങളുടെ പോക്കറ്റുകളിലെ വോട്ടുകൾ ലീഗിന് പോവുകയും ചെയ്തു. 2016 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.പി മോഹനൻ പിടിച്ച വോട്ടുകൾ പോലും പൊട്ടക്കണ്ടിക്ക് ലഭിച്ചില്ലെന്നതാണ് വിചിത്രം സ്ഥാനാർത്ഥിയായി നിൽക്കാൻ താൽപര്യമില്ലാതിരുന്നിട്ടും തന്നെ സ്ഥാനാർത്ഥിയാക്കി നിർത്തി കാലുവാരിയെന്ന പൊട്ടക്കണ്ടിയുടെ പരാതി ഈ കാരണങ്ങൾ കൊണ്ടു തന്നെ തള്ളിക്കളയാൻ മുസ്ലിം ലീഗിന് കഴിയില്ല പാണക്കാട തറവാടുമായി അടുത്ത ബന്ധം പുലർത്തുന്ന പൊട്ടങ്കണ്ടിക്ക് കാലിടറിയത് മുസ്ലിം ലിഗിനെ സംബന്ധിച്ച് കനത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. പാനൂരിലെ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കൾ വോട്ട് എൽ.ഡി.എഫിനായി മറച്ചുവെന്നാണ് അന്വേഷണ കമ്മിഷന് മുൻപിലേക്കു ഉയരുന്ന പ്രധാന പരാതികളിലൊന്ന്. പെരിങ്ങളം മണ്ഡലത്തിലെ ഇ.കെ വിഭാഗം വോട്ടും പൂർണമായി യു.ഡി.എഫിലേക്ക് വന്നില്ല.
ഇതു കൂടാതെ കോൺഗ്രസും മണ്ഡലത്തിൽ ആത്മാർത്ഥമായി പണിയെടുത്തില്ലെന്ന വിമർശനമുയർന്നിരുന്നു. മുസ്ലിം ലീഗ് സംസ്ഥാനത്തുത്വം ഇക്കുറി അഴീക്കോടിനെക്കാൾ പ്രതീക്ഷ കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്ന് പെരി ങ്ങളുമായിരുന്നു. ജില്ലാ നേതൃത്വവും ഇത്തവണ സീറ്റുറപ്പിച്ചിരുന്നു. തങ്ങൾ മത്സരിച്ചാൽ മണ്ഡലം തീർച്ചയായും തിരിച്ചു പിടിക്കാമെന്ന ഉറപ്പു നൽകിയാണ് മുസ്ലിം ലീഗ് യു.ഡി.എഫിൽ പെരിങ്ങളം ആവശ്യപ്പെട്ടത്. ആളും അർത്ഥവും മാത്രമല്ല കോടികൾ ഇതിനായി ഒഴുക്കുകയും ചെയ്തു. സിപിഎം നേതാക്കളുമായും അണികളായും അടുത്ത ബന്ധം പുലർത്തുന്ന മുസ്ലിം ലിഗ് നേതാക്കളിലൊരാളാണ് പൊട്ടങ്കണ്ടി അബ്ദുള്ള. അതുകൊണ്ടു തന്നെ രാഷ്ട്രീയ മത്സരത്തിന് ഉപരിയായ വ്യക്തികൾ തമ്മിലുള്ള പോരാട്ടമായാണ് ഇക്കുറി പെരിങ്ങളത്ത് നടക്കുകയെന്ന വ്യാഖ്യാനവുമുണ്ടായി. തരാതരം പോലെ മുന്നണികൾ മാറി സീറ്റു നേടിയിരുന്ന എൽ.ജെ.ഡി സ്ഥാനാർത്ഥിയെ ഇനിയും പേറാൻ കഴിയില്ലെന്ന വികാരവും സിപിഎമ്മിൽ ശക്തമായിരുന്നു.
