ജെനീവ: ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനെതിരെ ലോകരാജ്യങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ. അമേരിക്കയ്ക്ക് കൂടുതൽ സമ്മാനങ്ങൾ കരുതി വച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ യുഎൻ അംബാസഡർ ഹാൻ ടെ സോങ് പറഞ്ഞു. യുൻ കോൺഫറൺസിൽ സംസാരിക്കുകയായിരുന്നു സോങ്.

കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചുവെന്ന വാർത്ത സോങ് സ്ഥിരീകരിച്ചു. സെപ്റ്റംബർ മൂന്നിനായിരുന്നു പരീക്ഷണം. ഇക്കാര്യത്തിൽ താൻ അഭിമാനിക്കുന്നുവെന്നും സോങ് പറഞ്ഞു. അത് എന്റെ രാജ്യത്തിന്റെ സ്വയം പ്രതിരോധത്തിനുള്ള പരീക്ഷണമായിരുന്നു. അത് അമേരിക്കയ്ക്കുള്ള സമ്മാനപ്പൊതിയായിരുന്നു-സോങ് പറഞ്ഞു.

കൊറിയക്കെതിരായ പ്രകോപനം തുടരുന്ന കാലത്തോളം അമേരിക്കയ്ക്ക് ഇത്തരം സമ്മാനങ്ങൾ ലഭിച്ചു കൊണ്ടിരിക്കുമെന്നും സോങ് കൂട്ടിച്ചേർത്തു. സമ്മർദ്ദം ചെലുത്തിയോ ഉപരോധം ഏർപ്പെടുത്തിയോ ഉത്തര കൊറിയയെ കീഴ്പ്പെടുത്താനാകില്ലെന്നും സോങ് കൂട്ടിച്ചേർത്തു. ഉത്തര കൊറിയ കഴിഞ്ഞ ദിവസം നടത്തിയ ആണവ പരീക്ഷണത്തിനെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

അമേരിക്ക ഉൾപ്പെടെ ലോക രാഷ്ട്രങ്ങളുടെ എതിർപ്പുകൾ അവഗണിയിച്ച് അണുപരീക്ഷണം തുടരുന്ന ഉത്തരകൊറിയയ്ക്ക് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ്. പ്രകോപനത്തിനെതിരെ പലപ്പോഴും മുന്നറിയിപ്പുകൾ നൽകിയിരുന്നുവെങ്കിലും ഉത്തരകൊറിയ അണുപരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് ന്യൂയോർക്കിൽ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് യുഎസ് കൊറിയയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടത്.

ഇനി നയതന്ത്ര തലത്തിലുള്ള ചർച്ചകൾ കൊണ്ട് കാര്യമില്ലെന്ന് അമേരിക്ക യുഎൻ വേദിയിൽ ആഞ്ഞടിച്ചു. ഉത്തരകൊറിയ യുദ്ധം ഇരന്നു വാങ്ങിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡർ നിക്കി ഹാലെയുടെ പ്രതികരണം. ഉത്തരകൊറിയയ്ക്കു മേൽ കടുത്ത ഉപരോധത്തിലേയ്ക്ക് നീങ്ങാനാണ് അമേരിക്കയുടെ നീക്കമെന്നാണ് സൂചന.

ലോകത്തെ ഞെട്ടിച്ച ആണവ പരീക്ഷണത്തിനു പിന്നാലെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ അവർ സജീവമാക്കി. ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന മേഖല ലക്ഷ്യം വച്ചുള്ള മിസൈൽ പരീക്ഷണങ്ങളുമായി ദക്ഷിണകൊറിയയും പ്രതിരോധ നടപടികൾ ശക്തമാക്കിയതോടെ കൊറിയൻ മുനമ്പു വീണ്ടും സംഘർഷഭരിതമാകുകയാണ്.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച 'ലിറ്റിൽ ബോയ്' അണുബോംബിന്റെ (15 കിലോ ടൺ) എട്ടിരട്ടി (120 കിലോ ടൺ) സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളിൽ ഉത്തരകൊറിയൻ അതിർത്തിയിലെ സ്ഫോടനം 6.3 തീവ്രത രേഖപ്പെടുത്തി.

അതേസമയം, ഉപരോധങ്ങളും താക്കീതുകളും അവഗണിച്ച് ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണത്തെ ഐക്യരാഷ്ട്രസംഘടന അപലപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ യോഗം ചേർന്ന് അമേരിക്കയും സ്ഥിതിഗതികൾ വിലയിരുത്തി. യുഎസിനോ സഖ്യകക്ഷികൾക്കോ ഉത്തര കൊറിയ ഭീഷണിയുയർത്തിയാൽ സൈനിക പ്രതികരണമുണ്ടാകുമെന്ന് പെന്റഗൺ മേധാവി ജയിംസ് മാറ്റിസ് മുന്നറിയിപ്പു നൽകി.