- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാനൂരിൽ സിപിഎം നേതാക്കളെ അണികളും എതിരാളികളും ട്രോളികൊല്ലുന്നു : കെ.പി മോഹനനെ കുറിച്ച് പറഞ്ഞതൊക്കെ തിരിച്ച് ബുമറാങ് പോലെ നേതാക്കളുടെ നെഞ്ചിലേക്ക് തന്നെ; കൂത്തുപറമ്പിൽ ഇടത് സ്ഥാനാർത്ഥിയായി കെപിഎം എത്തുമ്പോൾ
കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി മോഹനൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് സിപിഎം. 2016 ൽ മോഹനൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ സിപിഎം നേതാക്കൾ നവ മാധ്യമങ്ങളിലിട്ട പോസ്റ്റുകളാണ് ബുമറാങ്ങുപോലെ ഇപ്പോൾ തിരിച്ചടിക്കുന്നത്.
കെ.പി മോഹനന്റെ സ്ഥാനാർത്ഥിത്വം എൽ.ഡി.എഫ് അംഗീകരിച്ചതോടെ സിപിഎമ്മിനെ ട്രോളികൊല്ലുകയാണ് രാഷ്ട്രീയ എതിരാളികൾ 2016 ലെ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വമിറക്കിയ പഴയ കാല പോസ്റ്റുകളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജനതാ ദൾ എൽ.ഡി.എഫ് വിട്ട സമയത്ത് പിണറായി വിജയൻ നടത്തിയ പ്രസംഗവും പ്രചരിക്കുന്നുണ്ട്.
വീരേന്ദ്രകുമാർ വിഭാഗം നാളെ എൽ.ഡി.എഫിന്റെ ഭാഗമായി വരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനെ വേറെ എൽ.ഡി.എഫിനെ നോക്കണമെന്നും എൽ ഡി.എഫിന് അത്ര ഗതികേടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.പി മോഹനൻ തന്നെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിലർ കുത്തിപ്പൊക്കിയിട്ടുണ്ട്.
അണികൾ സിപിഎമ്മിനൊപ്പം പോകാൻ ആഗ്രഹിക്കുന്നില്ലെന്നും വെടക്കാക്കി തനിക്കാക്കുകയെന്ന കുബുദ്ധിയാണ് സിപിഎമ്മിന്റെതെന്നും കെ.പി മോഹനൻ അഭിമുഖത്തിൽ തുറന്നടിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ രാമലീലയെന്ന ദിലീപ് ചിത്രത്തിലെ രംഗവും ചേർത്തു വെച്ചിട്ടുണ്ട്. ഇതിനെക്കാൾ രസകരമാണ് ദീർഘകാലം പാനൂർ ഏരിയാ സെക്രട്ടറിയും ഇപ്പോൾ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.ഹരീന്ദ്രന്റെ പഴയ കാല പോസ്റ്റുകൾ അതിലൊരൊണ്ണം തുടങ്ങുന്നത് ഇങ്ങനെയാണ്.
കെ.പി മോഹനൻ വീണ്ടും കുത്തുപറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാവുമെന്ന മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന ചില ചിന്തകൾ ജനസമക്ഷം അവതരിപ്പിക്കുന്നു. പഴയ പെരിങ്ങത്തിന് 15 വർഷം പാഴായിപ്പോയതിൽ ചെറിയൊരു പങ്ക് ഞങ്ങൾക്കുമില്ലേ? ഒരേ ആൾ തന്നെ പത്തു വർഷം പെരിങ്ങളത്തിന്റെ എം.എൽ എയായിട്ടും അഞ്ചു വർഷം കുത്തുപറമ്പിൽ നിന്നുള്ള മന്ത്രിയായിട്ടും നാടിന്റെ വികസനം വഴിമുടക്കിയതെന്തുകൊണ്ട്? മന്ത്രിയായിട്ട് നേടിത്തരാൻ കഴിയാത്ത വികസനം പ്രതിപക്ഷ എം.എൽ. എയായാൽ നേടുന്നതെങ്ങനെ?
നീണ്ട 15 വർഷം പരീക്ഷിച്ചിട്ടും വിജയിക്കാത്ത ഒരാളിൽ നിന്നും ഇനിയെന്താണ് പ്രതീക്ഷികേണ്ടത്. നേർക്കുനേർ കണ്ടാൽ ചിരിക്കുകയും സദ്യ കൂടാൻ വരികയും ചെയ്യുന്നതിന് പകരം നൽകാവുന്ന പദവിയാണോ എംഎൽഎ സ്ഥാനം? ഒരു വ്യക്തിയുടെ പദവിക്ക് വേണ്ടി ഒരു നാടിനെ ഇനിയും ബലി കൊടുകേണ്ടതുണ്ടോ? ഹരീന്ദ്രന്റെ ഈ പോസ്റ്റ് കൂടുതൽ പ്രചരിപിക്കുന്നത് സൈബർ സഖാക്കളുടെ ഗ്രൂപ്പുകളിലാണെന്നതാണ് കൗതുകകരം '
ഇതിനിടെ സ്വപിതാവും മുൻ മന്ത്രിയുമായ പി. ആർ കുറുപ്പിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് കെ.പി.മോഹനൻ തെരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്. കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെയും അദ്ദേഹം സന്ദർശിച്ചു.