കോട്ടയം: സ്വർണവ്യാപാരിയെ പെൺകെണിയിൽപെടുത്തി രണ്ടുലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന അന്തസ്സംസ്ഥാന കുറ്റവാളിയടക്കം നാല് പ്രതികൾകൂടി അറസ്റ്റിലായി. കർണാടകയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. കുഴൽപൊട്ടിക്കുക എന്നറിയപ്പെടുന്ന അനധികൃത പണം കൊണ്ടുപോകുന്ന വാഹനങ്ങൾ കവർച്ചചെയ്യുന്ന സംഘത്തലവൻ കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ കാസർകോട് തൃക്കരിപ്പൂർ എളംബച്ചി പുത്തൻപുരയിൽ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ അൻസാർ (23),ഭാര്യ സുമ(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം സ്വദേശിയായ സ്വർണ വ്യാപാരിയിൽ നിന്നു പെൺകെണിയിലൂടെ 2 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്

കോവിഡിനെ തുടർന്ന് ഹവാലാ പണത്തിൽനിന്നുള്ള വരുമാനം നഷ്ടപ്പെട്ടതോടെ പ്രതി നൗഷാദ് പുതിയ വരുമാനമാർഗം തേടിയാണ് സുഹൃത്തിന്റെ സഹായത്തോടെ കോട്ടയത്തെത്തിയത്. രണ്ടാം ഭാര്യയെയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വർണവ്യാപാരിയെ കോട്ടയം നഗരത്തിലെ അപ്പാർട്ട്മെന്റിലേക്ക് വരുത്തി. കൂട്ടാളികളുടെ സഹായത്തോടെ മർദിച്ച് അവശനാക്കി പെൺകെണി മാതൃകയിൽ സ്ത്രീയോടൊപ്പം ഇരുത്തി ഫോട്ടോ എടുത്തശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടുകയായിരുന്നു. കോട്ടയം നഗരത്തിലെ ചില പ്രമുഖരെ കുടുക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസിനോട് പ്രതികൾ സമ്മതിച്ചു.

മറ്റൊരു സ്വർണവ്യാപാരിയും പ്രമുഖ രാഷ്ട്രീയക്കാരനെയും കുടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചിങ്ങവനം സ്വദേശി പൊലീസിൽ പരാതിപ്പെട്ടതോടെ പ്രതികൾ ഒളിവിൽപോവുകയായിരുന്നു. തട്ടിപ്പിന് സഹായികളായി പ്രവർത്തിച്ച പ്രവീൺ, മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം സ്വദേശിയായ ഗുണ്ടയും മറ്റൊരു കാസർകോട് സ്വദേശിയും ഒളിവിലാണ്. ഇവരെ അന്വേഷിച്ചുവരുകയാണ്. പൊലീസ് പിൻതുടരുന്നതറിഞ്ഞ നൗഷാദ് തല മുണ്ഡനംചെയ്തു വേഷംമാറി കഴിയുകയായിരുന്നു.

ജില്ലയിലെ മറ്റൊരു സ്വർണ വ്യാപാരിയെയും രാഷ്ട്രീയ നേതാവിനെയും ഇത്തരത്തിൽ കുടുക്കാൻ ഇവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നു പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ മേൽനോട്ടത്തിൽ കോട്ടയം ഡിവൈഎസ്‌പി ആർ.ശ്രീകുമാർ, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ നിർമൽ ബോസ്, എസ്‌ഐ രഞ്ജിത്ത് വിശ്വനാഥൻ, ഡിവൈഎസ്‌പി ഓഫിസിലെ അസിസ്റ്റന്റ് എസ്‌ഐ കെ.ആർ.അരുൺകുമാർ, എസ്‌ഐ ഷിബുക്കുട്ടൻ, സൈബർസെല്ലിലെ വി എസ്.മനോജ് കുമാർ എന്നിവരാണു പ്രതികളെ പിടികൂടിയത്.

വിവരം ചോർത്തി: 2 എഎസ്‌ഐമാരെ മാറ്റി

കേസിൽ പ്രതികൾക്ക് ഒത്താശ ചെയ്ത ജില്ലയിലെ ഗുണ്ടാത്തലവന് അന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയെന്ന കുറ്റത്തിനു കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ 2 എഎസ്‌ഐമാർക്കു സ്ഥലംമാറ്റം. ഇതിൽ ഒരാൾ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരമടക്കം ഒട്ടേറെ സർവീസ് മെഡലുകൾ നേടിയിട്ടുണ്ട്. മേലുകാവ്, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലേക്കാണു മാറ്റം.