കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ സി.പി.എം-കേരളാ കോൺഗ്രസ് ബാന്ധവത്തിൽ കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരെ ആഞ്ഞടിച്ചു ഡിസിസി യോഗത്തിൽ പ്രമേയം. മാണിയുമായും മകനുമായും ഇനി ഒരുവിധത്തിലുമുള്ള കൂട്ടുകെട്ടും വേണ്ടെന്ന് ഡിസിസി യോഗം തീരുമാനിച്ചു. വഞ്ചന ഇനിയും വച്ചുപൊറുപ്പിക്കാനാവില്ലെന്നു വ്യക്തമാക്കിയാണു കോട്ടയം ഡിസിസി യോഗത്തിന്റെ നടപടി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മാണിക്കും മകനും എതിരേ പ്രമേയം പാസാക്കിയത്. മാണിക്കെതിരേ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്.'മാണി സാർ' എന്ന വിളി 'മാണി'യെന്നു തിരുത്തിയ കെ.സി. ജോസഫിന്റെ പ്രസംഗത്തെ യോഗം കൈയടികളോടെ സ്വീകരിച്ചു.

യോഗം ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി മാണിക്കും ജോസ് കെ.മാണിക്കുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. സി.പി.എം പിന്തുണയോടെ യുഡിഎഫിനെ വെട്ടി കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം പിടിക്കുക വഴി കെ.എം. മാണിയും അദ്ദേഹത്തിന്റെ പാർട്ടിയായ കേരള കോൺഗ്രസ് എമ്മും കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്ന നിലപാട് ഉമ്മൻ ചാണ്ടി ആവർത്തിച്ചു.

കഴിഞ്ഞ 42 വർഷവും കേരള കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ച ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ ആക്ഷേപിച്ച ജോസ് കെ. മാണിയുടെ നടപടി നന്ദികേടാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. നാലുപേരെ പറഞ്ഞുകേൾപ്പിക്കാൻ ഒരു കാരണവും ഇല്ലാതെയാണ് കേരള കോൺഗ്രസ് (എം) സിപിഎമ്മിനൊപ്പം കൂടിയത്. ഇതു തീർത്തും രാഷ്ട്രീയവഞ്ചന തന്നെയാണ്. കേരള കോൺഗ്രസ് എടുത്ത നിലപാടു യാദൃശ്ചികമല്ല. സിപിഎമ്മിലേക്കു പാലമിടാനായിരുന്നു കേരള കോൺഗ്രസ് നീക്കമെന്നു സംശയിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇന്നേവരെ കൈപ്പത്തിക്കു വോട്ടുചെയ്യാൻ കഴിയാത്ത കോൺഗ്രസ് പ്രവർത്തകരുള്ള ജില്ലയാണ് കോട്ടയമെന്ന് ഓർമിപ്പിച്ച തിരുവഞ്ചൂർ, കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകരുടെ സ്വാതന്ത്ര്യ ദിനമാണിതെന്നും പറഞ്ഞു.