തിരുവനന്തപുരം: കുടുംബ പ്രശ്‌നങ്ങൾ തീർക്കാനെന്ന പേരിൽ വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുന്ന ദമ്പതികളെ വിളിച്ചുവരുത്തി ചാനൽ വേദിയിൽ വിചാരണ നടത്തി അപമാനിക്കുന്ന ചാനൽ ഷോയ്‌ക്കെതിരെ മറ്റൊരു കടുത്ത പരാതി കൂടി. കുടുംബ പ്രശ്‌നം സംസാരിച്ച് തീർക്കാമെന്ന് വ്യക്തമാക്കി ഡിവോഴ്‌സ് കേസ് നൽകിയ ദമ്പതിമാരെ വിളിച്ചിരുത്തി വിചാരണ ചെയ്യുന്ന ചാനൽ ഷോയിലുണ്ടായ ദുരനുഭവങ്ങളും ഷോയിലെ ആങ്കറായ പ്രശസ്ത നടി തന്നെ തന്നെ അപമാനിച്ചതെങ്ങനെയെന്നും 'വനിത'യിലൂടെ ഒരു കുടുംബസ്ഥന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കോട്ടയം സ്വദേശിയായ ഗൃഹനാഥനാണ് ചാനൽ അവതാരക തന്നെ ചാനൽഷോയിൽ അപമാനിച്ചതായി വ്യക്തമാക്കി വനിത ഓൺലൈനിനെ സമീപിച്ചത്. പേരു പ്രസിദ്ധീകരിക്കരുതെന്ന് അഭ്യർത്ഥിച്ചായിരുന്നു വിവരങ്ങൾ നൽകിയത്. ഷോയിലെ അവതാരകയുടെ ഭീഷണിക്ക് വഴങ്ങാതായതോടെ അവർ തന്നെ അപമാനിക്കും വിധം തികച്ചും ഏകപക്ഷീയമായി എഡിറ്റുചെയ്ത് എപ്പിസോഡ് സംപ്രേഷണം ചെയ്തുവെന്നും ഇത്തരത്തിൽ ചാനലുകളുടെ മധ്യസ്ഥത കെണിയിൽ വീഴരുതെന്നും അദ്ദേഹം പറയുന്നു. അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:

പാലായ്ക്ക് സമീപമാണ് ഞാൻ കുടുംബവുമൊത്ത് താമസിച്ചിരുന്നത്. രണ്ടു മക്കളാണ് ഞങ്ങൾക്ക്. എട്ടു വർഷമായി എന്നും പ്രശ്‌നങ്ങളാണ്. നാട്ടുകാരെ അറിയുന്നത് നാണക്കേടാണല്ലോ എന്നു കരുതി കുറേ നാൾ പ്രശ്‌നങ്ങൾ വീടിൽ ഒതുക്കി. അധികം നാൾ അതു നീണ്ടില്ല. പിന്നെ കേസിന്റെയും പൊലീസ് സ്‌റ്റേഷന്റെയും കാലമായിരുന്നു. ഭാര്യ എനിക്കെതിരേ നിരവധി പരാതികൾ നൽകി. പലവട്ടം പൊലീസ് എന്നെ ചോദ്യം ചെയ്യാൻ സ്‌റ്റേഷനിൽ വിളിപ്പിച്ചു. നാട്ടുകാർ എനിക്ക് അനുകൂലമായി നിന്ന് സത്യം പറഞ്ഞതുകൊണ്ടാണ് പലപ്പോഴും ജയിലിൽ കിടക്കാതെ രക്ഷപ്പെട്ടത്.

ഒടുവിൽ ഡിവോഴ്‌സ് ആണ് നല്ലതെന്ന് എനിക്കു തോന്നി. അങ്ങനെയാണ് 2012ൽ കോടതിയെ സമീപിച്ചത്. കേസ് പുരോഗമിക്കുന്നതിനിടെയാണ് ഒരു ചാനലിന്റെ ആളുകൾ കോടതിയിൽ എത്തിയത്. കേസ് അവധിക്കു വച്ചതറിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ചാനലിന്റെ പേര് പറഞ്ഞ് ഒരാൾ സമീപിക്കുകയായിരുന്നു.

