ന്യൂഡൽഹി: നെഹ്‌റു കോട്ടിനെ പ്രധാനമന്ത്രി 'മോദി കോട്ടാക്കി'യെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓവർ കോട്ട് സമ്മാനം നൽകിയത്. ഇനിത് പിന്നാലെ കോട്ട് അണിഞ്ഞുകൊണ്ട് സമ്മാനം ലഭിച്ച കാര്യം മൂൺ ട്വിറ്റർ വഴി പുറത്ത് വിടുകയും ചെയ്യുന്നു.

ഇതേ തരത്തിലുള്ള കോട്ടുകൾ മുൻപ് മോദി അണിഞ്ഞിരുന്ന സമയത്ത് 'താങ്കൾ ഈ ഉടുപ്പിൽ നല്ല സ്മാർട്ടായിരിക്കുന്നുവെന്ന് ' മൂൺ മോദിയെ അറിയിച്ചിരുന്നു. അധികം വൈകാതെ തന്നെ മൂണിന് പാകമാകുന്ന അളവിൽ തയ്‌പ്പിച്ച കോട്ടുകൾ മോദി അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. മോദി ജാക്കറ്റ് എന്നാണ് കോട്ടുകൾക്ക് മൂൺ പേര് നൽകിയത്.

എന്നാൽ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വന്ന് നിമിഷങ്ങൾക്കകം തന്നെ ഇത് മോദി ജാക്കറ്റല്ലെന്നും നെഹ്രൂ കോട്ടാണെന്നും പറഞ്ഞ് വിമർശനങ്ങളും ഉയർന്നു. 'എന്റെ സുഹൃത്ത് പ്രസിഡന്റ് മൂൺ ഇന്ത്യൻ ജാക്കറ്റിൽ സുമുഖനായിരിക്കുന്നു. ഇന്ത്യയുടെ ഈ സമ്മാനം താങ്കളുടെ ഹൃദയത്തോട് ചേർന്നിരിക്കുമെന്നു കരുതുന്നു' എന്ന് മോദിയും മറുപടി ട്വീറ്റ് ചെയ്തിരുന്നു.

 

വർഷങ്ങൾക്ക് മുമ്പ് തന്നെ ഫാബ് ഇന്ത്യ പോലുള്ള കമ്പനികൾ നെഹ്‌റു ജാക്കറ്റ് എന്ന പേരിൽ വിൽപന തുടരുന്നുണ്ട് . പൊതുവെ നെഹ്‌റു ജാക്കറ്റ് എന്നറിയപ്പെടുന്ന ഈ വസ്ത്രത്തിന്റെ പേര് മോദി സ്വന്തം പേരിലാക്കിയതിന് പിന്നാലെ ട്വിറ്ററിൽ ഇതിന്റെ പേരിൽ ചർച്ച മുറുകി കഴിഞ്ഞിരുന്നു.

എന്നാൽ ജാക്കറ്റിന്റെ മുകളിൽ വലിയ അക്ഷരത്തിൽ തുന്നിച്ചേർത്ത മോദി വെസ്റ്റ് എന്ന പേരാണ് മറ്റുള്ളവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. വസ്ത്രത്തിൽ തുന്നി ചേർത്ത മോദി ജാക്കറ്റ് എന്ന പേര് ഏറ്റു പിടിച്ചു കൊണ്ട് മൂൻ ജേ ഇൻ ആ പേര് ആവർത്തിച്ചതും ട്വിറ്റർ ഉപയോക്താക്കളെ പ്രകോപിതരാക്കി. എതിർ ട്വീറ്റുമായി ആദ്യം രംഗത്തെത്തിയവരിൽ ജമ്മുകശ്മീർ പ്രതിപക്ഷ നേതാവ് ഒമർ അബ്ദുള്ളയുമുണ്ടായിരുന്നു.

തങ്ങളുടെ പ്രധാനമന്ത്രി ഈ ജാക്കറ്റുകൾ അയച്ചു തന്നതിൽ സന്തോഷിക്കുന്നുവെന്നും എന്നാൽ പേരിൽ മാറ്റം വരുത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജാക്കറ്റ് അയച്ചു കൂടായിരുന്നോ എന്നും ഒമർ അബ്ദുള്ള ചോദിക്കുന്നു. 'തന്റെ ജീവിതത്തിലുടനീളം ഈ ജാക്കറ്റിനെ കുറിച്ച് കേട്ടത് നെഹ്റു ജാക്കറ്റ് എന്നാണ്. എന്നാൽ പേര് മാറ്റി ഇപ്പോൾ അതിനെ മോദി ജാക്കറ്റ് എന്നാക്കിയിരിക്കുന്നു. 2014ന് മുമ്പ് ഇന്ത്യയിൽ പലതും നിലനിന്നിരുന്നേയില്ല എന്നും' ഒമർ അബ്ദുള്ള പരിഹാസ രൂപേണ കുറിച്ചു.

'പ്രസിഡന്റ് താങ്കൾ പറഞ്ഞത് തെറ്റാണ്. ഇത് മോദി വെസ്റ്റ് അല്ല. നെഹ്റു ജാക്കറ്റ് ആണ്. മോദിക്കൊരിക്കലും നെഹ്റുവാകാൻ കഴിയില്ല', എന്ന് അശോക് സ്വെയിനും പ്രതിഷേധമറിയിച്ചു. ഫാബ് ഇന്ത്യ കമ്പനി ഇത്രനാളും നെഹ്‌റു ജാക്കറ്റ് എന്ന പേരിലാണ് ഇത് വിറ്റഴിച്ചിരുന്നതെന്നും അശോക് സ്വെയിൻ കുറിച്ചു.