കോതമംഗലം: പെരിയാറിൽ വള്ളം മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി ജീവയാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടടുത്ത് ദീപുവും സുഹൃത്ത് മുബാറക്കും പ്രദേശവാസിയായ വർഗീസും സഞ്ചരിച്ചിരുന്ന വള്ളം ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം മറിയുകയായിരുന്നു.

വർഗീസിന്റെതാണ് വള്ളം. മരിച്ച ജീവ വർഗ്ഗീസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇന്ന് ജോലി ഇല്ലാത്തതിനാൽ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു മുബാറക്ക്. തുടർന്ന് മൂവരും കൂടി പെരിയാറിൽ ചുറ്റിക്കറങ്ങാൻ പുറപ്പെടുകയായിരുന്നു.

ഇഞ്ചത്തൊട്ടി പാലത്തിനടുതത്തെത്തിയപ്പോൾ ബാസലൻസ് നഷ്ടപ്പെട്ട് വള്ളം മറിയുകയായിരുന്നു. വർഗീസാണ് വള്ളം നിയന്ത്രിച്ചിരുന്നത്. വർഗീസിനും മുബാറക്കിനും നീന്തൽ വശമുണ്ടായിരുന്നതിനാൽ താമസിയാതെ കരയ്ക്കെത്തി.

ജീവയ്ക്ക് നീന്തൽ വശമില്ലായിരുന്നു. അപകടം അറിഞ്ഞ് കോതമംഗലത്തു നിന്നെത്തിയ അഗ്‌നി ശമന സേനാംഗങ്ങൾ മൃതദ്ദേഹം മുങ്ങിയെടുത്തു. പോസ്റ്റുമോർട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കോതമംഗലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.