ചാനലിൽ എത്തി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും നിങ്ങളും അതിനു തയാറാകണം എന്നുമാണ് അവർ ആവശ്യപ്പെട്ടത്. ഞാൻ ചെന്നില്ലെങ്കിൽ ഭാര്യയുടെ വാദങ്ങൾ അംഗീകരിക്കുന്നതായി കരുതി പരിപാടി സംപ്രേഷണം ചെയ്യുമെന്നും അറിയിച്ചു. തുടർന്ന് അഭിഭാഷകനുമായും സുഹൃത്തുക്കളുമായും ആലോചിച്ച് ഞാൻ സമ്മതം മൂളി. പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കിൽ അതു നല്ലതല്ലേ എന്നാണ് എല്ലാവരും ചോദിച്ചത്.

ചാനലിൽ എത്തിയതോടെ ഇവരുടെ ഭാവം മാറി. ക്രിമിനൽ കുറ്റം ചെയ്ത ആളോടെന്ന പോലെയായിരുന്നു എന്നോടുള്ള പെരുമാറ്റം. ചോദ്യം ചെയ്യൽ പൊലീസുകാരുടെ ശൈലിയിലും. ഭാര്യ പറഞ്ഞ കഥകൾ അതേപടി ഏറ്റുപിടിക്കുകയാണ് അവർ ചെയ്തത്. എന്റെ ഭാഗം കേൾക്കാൻ പോലും തയാറായില്ല. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു മോഡറേറ്റർ.

പ്രായത്തിനു ചേരാത്ത മേക്കപ്പിട്ട് ഇരുന്നിരുന്ന ഇവർ എന്നോടു വളരെ പരുഷമായാണ് പെരുമാറിയത്. കാര്യങ്ങൾ മനസിലാക്കി സംസാരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കിയില്ല. അവരുടെ വാദങ്ങൾ ഞാൻ സമ്മതിക്കുന്നില്ല എന്നു മനസിലാക്കിയതോടെ സ്വരം ഭീഷണിയുടേതായി. എന്റെ പേരിലുള്ള വീടും സ്ഥലവും ഭാര്യയുടെ പേരിൽ എഴുതി വയ്ക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം.

ഇതിനായി അവർ ഡോക്യുമെന്റുകളും തയാറാക്കി. എന്നാൽ അതിൽ ഒപ്പുവയ്ക്കാൻ ഞാൻ തയാറായില്ല. ഇതോടെ ഭീഷണിയായി. ഇതു കോടതിയാണെന്നും തങ്ങളുടെ തീരുമാനം നടപ്പാക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. എങ്കിൽ എനിക്ക് ഈ കോടതിയിൽ വിശ്വാസമില്ലെന്നും കുടുംബകോടതിയിലും എന്റെ അഭിഭാഷകനിലുമാണ് വിശ്വാസം എന്നും ഞാൻ പറഞ്ഞു ഷോയിൽ നിന്ന് ഇറങ്ങിപ്പോന്നു. ഇതിന്റെ പ്രതികാരം എന്നവണ്ണം അവർ ഷോ സംപ്രേഷണം ചെയ്തപ്പോൾ എനിക്കെതിരേയുള്ള കാര്യങ്ങൾ തികച്ചും ഏകപക്ഷീയമായി എഡിറ്റ് ചെയ്തു കാട്ടി. എന്റെ വാദങ്ങളൊന്നും കാട്ടിയതുമില്ല. അങ്ങനെ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ ഞാൻ അപമാനിതനായി. വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ.

