തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നും മുളപൊട്ടി ചുരുങ്ങിയ കാലം കൊണ്ട് രാജ്യം മുഴുവൻ പടർന്നു പന്തലിച്ച സ്ഥാപനങ്ങളായി വളർന്നവയുണ്ട്. അക്കൂട്ടത്തിലാണ് മണപ്പുറം ഗോൾഡും കൊശമറ്റം ഫിനാൻസും അടക്കമുള്ള സ്ഥാപനങ്ങൾ ഇക്കൂട്ടത്തിൽ പെടും. മുത്തൂറ്റ് പോലെ നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള നിലവിലുള്ളപ്പോൾ തന്നെയാണ് ഇത്തരം സ്ഥാപനങ്ങൾ അതിവേഗം വളർന്നത്. ചില ജുവല്ലറി ഗ്രൂപ്പുകളും ഇതുപോലെ വലിയ തോതിൽ കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും എവിടെ നിന്നാണ് ഈ പണം എത്തുന്നത് എന്ന ചോദ്യം ആരും ഉയർത്തിക്കണ്ടില്ല.

ഓപ്പറേഷൻ കുബേര എന്ന പേരിൽ കേരളാ പൊലീസ് ബ്ലേഡുകാരെ പിടിക്കാൻ ശ്രമിച്ചപ്പോഴും ഒന്നും നടന്നില്ല. ചെറു മീനുകളെ പിടിച്ചപ്പോൾ വൻ മീനുകളെ ഒഴിവാക്കി വിട്ടു. എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കർശനമായ നിലപാട് സ്വീകരിച്ചതോടെ മുത്തൂറ്റിലും ഇപ്പോൾ കൊശമറ്റത്തിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കയറി. 300 കോടിയിലേറെ രൂപയുടെ അനധികൃത നിക്ഷേപം കൊശമറ്റത്തിൽ നിന്നും കണ്ടെത്തിയതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സാഹര്യത്തിൽ ഇപ്പോൾ 60 ബ്രാഞ്ചുകളുള്ള സ്ഥാപനമായി മാത്യു ചെറിയാന്റെ കൊശമറ്റം എങ്ങനെ വളർന്നു എന്ന ചോദ്യം പ്രസ്‌ക്തമാകുന്നു.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് വഞ്ചനാ കേസിൽ ജയിലിൽ പോയ വ്യക്തിയാണ് കൊശമറ്റം ഉടമ മാത്യ ചെറിയാൻ. അവിടെ നിന്നുമാണ് പിന്നീട് അതിവേഗം കൊശമറ്റം വളർന്നതും മുത്തൂറ്റ് ഗ്രൂപ്പിനെ പോലും വെല്ലുവിളിക്കു വിധം വളർന്നതും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആയിം കോടിയിലേറെ നിക്ഷേപം ഇറക്കി വൻ കുതിപ്പാണ് കൊശമറ്റം നടത്തിയത്. ഇതിനുള്ള പണം എവിടെ നിന്നും വന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം എത്തി നിൽക്കുന്നത് കേരളത്തിലെ പല ഉന്നത രാഷ്ട്രീയ നേതാക്കളിലുമാണ്. കോട്ടയത്തെ ഒരു പ്രമുഖനായ രാഷ്ട്രീയക്കാരൻ ഇവിടെ നിക്ഷേപിച്ചിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, ഈ രാഷ്ട്രീയക്കാരൻ പണം പിൻവലിച്ചപ്പോഴുണ്ടായ പ്രതിസന്ധിയാണ് സ്ഥാപനത്തിന് തിരിച്ചടിയായത്.

125 കോടി കോട്ടയത്തെ നേതാവ് പിൻവലിച്ചപ്പോൾ എൽഡിഎഫ് പ്രമുഖന്റെ പണം പകരം എത്തിയത് ശ്രദ്ധയിൽ പെട്ടതോടെയാണ് കേന്ദ്രസർക്കാറിന്റെ പിടിവീണത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഇതിനോടകം 300 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയാന്നാണ് പുറത്തുവരുന്ന വാർത്ത. വൻതോതിൽ പരസ്യം നൽകിയാണ് കൊശമറ്റം ബിസിനസ് പിടിച്ചിരുന്നത്. മലയാളത്തിൽ കാവ്യാ മാധവനും മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ തമന്നയെയും മോഡലാക്കിയായിരുന്നു പരസ്യങ്ങളും. ഇതിനിടെ മെഗാ സ്റ്റാർ മമ്മൂട്ടിയെ ബ്രാൻഡ് അംബാസിഡറാക്കാൻ ശ്രമം നടന്നെങ്കിലും അതിന് അദ്ദേഹം സമ്മതം മൂളിയില്ല.

