- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'50 പള്ളികൾ നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യമായിരിക്കില്ല കോതമംഗലം ചെറിയ പള്ളിയിൽ; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചും വൻ പ്രതിഷേധമുണ്ടാകും': മുന്നറിയിപ്പുമായി യാക്കോബായ പക്ഷം; പള്ളിപിടിക്കാൻ ഓർത്തഡോക്സുകാരെ അനുവദിക്കില്ല; പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ സഭ; വ്യാഴാഴ്ച കോതമംഗലത്ത് ഹർത്താൽ
കോതമംഗലം : മാർത്തോമാ ചെറിയപള്ളി ഏറ്റെടുക്കണമെന്ന കോടതിയുടെ പരാമർശത്തിനെതിരെ യാക്കോബായ സഭ പ്രതിഷേധ പരിപാടികളുമായി രംഗത്ത്. പള്ളി ഏറ്റെടുക്കാൻ രണ്ട് ദിവസത്തെ സാവകാശമാണ് സർക്കാരിന് വാക്കാൽ ഇന്ന് ഹൈക്കോടതി നൽകിയിരിക്കുന്നത്.
ഒരേ സമയം ചർച്ചയും പള്ളി പിടുത്തവും ആണ് ഇപ്പോൾ നടക്കുന്നത് എന്നും പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തെ വിശ്വാസി സമൂഹം ശക്തമായി പ്രതിരോധിക്കുമെന്നും ഇടവക വികാരി ഫാ ജോസ് പരത്തു വയലിൽ പറഞ്ഞു. 50 പള്ളി നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യം ആയിരിക്കില്ല കോതമംഗലത്ത്. കോവിഡ് സാഹചര്യം അവഗണിച്ചും വൻ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പും യാക്കോബായ പക്ഷം നൽകുന്നുണ്ട്.
പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും ഒരു കാരണവശാലും പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് നൽകില്ലെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി. പള്ളി ഏറ്റെടുക്കൽ നീക്കം ചെറുക്കാൻ രൂപീകൃതമായ മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുള്ളത്.
ഇന്ന് ഉച്ച കഴിഞ്ഞ് പള്ളിയിൽ യോഗം ചേർന്നാണ് സമിതി സമര പരിപാടികൾക്ക് അന്തിമ രൂപം നൽകിയത്. വ്യാഴാഴ്ച ഹർത്താൽ ആചരിക്കാനാണ് പ്രധാന തീരുമാനം. സമിതിയുടെ പ്രവർത്തനങ്ങൾക്ക് വ്യാപാരി സമൂഹവും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പൂർണ്ണ പിൻതുണ അറിയിച്ചിട്ടുണ്ട്. പള്ളി പിടിച്ചെടുക്കാനുള്ള നീക്കമുണ്ടായാൽ അതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് മതമൈത്രി സമിതി ചെയർമാൻ ഏ ജി ജോർജ്ജും കൺവീനർ കെ എ.നൗഷാദും മാധ്യമങ്ങളോട് പ്രതികരിച്ചു.
കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്തു കൈമാറണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടറെ കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു.കളക്ടർ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. വിധി നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താൽ ആണെന്ന് സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചിരുന്നു. അഭിഭാഷക കമ്മിഷനെ നിയോഗിക്കണം എന്ന സർക്കാർ അഭിഭാഷകന്റെ ശുപാർശ കോടതി തള്ളുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.