നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ദിലീപ് ജയിലിൽ കഴിയുമ്പോൾ അടുത്ത ദിവസങ്ങളിലായി വൻ ദിലീപ് അനുകൂല തരംഗങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത്. ഏറ്റവും ഒടുവിലായി കൂട്ടിക്കൽ ജയചന്ദ്രനാണ് ദിലീപിനെ അനുകൂലിച്ച് എത്തിയിരിക്കുന്നത്. ആദ്യം ദിലീപ്തന്നോട് ചെയ്ത ക്രൂരതയെ കുറിച്ചാണ് ജയചന്ദ്രൻ പറയുന്നത്.

സിനിമയിൽ തനിക്ക് വന്ന അവസരങ്ങൾ എല്ലാം നഷ്ടപ്പെടുത്തിയത് ദിലീപാണെന്ന് ജയചന്ദ്രൻ പറയുന്നു. അത് തനിക്ക് മനസ്സിലായപ്പോൾ ദിലീപിന്റെ മുഖത്ത് നോക്കി ചോദിക്കുകയും ചെയ്തു. ഇതോടെ ദിലീപ് തന്നെ ചേർത്ത് നിർത്തുകയായിരുന്നെന്നും ജയചന്ദ്രൻ പറയുന്നു. ദിലീപ് കാരണമാണ് ഞാൻ വീണ്ടും സിനിമയിലെത്തിയത്. മറ്റ് സൂപ്പർസ്റ്റാറുകളൊന്നും എനിക്ക് ഒരു അവസരം തന്നിട്ടില്ല. അത് ചെയ്തത് ദിലീപ് മാത്രമാണ്-ജയചന്ദ്രൻ പറഞ്ഞു.

എനിക്ക് സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചതാണ്. എന്നാൽ അതെല്ലാം നഷ്ടമായി. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം പറഞ്ഞത് ദിലീപ് ഇടപ്പെട്ട് ഇല്ലാതാക്കിയതാണ് എന്നാണ്. പല സാഹചര്യങ്ങളിലും എനിക്ക് അത് ശരിയാണെന്ന് തോന്നി. അതുമൂലം എന്റെ സിനിമാ സ്വപ്നങ്ങൾ നശിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടു. ഈ സംഭവം ദിലീപിനോട് ഞാൻ നേരിട്ട് ചോദിച്ചു.

നിങ്ങളാണോ എന്റെ പല അവസരങ്ങളും കളഞ്ഞത്? പിന്നെ ഞാൻ പറഞ്ഞു, വിഷമമില്ല, ദിലീപേട്ടനെപ്പോലെ ഒരു വലിയ നടൻ അങ്ങനെ ചെയ്യുന്നുവെങ്കിൽ എന്റെ കഴിവിനെ അംഗീകരിക്കുന്നതുകൊണ്ടാണെന്ന്.

ദിലീപേട്ടൻ മാത്രമല്ല എല്ലാവരും അവരവരുടെ നിലനിൽപ്പിന് വേണ്ടി പലതും ചെയ്യുന്നതാണ്. അന്നുമുതൽ ദിലീപ് എന്നെ ചേർത്തുപിടിച്ചു. ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഒരാളായി.

എനിക്കും എന്റെ കുടുംബത്തിനും തോന്നാത്ത വൈരാഗ്യം ദിലീപിനോട് മറ്റൊർക്കും തോന്നേണ്ട കാര്യമില്ല. ദിലീപ് മൂലം ജീവിതം തകർന്നവർ രംഗത്ത് വന്ന് പറയട്ടെ. അങ്ങനെ ആരും ഇല്ല.