കോതമംഗലം:നെല്ലിക്കുഴിയിൽ കോതമംഗലം എസ് ഐ പെട്ടി ഓട്ടോയുടെ ടയർ കുത്തിക്കീറിയത് അടുപ്പക്കാരനായ സി പി എം നേതാവിനോടുള്ള കുറ് ഉറപ്പിക്കാനെന്ന് സൂചന.

താലൂക്കിലെ പ്രധാന വ്യാപാര കേന്ദ്രമായ നെല്ലിക്കുഴിയിൽ പുറമേ നിന്നും പെട്ടി ഓട്ടോക്കാർ വിവിധ വസ്തുക്കളുമായി വ്യാപാരത്തിനെത്തുന്നത് പതിവായിരുന്നു.സംഘർഷമുണ്ടായ ദിവസവും ഇത്തരത്തിൽ നിരവധി ഓട്ടോകൾ ഇവിടെ വ്യാപാരം നടത്തുന്നുണ്ടായിരുന്നു.

വ്യാപാരത്തിനെത്തിയ പഴം പച്ചക്കറി വിൽപ്പനക്കാരാന്റെ ഓട്ടോ പാർക്ക് ചെയ്തിരുന്നത് സി പി എം പ്രാദേശിക നേതാവിന്റെ ബന്ധുക്കൾ നടത്തിവന്നിരിന്ന ഫ്രൂട്ട് സ്റ്റാളിന്റെ സമീപത്തായിരുന്നു. ഇത് മൂലം ഇവർക്ക് കച്ചവടത്തിൽ കാര്യമായ ഇടിവ് നേരിടുകയും ചെയ്തിരുന്നു. ഇവർ അറിയിച്ചത് പ്രകാരം സി പി എം നേതാവ് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നെന്നും പൊലീസ് എത്തിയപ്പോൾ മാറി നിന്ന ഓട്ടോ ഉടമയെ പ്രത്യക്ഷപ്പെടുത്താനുള്ള എസ് ഐ യുടെ തന്ത്രമായിരുന്നു ടയർ കുത്തീക്കീറലെന്നുമാണ് പുറത്തായ വിവരം.

എന്ത് പ്രശ്‌നമുണ്ടായാലും കൂടെ നിൽക്കാമെന്ന നേതാവിന്റെ ഉറപ്പിലാണ് എസ് ഐ ഓട്ടോയുടെ ടയർ നശിപ്പിച്ചതെന്നും സംഭവം സംഘർഷത്തിൽ എത്തിയതോടെ പ്രശ്‌നം പരിഹരിക്കാൻ ഈ നേതാവ് തന്നെ മുന്നിട്ടിറങ്ങിയെന്നുമാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം.

നശിപ്പിക്കപ്പെട്ട ടയറുകൾ പൊലീസ് വാങ്ങിനൽകുമെന്ന് നാട്ടുകാരെ അറിയിച്ചതും വാഹന ഗതാഗതം സ്തംഭിക്കുന്ന തരത്തിലേക്ക് വഴിമാറിയ സമരപരിപാടി അവസാനിപ്പിക്കുന്നതിനും ശക്തമായി രംഗത്തുണ്ടായിരുന്നതും ഈ നേതാവായിരുന്നെന്നാണ് ദൃക്്‌സാക്ഷികൾ പങ്കുവയ്ക്കുന്ന വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി ഏ വി ജോർജ്ജ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.എസ് ഐ യുടെ നടപടി പൊലീസിന്റെ അന്തസിന് ചേർന്നതല്ലന്നും ഇത്തരം പ്രവർത്തികളിൽ നിന്നും പൊലീസുകാർ പിൻതിരിയണമെന്നും കഴിഞ്ഞ ദിവസം റൂറൽ പൊലീസ് ആസ്ഥാനത്ത് നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ എസ് പി ആവശ്യപ്പെട്ടു.'പ്രഷർ'താങ്ങാനാവാതെ വരുന്നതിനാലാണ് തങ്ങളിൽ ചിലരെങ്കിലും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടുപോകുന്നതെന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യമില്ലന്നും ഉദ്യോഗസ്ഥരിൽ ചിലർ യോഗത്തിൽ തുറന്നടിച്ചതായും സൂചനയുണ്ട്.

സംഭവത്തിൽ കോതമംഗലം എസ് ഐ ലൈജുമോനെതിരെ ഉടൻ നടപടിയുണ്ടാവുമെന്ന് പ്രാദേശിക സി പി എം നേതൃത്വം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളും പ്രത്യക്ഷപെട്ടുതുടങ്ങിയിരുന്നു.എന്നാൽ സംഘർഷ സമയത്ത് ലൈവായി നിന്നിരുന്ന നേതാവ് മറ്റുള്ളവരുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ഉന്നതങ്ങളിൽ സമ്മർദ്ധം ചെലത്തി എസ് ഐ യെ നടപടികളിൽ നിന്നും രക്ഷിക്കുകയായിരുന്നെന്നാണ് ഇവരിൽ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ.നെല്ലിക്കുഴിയിലെ സംഘർഷത്തിന്റെ പേരിനുപോലും എസ് ഐക്കെതിരെ നടപടിയെടുക്കില്ലന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.

ഒട്ടോ റിക്ഷയുടെ ടയർ നശിപ്പിച്ച വിഷയത്തിൽ സി പി എം പ്രാദേശിക നേതാക്കളും മറ്റ് വിവിധ രാഷ്ട്രീയ സംഘനപ്രവർത്തകരും കോതമംഗലം ,മൂവാറ്റുപുഴ,പെരുമ്പാവൂർ സി ഐ മാരും തമ്മിലുണ്ടാക്കിയ 'സമാധനക്കാരാർ'പ്രഹസനമായിരുന്നെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.'എസ് ഐ ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്നാണ് ഞങ്ങൾ പറഞ്ഞത്.അല്ലാതെ നടപടിയെടുക്കുമെന്നൊന്നുമല്ലോ'സംഭവത്തെക്കുറിച്ചാരാഞ്ഞപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഉയർന്ന ഉദ്യോഗസ്ഥൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങിനെയാണ്.സംഘർഷം അവസാനിപ്പിക്കാൻ സ്വീകരിച്ച തന്ത്രമെന്ന നിലയിലാണ് പൊലീസ് നേതൃത്വം ഇപ്പോൾ ഈ നീക്കത്തെ വിലയിരുത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്.

സി പിഎം ശക്തികേന്ദ്രമായ നെല്ലിക്കുഴിയിൽ ആഭ്യന്തരവകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പാർട്ടി നേതാവ് നേരിട്ടപെട്ടതായുള്ള വില
യിരുത്തലുകൾ പാർട്ടിയുടെ മേൽഘടകങ്ങളിലും ചൂടേറിയ ചർച്ചയായിട്ടുണ്ടെന്നാണ് സൂചന.