കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കുന്നത് ആപൽക്കരമായേക്കാമെന്നു ജില്ലാ കലക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. മാർത്തോമൻ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്കു കൈമാറണമെന്ന കോടതി വിധി നടപ്പാക്കിയില്ലെന്നു കാണിച്ചു നൽകിയ കോടതി അലക്ഷ്യ കേസിലാണു കലക്ടർ റിപ്പോർട്ട് നൽകിയത്. കോവിഡ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി. ഇതുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളി സ്ഥിതിചെയ്യുന്ന കോതമംഗലം മുനിസിപ്പാലിറ്റി 17-ാം വാർഡ് കണ്ടെയ്ന്മെന്റ് സോണാണെന്നു റിപ്പോർട്ടിൽ പറയുന്നു. 5,6,12,18,19,28, 30, 31 വാർഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. 64 രോഗികൾ കോവിഡ് 19 ബാധിച്ചു കോതമംഗലം മുനിസിപ്പൽ മേഖലയിൽ മാത്രം ചികിത്സയിലാണെന്നാണ് ഔദ്യോഗിക കണക്ക്. ആപൽക്കരമായ സാഹചര്യമാണെന്നും കൂടുതൽ ജാഗ്രതയും മുൻകരുതലും ആവശ്യമാണെന്ന സമയമാണെന്നും കളക്ടർ പറയുന്നു. മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകൽ.

കോടതി ഉത്തരവ് ബലംപ്രയോഗിച്ചു നടപ്പാക്കാൻ ശ്രമിച്ചാൽ മതവിശ്വാസത്തിന്റെയും തീക്ഷ്ണ വികാരത്തിന്റെയും പേരിൽ ഇടവകക്കാരും മറ്റു വിശ്വാസികളും തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് മൂലം കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുമെന്നും ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നു വിവരം ലഭിച്ചിരുന്നെന്നു കലക്ടർ അറിയിച്ചു. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിക്ക് കത്തു നൽകൽ.

ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് പള്ളി, ജില്ലാ ഭരണകൂടം കോടതി ഉത്തരവ് പ്രകാരം ഏറ്റെടുത്തപ്പോൾ ഇടവകക്കാരായ 250പേർ കൂട്ടംകൂടിയിരുന്നു. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ നീക്കിയത്. സംഭവത്തെ തുടർന്നു മുള്ളരിങ്ങാട് മേഖലയിൽ കോവിഡിന്റെ തീവ്ര വ്യാപനമുണ്ടായി. ജനക്കൂട്ടം മൂലം 70 പേർക്കു രോഗം ബാധിച്ചു. മുളന്തുരുത്തി പള്ളിയിലും സാമൂഹിക അകല നിബന്ധനകൾ ലംഘിച്ചു പ്രതിഷേധമുണ്ടായി. പള്ളി ഏറ്റെടുത്തപ്പോൾ അവിടെയുണ്ടായിരുന്നവരുടെ പരിശോധനാ ഫലം വരാനുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മേഖലയിൽ പൊടുന്നനെ പുതിയ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കലക്ടർ അറിയിച്ചു.

പള്ളി ഏറ്റെടുക്കൽ നടപടിയുമായി മുമ്പോട്ട് പോയാൽ ആളുകൾ സംഘടിക്കാൻ സാധ്യതയുണ്ടെന്നും ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും റിപോർട്ടിൽ പറയുന്നു. മുളന്തുരുന്തി പള്ളിയിൽ കോടതി ഉത്തരവ് നടപ്പാക്കിയപ്പോൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ സംഘടിച്ചു. ഇവരുടെ സാമ്പിൾ പരിശോധന ഫലം വരാനിരിക്കുന്നതയുള്ളുവെന്നും ഹൈക്കോടതിയെ അറിയിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പള്ളിയിൽ പ്രവേശിക്കാൻ സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് ഓർത്തഡോക്‌സ് വിഭാഗമാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

കോതമംഗലം പള്ളി ഉത്തരവ് നടപ്പാക്കുന്ന വിഷയത്തിൽ വീണ്ടും കർശന നിലപാടെടുത്ത് ഹൈക്കോടതി രംഗത്ത് വന്നിരുന്നു. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഉത്തവ് നടപ്പാക്കാൻ കേന്ദ്ര സേനയെ ഉപയോഗിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. കേസിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ അഭിഭാഷകന് കൈമാറുന്നതിനും കോടതി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ഇതിനെ തുടർന്നാണ് കളക്ടർ റിപ്പോർട്ട് നൽകിയത്.

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. വിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നടപടി. നേരത്തെ കോടതി വിധിയെ തുടർന്ന് കലക്ടറുടെ നിർദ്ദേശം പാലിച്ച് താക്കോൽ വാങ്ങുന്നതിന് മൂവാറ്റുപുഴ ആർഡിഒ പല പ്രാവശ്യം സ്ഥലത്തെത്തിയെങ്കിലും വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പള്ളിയിൽ പ്രവേശിക്കാനാകാതെ മടങ്ങേണ്ടി വന്നിരുന്നു. പള്ളി ഏറ്റെടുത്ത് കൈമാറുന്നതിന് കർമ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ മാർച്ചിൽ ജില്ലാകലക്ടർ എസ്. സുഹാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച കർമ പദ്ധതി കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.

എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ ജില്ലാഭരണകൂടം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുകയായിരുന്നു. ഇതിനിടെയാണ് കേസ് വീണ്ടും കോടതി പരിഗണിക്കുകയും വിധി നടപ്പാക്കാൻ കേന്ദ്ര സേനയെ നിയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിരിക്കുന്നത്.