- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ കോതമംഗലത്ത് കനത്ത കൃഷിനാശം; 9590 കുലച്ച നേന്ത്ര വാഴകളും 13,120 കുലയ്ക്കാത്ത നേന്ത്ര വാഴകളും നശിച്ചു; 121 കർഷകർക്ക് 88.28 ലക്ഷം രൂപയുടെ നാശനഷ്ടം
കോതമംഗലം: രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയും, വെള്ളപ്പൊക്കവും മൂലം കോതമംഗലത്തെ കാർഷിക മേഖലയിൽ കനത്ത നാശനഷ്ടം. കോതമംഗലം മുനിസിപ്പാലിറ്റി, കവളങ്ങാട്, പിണ്ടിമന, കുട്ടമ്പുഴ,പല്ലാരിമംഗലം, പൈങ്ങോട്ടൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഓണത്തിനായി കൃഷി ചെയ്ത വിളകൾക്ക് കനത്ത നാശനഷ്ടമുണ്ടായത്. ബ്ലോക്കുതലത്തിൽ 121 കർഷകർക്കായി 88.28 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്. ആകെ 9590 കുലച്ച നേന്ത്ര വാഴകളും 13,120 കുലയ്ക്കാത്ത നേന്ത്ര വാഴകളും 155 റബ്ബർ മരങ്ങളും, കൂടാതെ മറ്റു കാർഷിക വിളകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കൃഷി ഉദ്യോഗസ്ഥർ സന്ദർശിച്ച് പ്രാഥമിക നഷ്ടം വിലയിരുത്തി. കോതമംഗലം മുനിസിപ്പാലിറ്റിയിൽ 35 കർഷകരുടെ 1500 കുലച്ച വാഴകളും 5500 കുലക്കാത്ത വാഴകളും, 20 ഹെക്ടറിലെ കപ്പക്കൃഷിയും നശിച്ചതു മൂലം 41.45 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി.
കവളങ്ങാട് 30 കർഷകരുടെ 1840 കുലച്ച വാഴകളും 2600 കുലക്കാത്ത വാഴകളും, 155 റബ്ബറും നശിച്ചതു മൂലം 24.2ലക്ഷം രൂപയുടെ നാശനഷ്ടവും,
പല്ലാരിമംഗലം പരിധിയിൽ 25 കർഷകരുടെ 5000 കുലച്ച വാഴകളും 4000 കുലയ്ക്കാത്ത വാഴകളും, 3 ഹെക്ടർ കപ്പയും നശിച്ചതു മൂലം 46.4 ലക്ഷം രൂപയുടെ നഷ്ടവും,
കുട്ടമ്പുഴയിൽ 7 കർഷകരുടെ 200 കുലച്ച വാഴകളും 70 കുലക്കാത്ത വാഴകളും,17 കൊക്കോ, 25 കവുങ്ങ് എന്നിവ നശിച്ചതു മൂലം 1.59 ലക്ഷം രൂപയുടെ നാശനഷ്ടവും,
പിണ്ടിമനയിൽ 20 കർഷകരുടെ 750 കുലച്ച വാഴകളും 750 കുലക്കാത്ത വാഴകളും 2 ഹെക്ടർ പച്ചക്കറി, ഒരു ഹെക്ടർ കപ്പ എന്നിവ നശിച്ചതിൽ 8.23 ലക്ഷം രൂപയുടെ നാശനഷ്ടവും, പൈങ്ങോട്ടൂരിൽ 4 കർഷകരുടെ 300 കുലച്ച വാഴകളും, 200 കുലക്കാത്ത വാഴകളും, 2 ഹെക്ടർ പച്ചക്കറിയും നശിച്ചതു മൂലം 3.41 ലക്ഷം രൂപയുടെ നാശനഷ്ടവും പ്രാഥമികമായി വിലയിരുത്തുന്നു.
കൃഷി നാശം ഉണ്ടായ കർഷകർ പ്രകൃതിക്ഷോഭം, വിള ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കായി അതാത് കൃഷി ഭവനുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.