കോതമംഗലം: ഇതൊരു അസാധാരണ കുടുംബ കഥയാണ്. സ്വന്തം കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ആളിനെ പീഡന കേസിൽ കുടുക്കുന്ന അസാധാരണ കഥ. തന്നെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ സഹോദരനെതിരെ പരാതി നൽകിയതിന് മാതാവ് പീഡനകേസിൽ കുടുക്കാൻ ശ്രമിച്ചെന്നും ഇതിന്റെ പേരിൽ എസ് ഐയുടെ നേതൃത്വത്തിൽ വീട്ടിലെത്തിയ പൊലീസ് സംഘം മക്കളുടെ മുന്നിൽവച്ച് ക്രൂരമായി മർദ്ദിച്ചെന്നും നിർമ്മാണ തൊഴിലാളിയായ യുവാവ് പരാതിയുമായി എത്തുകയാണ്. ഈ പരാതി എറണാകുളം റൂറൽ എസ് പിയുടെ പരിഗണനയിലാണ്.

പരാതിയിൽ അന്വേഷണം നടത്തി ,ഉടൻ നടപടി സ്വീകരിക്കാൻ എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നൽകി. കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ യുവാവാണ് പരിക്കാരൻ. വിശദമായ പരിശോധനയിലൂടെ സത്യം കണ്ടെത്താനാകും എസ് പിയുടെ ശ്രമം. അവിഹിതവും പോക്‌സോ കേസും പീഡനവും മർദ്ദനവും എല്ലാ നിറയുന്ന അസാധാരണ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

ഭാര്യയുടെ അവിഹിതബന്ധം മക്കൾ നേരിൽ കണ്ടിരുന്നു. ഇത് തന്നോട് പറയുമെന്ന് മക്കൾ ഭാര്യയോട് പറയുകയും ചെയ്തു. ഇതിന്റെ ദേഷ്യത്തിൽ ഭാര്യയും കാമുകനും തേർന്ന് മക്കളെ വല്ലാതെ ഉപദ്രവിച്ചു. മകളുടെ ജനനേന്ദ്രിയത്തിൽ പച്ചമുളക് അരച്ച് തേച്ചു. ഇതും പോരാഞ്ഞ് ചൂടുവെള്ളത്തിൽ ഇരുത്തി. മകനെ മർദ്ദിച്ചു. കഴുത്തിന് പരിക്കേറ്റതിനാൽ കഴുത്ത് നേരെ പിടിക്കുന്നതിന് മകൻ ഇപ്പോഴും കഷ്ടപ്പെടുകയാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട് അധികൃതർക്ക് മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നു.

ഇതെത്തുടർന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഭാര്യയുടെ കാമുകനെ പോത്താനിക്കാട് പൊലീസ് പോക്സോ കേസിൽപ്പെടുത്തി അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയുമായി സഹോദരന് അടുത്തസൗഹൃദമാണ് ഉണ്ടായിരുന്നത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റിലായ പ്രതിയുമായി അടുപ്പമുള്ള പലരും സമീപിച്ചെങ്കിലും താൻ വഴങ്ങിയില്ല. ഏറ്റവും ഒടുവിലായി ഈ ആവശ്യവുമായി എത്തിയത് സ്വന്തം സഹോദരന്മാരായിരുന്നു. മക്കൾക്ക് നേരെ നടന്ന അതിക്രമം ഒരു കാരണവാശാലും ക്ഷമിക്കാൻ കഴിയില്ലെന്നും അതിനാൽ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നുമായിരുന്നു തന്റെ പ്രതികരണം.

