നോർത്തുകൊറിയയിൽ കിം ജോൻഗ് ഉന്നിന്റെ സ്വച്ഛാധിപത്യത്തിന് കീഴിലുള്ള കോൺസൻട്രേഷൻ ക്യാമ്പുകളിൽ നടക്കുന്ന കടുത്ത മനുഷ്യത്വ ധ്വംസനങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് മുൻ നോർത്തുകൊറിയൻ വനിതാ ജയിൽ വാർഡനായ ലിം ഹേ-ജിൻ രംഗത്തെത്തി. ഇവിടെ രക്ഷപ്പെട്ട തടവുകാരന് വേണ്ടി അനേകം കുടുംബങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം താൻ നേരിൽക്കണ്ടെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. തുടർന്ന് ആ തടവുകാരനെ കണ്ടെത്തിയപ്പോൾ പരസ്യമായി കൊല്ലുകയും ചെയ്തിരുന്നു. ഇവിടുത്തെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ തടവുകാരെ പട്ടിക്കിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നവർ ഏറെയാണെന്നും ജിൻ ഞെട്ടലോടെ ഓർക്കുന്നു. ഇത്തരത്തിൽ ഉത്തരകൊറിയയിൽ നിന്നും രക്ഷപ്പെട്ട ഈ ജയിൽ വാർഡന്റെ നടുക്കുന്ന ഓർമകളിലൂടെ ലോകം ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്.

ഇവിടുത്തെ നിരവധി രഹസ്യ ജയിലുകളിൽ ആയിരക്കണക്കിന് തടവുകാർ പട്ടിണികിടന്ന് നരകിക്കുന്നുണ്ടെന്നും ചിലരെ ചാട്ടവാറടിക്കും മറ്റ് നരകപീഡനങ്ങൾക്കുമിരകളാക്കുന്നുവെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുണ്ടെന്നും നിരവധി പേരെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുന്നത് പതിവാണെന്നും അവർ ഞെട്ടലോടെ ഓർക്കുന്നു. കുറ്റമാരോപിക്കുന്നവരെ കല്ലെറിഞ്ഞ് കാലപുരിക്കയക്കുമെന്നും പരസ്യമായി തലവെട്ടുമെന്നും ഇവർ വെളിപ്പെടുത്തുന്നു.

ഉത്തരകൊറിയയിലെ പർവതമടക്കുകളിൽ ആർക്കും എളുപ്പം കണ്ടുപിടിക്കാൻ സാധിക്കാത്ത ഇടങ്ങളിലുമാണ് തടവറകൾ നിലകൊള്ളുന്നത്. തടവുകാരൻ രക്ഷപ്പെട്ടതിന്റെ പേരിൽ അധികൃതർ ഏഴംഗങ്ങളുള്ള കുടുംബത്തെ പ്രതികാരത്തോടെ കൂട്ടക്കൊല ചെയ്ത് വലിച്ചെറിഞ്ഞത് ഇന്നും ജിന്നിന് പേടി സ്വപ്നമാണ്. രണ്ട് സഹോദരന്മാരുടെ തല തങ്ങളുടെ മുമ്പിൽ വച്ച് ജയിൽ അധികൃതർ വെട്ടിയെറിഞ്ഞത് തനിക്ക് ഇപ്പോഴും ഞെട്ടലോടെ ഓർക്കാനാവുന്നുള്ളുവെന്നും ഈ വനിതാ ഗാർഡ് വെളിപ്പെടുത്തുന്നു. എന്തോ കുറ്റമാരോപിച്ച് ചൈനയിൽ നിന്നും അറസ്റ്റ് ചെയ്ത് നോർത്തുകൊറിയൻ ദമ്പതികളെ ക്രൂരപീഡനത്തിന് ശേഷം കൊല ചെയ്തത് ഇന്നും ജിന്നിന് മറക്കാനാവുന്നില്ല.

ചില തടവ് പുള്ളികളെ കല്ലെറിഞ്ഞ് കൊല്ലുന്നതും ഇവിടെ പതിവാണ്. ക്യാമ്പ് ഗാർഡെന്ന നിലയിൽ ഏഴ് വർഷം ജോലി ചെയ്ത കാലത്തിനിടെ കണ്ട ഇത്തരം ചില കാഴ്ചകൾ മൂലം ചിലപ്പോൾ തനിക്ക് ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാൻ സാധിച്ചിരുന്നില്ലെന്നാണ് ജിൻ പറയുന്നത്. ഇത്തരം തടവറകളിൽ കൂട്ടക്കൊലകളും പീഡനങ്ങളും ബലാത്സംഗങ്ങളും പതിവാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയത്തടവുകാരെയും രാജ്യത്തിന്റെ ശത്രുവായി സംശയമുള്ളവരെ വരെ ഇവിടെ ക്രൂരമായ പീഡനങ്ങൾക്കും വധശിക്ഷയ്ക്കുമാണ് വിധേയരാക്കുന്നത്. ഇവിടെ തടവ് പുള്ളികളെ മനുഷ്യരായിട്ടല്ല കാണുന്നതെന്നും മറിച്ച് മൃഗങ്ങളായിട്ടാണ് കണക്കാക്കുന്നതെന്നും ജിൻ പറയുന്നു.

 

ചൈനയിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അവസാനം ജിന്നും ഇവിടെ ജയിലിലാവുകയായിരുന്നുവെന്നും പിന്നീട് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. തടവറയിൽ തനിക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും ജിൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ലേബർ ക്യാമ്പുകളിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേർ നരകിക്കുന്നുവെന്നാണ് അവർ വെളിപ്പെടുത്തുന്നത്. കൊറിയൻ ഉപഭൂഖണ്ഡത്തിൽ വർധിച്ച യുദ്ധഭീഷണി ശക്തമായ സാഹചര്യത്തിലാണ് ജിന്നിന്റെ ഈ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നതെന്നത് നിർണായകമാണ്. ഇത്തരം ലേബർ ക്യാമ്പുകളിലൂടെ ഉത്തരകൊറിയ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്ന ആരോപണം യുഎസ് അടക്കമുള്ള രാജ്യങ്ങൾ നടത്തുന്നുമുണ്ട്. ആയുധ പരീക്ഷണങ്ങളും വെല്ലുവിളികളുമായി ഉത്തരകൊറിയ ധിക്കാരപൂർവം മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ യുഎസ് ഏത് നിമിഷവും ഉത്തരകൊറിയയെ ആക്രമിക്കുമെന്ന ഭീഷണി മുമ്പില്ലാത്ത വിധത്തിൽ ഇപ്പോൾ ശക്തമായിരിക്കുകയാണ്.