ത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണങ്ങളെ പരിഹസിച്ചിരുന്നവരാണ് മറ്റു രാജ്യക്കാർ. ഉത്തരകൊറിയ അവകാശപ്പെടുന്നതുപോലെ അവർക്ക് കാര്യമായ ആയുധശേഷിയില്ലെന്നായിരുന്നു പരിഹാസങ്ങളുടെ കാതൽ. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ, ജപ്പാന്റെ തീരത്ത് പതിച്ചതോടെ, സംശയങ്ങൾ ആശങ്കയ്ക്ക് വഴിമാറുകയാണ്.

ഉത്തരകൊറിയ വിക്ഷേപിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലുള്ള കടലിൽ പതിച്ചത്. ജപ്പാന്റെ തീരത്തുനിന്ന് കടലിലേക്ക് 230 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് ഈ മേഖല. ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണി യഥാർഥവും ഭീതിദവുമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ പറഞ്ഞു.

മിസൈൽ പരീക്ഷണം അവസാനിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടേണ്ട സമയമായെന്ന് അബെ പറഞ്ഞു. ഇതിനായി സഖ്യരാജ്യങ്ങളായ അമേരിക്കയും ദക്ഷിണകൊറിയയും മേഖലയിലെ ശക്തികേന്ദ്രങ്ങളായ റഷ്യയും ചൈനയും കൈകോർക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരകൊറിയയിൽനിന്ന് വിക്ഷേപിച്ച മിസൈൽ 671 മൈൽ അകലെയാണ് പതിച്ചത്. അമേരിക്കയിലെ അലാസ്‌കവരെ എത്താൻ ശേഷിയുള്ള മിസൈൽ തങ്ങളുടെ പക്കലുണ്ടെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ അവകാശവാദങ്ങളെ അതേപടി സ്വീകരിക്കാൻ മറ്റുരാജ്യങ്ങൾ തയ്യാറായിരുന്നില്ല. അതിനെയൊക്കെ മറികടക്കുന്നതാണ് ഇപ്പോഴത്തെ സംഭവം.

ഉത്തരകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കേണ്ട സമയമായെന്ന് തെളിയിക്കുന്നതാണ് ഈ പ്രകോപനമെന്ന് അമേരിക്ക കരുതുന്നുണ്ട്. കൊറിയൻ കടലിൽ ഇതിനാവശ്യമായ ശക്തമായ യുദ്ധസന്നാഹമൊരുക്കാനും അമേരിക്കയും സഖ്യകക്ഷികളും തുടക്കമിട്ടു. ഉത്തരകൊറിയക്കുമേലുള്ള ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തരകൊറിയയുടെ തുടർച്ചയായ പ്രകോപനങ്ങൾ സഹിക്കാവുന്നതിനും അപ്പുറമാണെന്ന് ജാപ്പനീ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗ പറഞ്ഞു. മിസൈൽ 45 മിനിറ്റോളം പറന്നശേഷമാണ് ജാപ്പനീസ് കടലിൽ പതിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് തീർത്തും വിരുദ്ധമാണ് മിസൈൽ പരീക്ഷണമെന്നും ഇതംഗീകരിക്കാനാവില്ലെന്നും ജപ്പാൻ വ്യക്തമാക്കി.