ഇതെത്തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് സഹോദരൻ തന്നെ മർദ്ദിച്ച് അവശനാക്കുകയുമായിരുന്നു. തുടർന്നാണ് ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. ഇത് ഒത്തുതീർപ്പാക്കണമെന്ന് മാതാവ് പലവട്ടം ആവശ്യപ്പെട്ടു. താൻ വഴങ്ങിയില്ല. ഇതിനിടെ മക്കളെ അയൽവീടുകളിലേക്ക് കൊണ്ടുപോകുകയും സഹോദരൻ പാവമാണെന്നും താൻ കൊടുത്ത പരാതിയിൽ വാസ്തവം ഇല്ലന്നും മറ്റും പറയിക്കാനും മാതാവ് ശ്രമം നടത്തി. ഇത് താൻ ചോദ്യം ചെയ്തു. ഇതോട മാതാവിന് തന്നോടുള്ള ശത്രുത ഒന്നുകൂടി വർദ്ധിച്ചിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തി, വീട്ടിൽ മീൻ നന്നാക്കികൊണ്ടിരിക്കെ എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസുകാർ എത്തി, നിനക്കെതിരെ അമ്മ പരാതി നൽകിയിട്ടുണ്ടെന്നും ജീപ്പിൽ കയറാനും ആവശ്യപ്പെട്ടു. മക്കൾ ഒറ്റയ്ക്കാണെന്നും ആരെയെങ്കിലും ഏൽപ്പിച്ചിട്ട് വരാമെന്നും പറഞ്ഞപ്പോൾ എസ് ഐ സമ്മതിച്ചില്ല. പിന്നെ ബലം പ്രയോഗിച്ച്് കൊണ്ടുപോകാനായി നീക്കം.എതിർത്തപ്പോൾ എസ് ഐ മർദ്ദിക്കാൻ തുടങ്ങി. മക്കളുടെ മുന്നിൽവച്ച് തല്ലെ എന്ന് കാലുപിടിച്ച് പറഞ്ഞിട്ടും എസ് ഐ കേട്ടില്ല.ഇതുകണ്ട് ഭയന്നുവിറച്ച മക്കൾ കട്ടിലിൽ പുതപ്പിനടിയൽക്കയറി ഒളിച്ചു.

ഒടുവിൽ നാളെ രാവിലെ സ്റ്റേഷനിൽ എത്തണമെന്നും പറഞ്ഞ് പൊലീസ് സംഘം മടങ്ങി. തുടർന്നാണ് താൻ ഡിജിപിക്ക് പരാതി നൽകിയത്.യുവാവ് മറുനാടനോട് വിശദമാക്കി. മുമ്പ് കുട്ടികളെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ എത്തിയപ്പോൾ താൻ പറഞ്ഞത് എഴുതിചേർക്കുന്നതിൽ പൊലീസുകാർ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഇതിനോട് വിയോജിച്ചപ്പോൾ നീ പറയുന്നതുപോലെ എഴുതാനല്ല ഞാൻ ഇവിടെ ഇരിക്കുന്നതെന്നായിരുന്നു പൊലീസുകാരന്റെ മറുപിടി.

നേരത്തെ പരാതി നൽകാനെത്തിയപ്പോൾ 'തട്ടിപ്പുപാരാതിയുമായി വന്നേക്കുവാല്ലേടാ.. ഇറങ്ങിപ്പോടാ' എന്ന് ആക്രോശിച്ച് സ്റ്റേഷനിൽ വച്ച് പൊലീസുകാരൻ തന്നെ ആക്രമിച്ചെന്നും ഇപ്പോൾ മൊഴി കൊടുക്കാൻ പൊലീസ് വിളിച്ചാൽ സ്റ്റേഷനിലേക്ക് ചെല്ലാൻ തന്നെ ഭയമാണ്്.
ടൈൽസ് പണിക്കാണ് ഇപ്പോൾ പോകുന്നത്.സ്‌കൂളില്ലാത്ത ദിവസങ്ങളിൽ 7 ഉം 5 ഉം വയസുള്ള മക്കളെ പണിസ്ഥലത്തേക്ക് കൊണ്ടുവരും.

മാതാവ് പരാതിപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ വീട്ടിൽ കഴിയാൻ നിവൃത്തിയില്ല.അതിനാൽ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിക്കുകയെ മാർഗ്ഗമുള്ളു. താമസത്തിനും മക്കളെപോറ്റാനും കേസുനടത്താനും പണം ആത്യവശ്യമായതുകൊണ്ട് മാത്രമാണ് പൊലീസ് മർദ്ദിച്ചതിനെത്തുടർന്നുള്ള ശാരീരി വിഷമതകൾ മറന്ന് ജോലിക്ക് പോകുന്നത്.യുവാവ് വ്യക്തമാക്കി.