കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തില്ലെന്ന് ഉറപ്പായില്ല. ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് പകരം കേരളാ കോൺഗ്രസിന് ഇടുക്കി നൽകുമെന്ന അഭ്യൂഹം സജീവമായിരുന്നു. എന്നാൽ കേരളാ കോൺഗ്രസ് ഉറച്ച നിലപാട് എടുത്തതോടെ എല്ലാം മാറി മറിഞ്ഞു. ഇതേ തടുർന്ന് ഘടക കക്ഷികൾ മത്സരിച്ച സീറ്റുകളിൽ അവർതന്നെ അടുത്ത തവണയും മത്സരിച്ചാൽ മതിയെന്ന് യു.ഡി.എഫ്. തീരുമാനിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്ക് വേണ്ടി കേരളാ കോൺഗ്രസ്(എം) കോട്ടയം സീറ്റ് വിട്ടുകൊടുക്കുമെന്ന അഭ്യൂഹം സജീവമായിരുന്നു. ഇതിനാണ് വിരമമാകുന്നത്. ഉമ്മൻ ചാണ്ടി മത്സരിക്കാനെത്തില്ലെന്ന് ഉറപ്പായതോടെ ഇടതു മുന്നണിയും കോട്ടയം പിടിക്കാനുള്ള ശ്രമത്തിലാണ്. മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ തവണ ജനതാദള്ളിന് വേണ്ടി മാത്യു ടി തോമസാണ് കോട്ടയത്ത് മത്സരിച്ചത്. ഇത്തവണ ഈ സീറ്റിൽ ഇടത് സ്ഥാനാർത്ഥി മത്സരിക്കും. എൻഡിഎയുടെ സ്ഥാനാർത്ഥിയായി പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് എത്തുമെന്നാണ് പ്രതീക്ഷ. ഷോൺ മത്സരിക്കുമ്പോഴുണ്ടാകുന്ന ത്രികോണ ചൂടിൽ കോട്ടയം പിടിക്കാമെന്നാണ് സിപിഎം പ്രതീക്ഷ. സുരേഷ് കുറുപ്പിനെ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ പോലും ആലോചന സജീവമാണ്.

ഓരോ ലോക്‌സഭാ സീറ്റും സിപിഎമ്മിന് നിർണ്ണായകമാണ്. പരമാവധി ഇടത്ത് ജയിച്ച് ദേശീയ തലത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് കോട്ടയത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിർത്താൻ സിപിഎം ആലോചിക്കുന്നത്. കേരളാ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ അവർക്ക് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായിട്ടില്ല. ജോസ് കെ മാണി എംപി സ്ഥാനം രാജിവച്ച് രാജ്യസഭാ അംഗമായതോടെ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. മോൻസ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് മാണിക്ക് താൽപ്പര്യം. ഇതിൽ അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് അടക്കം പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

കോട്ടയം പാർലമെന്റ് സീറ്റിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. 1970ൽ പുതുപ്പള്ളിയിൽനിന്ന് സിപിഎമ്മിലെ ഇ.എം. ജോർജിനെ തോൽപ്പിച്ച് നിയമസഭാംഗമായ ഉമ്മൻ ചാണ്ടി 2020 ആകുമ്പോൾ നിയമസഭാപ്രവേശത്തിന്റെ 50 വർഷത്തേക്ക് കടക്കും. അങ്ങനെയെങ്കിൽ രാജ്യത്ത് മറ്റൊരു കോൺഗ്രസ് എംഎ‍ൽഎക്കും ലഭിക്കാത്ത നേട്ടമായിരിക്കും ഉമ്മൻ ചാണ്ടിക്ക് ലഭിക്കുക. ഈ ചരിത്രനേട്ടത്തിനരികെ നിൽക്കുന്ന ഉമ്മൻ ചാണ്ടിയും നിയമസഭാഗത്വം രാജിവച്ച് ലോക്സഭയിലേക്ക് പോകാൻ താൽപ്പര്യ കുറവുണ്ട്.

കോൺഗ്രസ് സീറ്റായിരുന്ന കോട്ടയം 2009ലാണ് മാണിഗ്രൂപ്പിന് നൽകിയത്്. തുടർന്നാണ് ജോസ് കെ. മാണി മത്സരിച്ചത്. കഴിഞ്ഞ തവണ റെക്കോഡ് ഭൂരിപക്ഷത്തോടയാണ് ജോസ് കെ. മാണി ജയിച്ചത്. മൂന്നാമങ്കത്തിനും ജോസ് കെ. മാണി തന്നെ എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിനിടെയാണ് ആറുമാസം കാലാവധിശേഷിക്കേ ലോക്സഭാംഗത്വം രാജിവച്ച് ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോയി. ഇതോടെയാണ് ചർച്ചകൾ സജീവമാകുന്നത്. ഇതോടെ കോൺഗ്രസിലും കേരളാ കോൺഗ്രസിലും സ്ഥാനാർത്ഥി മോഹികൾ ഏറെയായി.

സീറ്റ് കോൺഗ്രസിനെങ്കിൽ മത്സരിക്കുക ഉമ്മൻ ചാണ്ടിയെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലെ മോഹികൾ പിന്മാറി. അപ്പോഴും കേരളാ കോൺഗ്രസിൽ സ്ഥാനാർത്ഥികളുടെ നീണ്ട നിര തന്നെയുണ്ട്. കെ എം മാണിയുടെ മനസ്സ് തന്നെയാണ് ഇതിൽ ഏറെ നിർണ്ണായകം. അതുകൊണ്ട് തന്നെ അന്തിമ തീരുമാനം മാണിയുടേതാകും.