ഇത്തരം ഒരു അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ ഇതു പുറത്തു പറയുന്നത്. എന്റെ കേസ് ഇപ്പോഴും കുടുംബ കോടതിയിൽ നടക്കുകയാണ്. ഉടൻ വിധിയുണ്ടാകുമെന്ന് കരുതുന്നു. ജീവിതത്തിൽ ഇതിനോടകം ഒരുപാട് വേദനകൾ അനുഭവിച്ചു. അതിൽ ഏറ്റുവും മനസിനെ അലട്ടുന്നത് ഈ സംഭവമാണ്. ഒരുപക്ഷേ കൗൺസിലിങിലൂടെയും മറ്റും തീരാവുന്ന ഞാനും എന്റെ ഭാര്യയുമായുള്ള പ്രശ്‌നം ഇത്രയും വഷളാക്കിയതും ഇനി ഒരു കൂടിച്ചേരലിനു സാധ്യത ഇല്ലാതാക്കിയതും ഈ ചാനലുകളായിരിക്കും. അതുകൊണ്ട്, എല്ലാവരോടും പറയുകയാണ്... ചാനലുകളിലെ മധ്യസ്ഥത നിങ്ങളെ അപകടത്തിൽ കൊണ്ടുചെന്നെത്തിക്കും. അതിന് ഞാൻ സാക്ഷി, എന്റെ ജീവിതം സാക്ഷി...

ഇത്തരത്തിൽ കുടുംബത്തിന്റെ മധ്യസ്ഥതയെന്ന പേരിൽ നടക്കുന്ന ആഭാസങ്ങൾക്ക് ഒരിക്കലും തലവച്ചുകൊടുക്കരുതെന്ന ഉപദേശവുമായി കോട്ടയം സ്വദേശിയായ ഗൃഹനാഥന്റെ അനുഭവക്കുറിപ്പ് അവസാനിക്കുമ്പോൾ പ്രതിക്കൂട്ടിലാകുകയാണ് ഇത്തരം പരിപാടികൾ അവതരിപ്പിക്കപ്പെടുന്ന ചാനലുകൾ. മലയാളത്തിൽ പ്രശസ്ത നടി ഉർവശി അവതാരകയായി എത്തുന്ന കൈരളിയിലെ ജീവിതം സാക്ഷി എന്ന വിചാരണയ്ക്കിടെ അടുത്തിടെ ഇത്തരത്തിൽ പരാതി ഉയർന്നിരുന്നു. അവതാരക മാത്രമായ ഉർവശി ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ സംസ്‌കാര രഹിതമായി പെരുമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിയിൽ നിന്നും കൈരളി ചാനൽ മേധാവിയിൽ നിന്നും വിശദീകരണം തേടിയിരുന്നു.

ഈ കേസ് ഈ മാസം ഒമ്പതിന് പരിഗണിക്കാൻ ഇരിക്കുകയാണ്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പരിപാടിയിൽ മദ്യപിച്ച് ലക്കുകെട്ടു നടക്കുകയും സ്വയം വിവാഹമോചനം നേടുകയുമെല്ലാം ചെയ്ത ഉർവശിയെ പോലെ ഒരു സ്ത്രീക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ എന്ത് അവകാശമുണ്ടെന്ന ചോദ്യവും ഉന്നയിച്ചായിരുന്നു പരാതി. സമാനമായ രീതിയിൽ കഥയല്ലിത് ജീവിതമെന്ന പരിപാടി അമൃത ടിവിയിലും നടക്കുന്നുണ്ട്. മുൻ തെന്നിന്ത്യൻ നായികയായ നടി വിധുബാലയാണ് ഇതിന്റെ അവതാരക. ഈ പരിപാടിക്കെതിരെയും ഇടയ്ക്ക് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

ഇത്തരം പരിപാടികളിൽ പലപ്പോഴും പരാതിക്കാരുടെ സ്വകാര്യത പോലും മാനിക്കാതെയാണ് ചോദ്യങ്ങളുയരുന്നതും അത് നാട്ടുകാരെല്ലാം കാണുംവിധം സംപ്രേഷണം ചെയ്യുന്നതെന്നുമുള്ള പരാതികൾ വ്യാപകമാണ്. കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലിൽ അവതാരകയായ നടി ഖുശ്‌ബു നടത്തിയ പ്രകടനത്തിനെതിരേ മറ്റൊരു നടിയായ രഞ്ജിനി രംഗത്തു വരികയും ചെയ്തിരുന്നു.