ത്തര കൊറിയിയിൽ ഒന്നര വർഷമായി തടവിലായിരുന്ന അമേരിക്കൻ വിദ്യാർത്ഥി നാട്ടിൽ തിരിച്ചുകൊണ്ടുവന്ന് ആറാം ദിവസം മരിച്ചത് ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം വീണ്ടും ശക്തമാക്കി. വിദ്യാർത്ഥിക്ക് ഉത്തരകൊറിയൻ അധികൃതർ വിഷം നൽകിയിരുന്നുവെന്നും അതാണ് മരണകാരണമെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സിൻസിനാറ്റിയിൽനിന്നുള്ള 22-കാരനായ ഓട്ടോ വാംബിയറാണ് മരിച്ചത്.

2016 ജനുവരിയിലാണ് ഒരു പോസ്റ്റർ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് വാംബിയർ ഉത്തരകൊറിയയിൽ അറസ്റ്റിലാകുന്നത്. വിർജീന സർവകലാശാലാ വിദ്യാർത്ഥിയായിരിക്കെ, പഠന സംഘത്തോടൊപ്പം പ്യോങ്‌യാങ്ങിലെത്തിയതായിരുന്നു ഇയാൾ. താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് പോസ്റ്റർ മോഷ്ടിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. 17 മാസത്തെ തടവിനുശേഷം മോചിപ്പിക്കുമ്പോൾ ഇയാൾ ഒന്നിനും കൊള്ളാത്ത അവസ്ഥയിലായിരുന്നു. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനോ മറ്റോ ആകാത്ത തരത്തിൽ തളർന്ന അവസ്ഥയിലായിരുന്നു വാംബിയർ.

മോശം ഭക്ഷണത്തിൽനിന്നുണ്ടായ അലർജിയാണ് വാംബിയറെ ഈ നിലയിലാക്കിയതെന്നാണ് ഉത്തര കൊറിയൻ അധികൃതരുടെ വിശദീകരണം. മനുഷ്യത്വ പരമായ കാരണങ്ങളാൽ മോചിപ്പിക്കുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ, സിൻസിനാറ്റിയിൽ തിരിച്ചെത്തിയ വാംബിയർ ആറാം ദിവസം മരിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.

കിം ജോങ് ഉന്നിന്റെ ഭരണകൂടം തങ്ങളുടെ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വാംബിയറുടെ മരണം പുറത്തുവിട്ടുകൊണ്ട് കുടുംബാംഗങ്ങൾ ആരരോപിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാംബിയറുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നത് പ്രശ്‌നത്തെ ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നതെന്നതിന് തെളിവായി. ഉത്തര കൊറിയയുടെ ഏറ്റവുമൊടുവിലത്തെ ഇരയെന്നാണ് വാംബിയറെ ട്രംപ് വിശേഷിപ്പിച്ചത്.

ജൂൺ 13-ന് സിൻസിനാറ്റിയിൽ തിരിച്ചെത്തുമ്പോൾ, വാംബിയർക്ക് കേൾവിശക്തിയും കാഴ്ചശക്തിയുമുൾപ്പെടെ നഷ്ടപ്പെട്ടിരുന്നു. സംസാരിക്കാനോ, മറ്റുള്ളർ പറയുന്നതിനോട് പ്രതികരിക്കാനോ വയ്യാത്ത സ്ഥിതിയിലുമായിരുന്നു. ഒരുദിവസം കഴിഞ്ഞപ്പോൾത്തന്നെ അതിഗുരുതരാവസ്ഥയിലായെന്നും മരണ വാർത്ത പുറത്തുവിട്ടുകൊണ്ട് മാതാപിതാക്കളായ സിൻഡിയും ഫ്രെഡും പറഞ്ഞു.