കൊശമറ്റം ഫിനാൻസിന്റെ 60 ബ്രാഞ്ചുകളിലായാണ് രണ്ട് ദിവസം മുമ്പ് റെയ്ഡ് നടന്നത്. രാജ്യ വ്യാപകമായി നടന്ന ഈ റെയ്ഡിനെ കുറിച്ച് ചില ബിജെപി നേതാക്കൾക്കും അറിവുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മാത്യു ചെറിയാന്റെ ഉടമസ്ഥതയിലുള്ള കൊശമറ്റം ഗ്രൂപ്പിൽ കോട്ടയത്തെ ഈ പ്രമുഖ നേതാവ് 125 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഭരണത്തിലിരുന്ന കാലത്ത് സുരക്ഷിത ബിനാമി നിക്ഷേപമെന്ന നിലയിൽ ഏൽപ്പിച്ചതായിരുന്നു ഈ പണം.

ആശുപത്രി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് ഈ നേതാവിന്റെ മരുമകൻ. ഇദ്ദേഹം ദുബായിൽ പുതുതായി ആശുപത്രി പണിയാൻ ഒരുങ്ങിയപ്പോൾ കൊശമറ്റത്തിൽ നിക്ഷേപിച്ചിരുന്ന 125 കോടിയുടെ നിക്ഷേപം ഒറ്റയടിക്ക് പിൻവലിച്ചു. ഇത്രയും വലിയ നിക്ഷേപം ഒറ്റയടിക്ക് പിൻവലിച്ചതോടെ കൊശമറ്റം ഫിനാൻസിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി തിരിച്ചടിയാകുന്ന ഘട്ടത്തിലുമായി. ഈ ഘട്ടത്തിൽ അടിയന്തര സാഹചര്യത്തിൽ കൊശമറ്റത്തിൽ പകരം പണമിറക്കിയത് ഭരണതലത്തിലെ പ്രമുഖനായ നേതാവിന്റെ റിയൽ എസ്റ്റേറ്റ് രംഗത്തെ ബിനാമി ഇടപാടുകാരനായിരുന്നു.

കോട്ടയത്തെ സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഈ റിയൽ എസ്റ്റേറ്റ് ഇടപാടുകാരന് വേണ്ടി പണം മുടക്കിയതും ചില പ്രമുഖരാണ്. സിപിഎമ്മിലെ ഉന്നതനായ നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയും കൊശമറ്റത്തെ തകർച്ചയിൽ നിന്നു രക്ഷിക്കാൻ വേണ്ടി പണമിറക്കി. ഇങ്ങനെ ഭരണത്തിലെ ചിലരുടെ ബിനാമി നിക്ഷേപം കൂടി കൊശമറ്റത്തിൽ എത്തിയതോടെ തൽക്കാലം പിടിച്ചു നിർത്താൻ സാധിച്ചു.

ഇതിനിടൊണ് ഇത്രയും വലിയ തുകയുടെ ഇടപാടുകൾ നടന്നത് ഇതിനിടെ ചില ബിജെപി നേതാക്കളുടെയും ശ്രദ്ധയിൽ വന്നു. ഇവരാണ് രാഷ്ട്രീയ ലക്ഷ്യം കൂടി വെച്ച് കേന്ദ്ര ആദായനികുതി വകുപ്പിനെ വിവരം അറിയിച്ചതും റെയ്ഡ് എത്തിയതുമെന്നാണ് ലഭിക്കുന്ന വിവരം. ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായത് 300 കോടിയോളം രൂപയുടെ അനധികൃത നിക്ഷേപം സ്ഥാപനത്തിൽ എത്തിയെന്നാണ്. ഈ പണം നിക്ഷേപിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയെന്നാണ് അറിയുന്നത്. ഈ അന്വേഷണം ഭരണ കക്ഷിയിലെ ചില പ്രമുഖരെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. ഏത് വിധേനെയും അന്വേഷണം തടയാൻ ഉന്നത ശ്രമം കൊശമറ്റവും നടത്തുന്നുണ്ട്.