പ്രാദേശിക നേതാക്കൾ വരെ ഇക്കുറി വോട്ട് പൊട്ടക്കണ്ടിക്ക് ചെയ്യുമെന്ന് തുറന്നു പറയുന്ന സ്ഥിതിയുണ്ടായി. ഇത്തരം അനുകുല സാഹചര്യങ്ങൾ വരെയുണ്ടായിട്ടും പരാജയമെങ്ങനെയുണ്ടായിയെന്ന ചോദ്യമാണ് മുസ്ലിം ലീഗ് അന്വേഷണ കമ്മിഷനുയർന്നുന്നത്. എന്നാൽ പൊട്ടങ്കണ്ടിയുടെ വ്യക്തി പ്രഭാവം ഒരു അനുകൂല ഘടകമാണെങ്കിലും അതു തെരഞ്ഞെടുപ്പിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോൾ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവ് സ്വകാര്യമായി സമ്മതിച്ചത്. ഇക്കുറിയും തികച്ചും പൊളിറ്റിക്കൽ പോരാട്ടം തന്നെയാണ് കുത്തുപറമ്പിൽ നടന്നത് 70626 വോട്ട് മോഹനൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നേടിയപ്പോൾ 61085 വോട്ടു മാത്രമേ യു.ഡി.എഫിന് നേടാൻ കഴിഞ്ഞുള്ളു. അതിശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച ബിജെപി സ്ഥാനാർത്ഥി സി.സദാനന്ദൻ മാസ്റ്റർ 21212 വോട്ടുകളും ഇക്കുറി നേടി.
വെറും 425 വോട്ടുകൾ മാത്രമേ 2016 ൽ നിന്നും അഞ്ചു വർഷം പിന്നിടുമ്പോൾ ബിജെപിക്ക് വർധി പിക്കാൻ കഴിഞ്ഞിട്ടുള്ളു. എന്നാൽ പല പേരുകളിൽ നിർത്തിയ സ്വതന്ത്രന്മാർ യു.ഡി.എഫിനാണ് ഗുണം ചെന്ന മോഹനൻകുഞ്ഞി പറമ്പത്ത് മീത്തൽ (1360) വോട്ടുകളും കെ.പി മോഹനൻകൈ തവച്ച പറമ്പത്ത് 543 വോട്ടുകളും നേടി. എന്നാൽ അബ്ദുള്ള പുതിയ പറമ്പത്തെന്ന സതന്ത്രൻ 389 വോട്ടുകൾ മാത്രമേ പിടിച്ചുള്ളു. 494 വോട്ടുകളാണ് നോട്ടയിവിടെ നേടിയത്. തെരഞ്ഞെടുപ്പിന് ശേഷവും മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി അയ്യായിരം മുതൽ പതിനായിരം വരെയുള്ള വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന കണക്കാണ് നേതൃത്വത്തിന് നൽകിയത്.
ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഫോർവേഡ് ചെയ്തതും ഈ കണക്ക് തന്നെയാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ് വിജയം ആഘോഷിക്കുന്നതിനായി വൻ ഒരുക്കങ്ങളാണ് മുസ്ലിം ലീഗ് നേതൃത്വം മണ്ഡലത്തിൽ തയ്യാറാക്കിയിരുന്നു. പതിനായിരം പച്ച ലഡുവാണ് വിജയം ആഘോഷിക്കുന്നതിനായി കടവത്തൂരിലെ ഒരു ബേക്കറിയിൽ ഒരുക്കിയത്. ഇതു കൂടാതെ ബിരിയാണിയും മറ്റു മധുര പലഹാരങ്ങളും വെടിക്കെട്ടും ഏർപ്പെടുത്തിയിരുന്നു. പൊട്ടക്കണ്ടിയുടെ വിജയം ചരിത്ര സംഭവമാക്കി മാറ്റാനാണ് പാർട്ടി തീരുമാനിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണൽ ദിവസം ഉച്ചയോടെ എൽ.ഡി.എഫ് തരംഗം ആഞ്ഞു വീശിയതോടെ കുത്തുപറമ്പ് മണ്ഡലവും എൽ.ഡി.എഫിനൊപ്പം നിൽക്കുകയായിരുന്നു.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി മോഹനൻ പുറകിലേക്ക് പോയില്ലെന്ന് മാത്രമല്ല മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. ഇതോടെ മുസ്ലിം ലീഗ് കേന്ദ്രങ്ങളിലെ പ്രതീക്ഷയുടെ ചിരി മായാൻ തുടങ്ങുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