കോട്ടയം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന വേദിയിൽ കോമഡി താരം കോട്ടയം നസീർ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ കളിയാക്കിയത് ഏറെ വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ ട്രോളുകൾ പെരുകുന്ന വേളയിൽ ആയിരുന്നു തിരുവഞ്ചൂരിനെ കളിയാക്കി കോട്ടയം നസീർ സ്‌കിറ്റ് അവതരിപ്പിച്ചത്. എന്നാൽ, തന്നെ കളിയാക്കിയ വിവരം ഇഷ്ടപ്പെടാത്ത കാര്യം തുറന്നു പറഞ്ഞ് മന്ത്രി രംഗത്തെത്തിയതോടെ തിരുവഞ്ചൂരിനോട് മാപ്പു ചോദിച്ച് കോട്ടയം നസീർ രംഗത്തെത്തി.

മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഹസിക്കുന്ന തരത്തിൽ കോമഡി ഷോ അവതരിപ്പിച്ചതിൽ മന്ത്രിയോട് മാപ്പ് ചോദിക്കുന്നതായി കോട്ടയം നസീർ പറഞ്ഞു. മന്ത്രിയെ ഫോണിൽ വിളിച്ചായിരുന്നു നസീർ മാപ്പ് പറഞ്ഞത്. താൻ അവതരിപ്പിച്ച ഹാസ്യ പരിപാടി മൂലം മന്ത്രിക്ക് വിഷമം തോന്നിയെങ്കിൽ ക്ഷമിക്കണമെന്ന് ഫോൺ ചെയ്ത് പറഞ്ഞതായി കോട്ടയം നസീർ പറഞ്ഞു.സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രിയെക്കുറിച്ച് അത്രയും പറയാൻ പാടില്ലായിരുന്നുവെന്നു തോന്നിയിരുന്നുവെന്നും നസീർ പറഞ്ഞു.

സംഭവത്തെ കുറിന്ന് തിരുവഞ്ചൂർ പരാതിപ്പെട്ടത് ഇങ്ങനെയായിരുന്നു: തിരുവനന്തപുരത്ത് 250 പേർക്ക് മാത്രം ഇരിക്കാവുന്ന ഹാളിൽ നിന്നും കോട്ടയത്ത് പതിനായിരങ്ങൾക്ക് ഇരുന്ന് ആസ്വദിക്കാവുന്ന തരത്തിൽ വിശാലമായ വേദിയിലേക്ക് ചലച്ചിത്ര അവാർഡ് നിശ കൊണ്ടുവന്നത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. മന്ത്രി കൂടി ഇരുന്ന വേദിയിലായിരുന്നു തിരുവഞ്ചൂരിനെ ആക്ഷേപിക്കുന്ന തരത്തിൽ കോട്ടയം നസീർ കോമഡി പരിപാടി നടത്തിയത്. എന്നാൽ സദസ്സിലുണ്ടായിരുന്ന പ്രേക്ഷകരിൽ ഒരാൾ പോലും കയ്യടിക്കുകയോ പരിപാടി പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ല.

സമൂഹ മാദ്ധ്യമങ്ങളിലെ ട്രോളിങ്ങിന് ഏറ്റവും കൂടുതൽ വിഷയമായി മാറിയ മന്ത്രിയാണ് തിരുവഞ്ചൂർ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനച്ചടങ്ങിൽ നടീ നടന്മാരുടെ പേരുകൾ തെറ്റിച്ചു വായിച്ചും മറ്റൊരു വേദിയിൽ സൂപ്പർതാരം മോഹൻലാലിനെ കണ്ണുണ്ണി എന്ന് പറഞ്ഞതുമൊക്കെ വൻ ട്രോളിങ്ങിനിടയാക്കിയിരുന്നു.