കോതമംഗലം: ഹർത്താലിന് തുടക്കമായി. എല്ലാ കണ്ണുകളും മാർത്തോമ ചെറിയ പള്ളിയിലേയ്ക്ക്. പൊലീസിനെച്ചെറുക്കാൻ തന്ത്രമൊരുക്കുന്ന തിരക്കിൽ മതമൈത്രി സംരക്ഷണ സമിതി. പ്രതിഷേധച്ചൂടിൽ എന്തും നേരിടാൻ തയ്യാറായി വിശ്വാസി സമൂഹം. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ച് പൊലീസും. കോതമംഗലത്ത് നിലവിലെ സ്ഥിതിഗതികൾ ഇങ്ങിനെ.

തിങ്കളാഴ്ച കോതമംഗലം മാർത്തോമ ചെറിയപള്ളി വിഷയത്തിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലിനെത്തുടർന്നാണ് ഇവിടെ അസാധാരണ നീക്കങ്ങൾ ദൃശ്യമായിത്തുടങ്ങിയത്. ഇന്നലെ രാത്രിയിലും പള്ളിയിൽ വിശ്വാസികൾ തമ്പടിച്ചിരുന്നു. പൊലീസ് നീക്കം ഏതുവിധേനയും ചെറുക്കുമെന്ന മുന്നറിയിപ്പുമായിട്ടാണ് സ്ത്രീകളുൾപ്പെടുന്ന വിശ്വാസി സമൂഹം ഇന്നലെ പള്ളിയിൽ തങ്ങിയിരുന്നത്.

ഇന്നലെ രാത്രി വൈകിയും പള്ളിയിലേയ്ക്ക് വൈദീകരും സ്ത്രീകൾ അടക്കമുള്ള വിശ്വാസികൾ കൂട്ടത്തോടെ പള്ളിയിലേയ്ക്ക് എത്തിയിരുന്നു. ഡീൻ കുര്യക്കോസ് എം പി,എൽദോ എബ്രാഹം എം എൽ എ എന്നിവർ ഇന്നലെ പള്ളിയിലെത്തി വിശ്വാസികളുടെ വേദനയിൽ പങ്കുചേരുന്നതായി അറിയിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ യാക്കോബായ വിശ്വാസികളിൽ ഭൂരിപക്ഷവും അതീവദുഃഖിരാണ്. ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്നാണ്് ഇവർ പള്ളിയിൽ ഒത്തുകൂടിപ്രഖ്യാപിച്ചിട്ടുള്ളത്.

പള്ളി ഏറ്റെടുക്കുന്ന വിഷയത്തിൽ 2 ദിവസംകൂടി നോക്കിയിട്ടും ഫലമുണ്ടായില്ലങ്കിൽ ആ ചുമതല സി ആർ പി എഫിന് കൈമാറാനും മടിക്കില്ലന്ന് ഹൈക്കോടതി വാക്കാൽ പരാമർശച്ചിരുന്നു. പിന്നാലെ മുഖം രക്ഷിക്കാൻ സർക്കാർ പള്ളിപിടിച്ചെടുക്കാൻ ഉടൻ നീക്കം ആരംഭിക്കുമെന്ന തരത്തിൽ പ്രചാരണം ശക്തിപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് ഇതുവരെ പൊലീസോ ജില്ല ഭരണകൂടമോ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നിർദ്ദേശമെത്തിയാൽ നടപ്പിലാക്കാൻ പൊലീസ് സജ്ജമാണെന്നാണ് സൂചന. കോടതി നിർദ്ദേശിച്ച 2 ദിവസം ഇന്ന് തീരുമെന്നിരിക്കെ ഇനിയെന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ വിശ്വാസികളും പൊതുസമൂഹവും. വിശ്വാസികളുടെ പ്രതിരോധത്തെത്തുടർന്ന് അനുകൂല കോടതി വിധിയുമായെത്തിയ ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാന് ഒന്നര ദിവസത്തോളം കാത്തുനിന്നിട്ടും പള്ളിയിൽ പ്രവേശിക്കാനാവാതെ മടങ്ങേണ്ടി വന്നിരുന്നു.പൊലീസ് സംരക്ഷണമൊരുക്കിയതിനാൽ മാത്രമാണ് വിശ്വാസികളുടെ വൈകാരികപ്രകടനങ്ങളിൽ പരിക്കേൽക്കാതെ അന്ന് റമ്പാൻ ഇവിടെ നിന്നും മടങ്ങാനായത്.

വിശ്വാസികളെ അടിച്ചൊതുക്കി റമ്പാനെ പള്ളിയിൽ പ്രവേശിപ്പിക്കേണ്ടെന്ന നിർദ്ദേശം ഉന്നതങ്ങളിൽ നിന്നും ലഭിച്ചതിലാണ് അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത നീക്കം ഉണ്ടാാവാതിരുന്നതെന്നാണ് പരക്കെ പ്രചരിച്ച വിവരം.ഇതുൾപ്പെടെ മൂന്നുതവണ റമ്പാൻ പള്ളിയിൽ പ്രവേശിക്കാനെത്തിയിരുന്നു.മാസങ്ങൾക്ക് മുമ്പ് പള്ളിയിൽ എത്തിയ അവസരത്തിൽ തനിക്ക് നേരെ ആക്രമണമുണ്ടാായതായും തോമസ്സ് പോൾ റമ്പാൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

50 പള്ളി നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യം ആയിരിക്കില്ല കോതമംഗലത്തെന്നും പള്ളി ഏറ്റെടുക്കുന്നതിന് ആരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാലും കോവിഡ് സാഹചര്യം അവഗണിച്ചും വൻ പ്രതിഷേധമുണ്ടാകുമെന്നും പള്ളിവികാരി ഫാ. ജോസ്സ് പരരത്തുവയലിൽ വ്യക്തമാക്കിയിട്ടുണ്ട്.