കോതമംഗലം:ആദ്യം പരിശോധിച്ചില്ലങ്കിൽ എയ്ഡ്‌സ് പരത്തുമെന്ന് ഭീഷിണി. ഇത് വകവയ്ക്കാതെ ഡോക്ടർ ജോലി തുടർന്നപ്പോൾ ഇടയ്ക്ക് കയറി തടസം നിന്നു. സംഭവം കാര്യമായെന്ന് ബോദ്ധ്യപ്പെട്ടതോടെ അലറിവിളിച്ച് അവശരായ രോഗികൾ പോലും ഏന്തിയും വലിഞ്ഞും സ്ഥലം വിട്ടു. അസഭ്യവർഷത്തിന്റെയും ആക്രമണ ഭീഷിണിയുടെയും നിറവിൽ അന്തം വിട്ടുനിന്നത് അരമണിക്കൂർ. ഒടുവിൽ പൊലീസിന്റെ രംഗപ്രവേശത്തോടെ രംഗം ശാന്തം.

എച്ച്.ഐ.വി ബാധിതനെന്ന് അവകാശപ്പെട്ട് ചികത്സ തേടിയെത്തിയ യുവാവിന്റെ പരാക്രമത്തെക്കുറിച്ച കോതമംഗലം താലൂക്ക് ആശുപത്രി ജീവനക്കാർ നൽകുന്ന വിവരണം ഇങ്ങനെ.

യുവാവിന്റെ ഭീഷിണിയിൽ ഡ്യൂട്ടി ഡോക്ടറും ആശുപത്രി ജിവനക്കാരും അക്ഷരാർത്ഥത്തിൽ അന്തം വിട്ടു.ചികത്സതേടിയെത്തിയ നിരവധി രോഗികളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലാണ് യുവാവ് ഭീഷിണിയുമായി ഉറഞ്ഞ് തുള്ളിയത്.കണ്ടുനിന്നവരിൽ ഭീതിയുളവാക്കുന്ന ശരീര ഭാഷയോടെ നിലയുറപ്പിച്ച യുവാവിനെ നേരിടാൻ കാഴ്ചക്കാർക്കും സെക്യൂരിറ്റി ജീവനക്കാരും തയ്യാറായില്ല.

ഭയവിഹ്വലരായ കാഴ്ചക്കാർ നിർദ്ദേശിച്ചതനുസരിച്ച് ആശുപത്രി ജീവനക്കാർ സാഹായം തേടി പൊലീസിനെ വിളിച്ചെങ്കിലും കൃത്യനിർവ്വഹണത്തിനായി ഇക്കൂട്ടർ എത്തിയതാവട്ടെ യുവാവിന്റെ അരമണിക്കൂറോളം നീണ്ട സംഹാരം താണ്ഡവത്തിന്റെ അന്ത്യഘട്ടത്തിലും. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് കാഴ്ചക്കാരിലും ആശുപത്രി ജീവനക്കാരിലും അമ്പരപ്പും ഭീതിയും ഉളവാക്കിയ യുവാവിന്റെ പ്രകടനം അരങ്ങേറിയത്.

അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ ഇയാൾ ഡ്യുട്ടി ഡോക്ടറെയും നഴ്‌സുമാർ അടക്കമുള്ള ജീവനക്കാരെയും അരമണിക്കൂറോളം മുൾമുനയിൽ നിർത്തി. ചികിത്സ തേടിയെത്തിയ ഇയാൾ തന്നെ ആദ്യം ചികിത്സിക്കണമെന്നും ഇല്ലെങ്കിൽ എയ്ഡ്‌സ് പരത്തുമെന്ന് ഭീക്ഷണി മുഴക്കുകയും അസഭ്യവർഷം തുടങ്ങുകയുമായിരുന്നു. മുൻഗണന ക്രമം പാലിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതോടെ ഇയാൾ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നത് തടഞ്ഞ് ബഹളം ആരംഭിക്കുകയായിരുന്നു.

തനിക്ക് എയ്ഡ്‌സ് ഉണ്ടെന്നും രോഗം ഡോക്ടർ അടക്കമുള്ളവരിലേക്ക് പകർത്തുമെന്നുമായിരുന്നും പറഞ്ഞായിരുന്നു ഇയാൾ ഭീഷിണിമുഴക്കിയത്. സഹികെട്ടതോടെയാണ് ആശുപത്രി അധികൃതർ പൊലീസിന്റെ സഹായം തേടിയത്. സ്റ്റേഷനിൽ നിന്നും അഞ്ച് മിനിട്ടുകൊണ്ടെത്താവുന്ന ദൂരത്തുള്ള ആശുപത്രിയിൽ പൊലീസ് എത്തിയത് ഇതിലും ഏറെ വൈകിയാണെന്നാണ് ആശുപത്രി ആധികൃതർ നൽകുന്ന വിവരം. പൊലീസ് എത്താൻ വൈകിയതോടെ ആശുപത്രി അധികൃതർ വിവരം ആശുപത്രി ഉപദേശക സമിതിയംഗവും മാധ്യമപ്രവർത്തകനുമായ പി എ പാദുഷയെയും അറിയിച്ചു.

തുടർന്ന് പാദുഷയും മറ്റും ആശുപത്രിയിലെത്തിയതോടെ പൊലീസും സ്ഥലത്തെത്തി. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.ഇതോടെയാണ് ഏറെനേരമായി ആശുപത്രി വളപ്പിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥക്ക് പരിഹാരമായി. ഇത്തരത്തിൽ താലൂക്ക് ആശുപത്രിയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായതോടെ ആശുപത്രി ജീവനക്കാരും, ചികിത്സ തേടി എത്തുന്ന രോഗികളും ഭീതിയിലായിരിക്കുകയാണ്. ഒ.പി സമയം കഴിയുന്നതോടെ മദ്യപിച്ച് എത്തുന്ന ഇവർ ആശുപത്രിയെ ഇവരുടെ താവളമാക്കി മാറ്റുകയാണ്.

മദ്യപിച്ച് പരസ്പരം വഴക്കുണ്ടാക്കുന്നതും, അസഭ്യവർഷം ചൊരിയുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ് . ഇത് ചോദ്യം ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരേയും, ചികിത്സ തേടി എത്തുന്ന നാട്ടുകാരേയും കയ്യേറ്റം ചെയ്ത സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ആക്രമണം ഭയന്ന് ആരും ഇവരോട് പ്രതികരിക്കാറില്ല.ശല്യം സഹിക്കാൻ കഴിയാതെ വരുമ്പോൾ പൊലീസിനേ അറിയിക്കുമെങ്കിലും പൊലീസ് എത്തി ഇവരെ പിടിച്ച് കൊണ്ട് പോയി ഉടനെ തന്നെ വിട്ടയക്കുന്ന രീതിയാണ് ഉള്ളത്.പൊലീസ് വിട്ടയക്കുന്ന ഇവർ ആശുപത്രിയിൽ വീണ്ടും എത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നു.

ഇതു മൂലം പൊലീസിൽ പരാതി പറയാൻ പോലും കഴിയാതയായിരിക്കുകയാണെന്നും ജീവനക്കാർ പറയുന്നു.സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം സ്വസ്ഥമായി ജോലി ചെയ്യാൻ പറ്റുന്നില്ലെന്നും, ഇതിനെതിരെ ഉത്തരാവാദിത്വപ്പെട്ടവരുടെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ ഉണ്ടാകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.