കുറവിലങ്ങാട്: കടപ്ലാമറ്റത്തിനടുത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നിൽ ബാഹ്യ ഇടപെടലിലെന്ന് പ്രാഥമിക നിഗമനത്തിൽ പൊലീസ്. സ്വർണാഭരണ നിർമ്മാതാവും കൂടല്ലൂർ പിനക്കിൾ ഫിനാൻസിയേഴ്‌സ് പാർട്ണറുമായ കൂടല്ലൂർ പുലിക്കുന്നിന്മുകളിൽ സിനോജ് (42), ഭാര്യ കട്ടപ്പന വെള്ളയാംകുടി സ്വദേശി നിഷ (35), മക്കളായ സൂര്യതേജസ് (12), ശിവതേജസ് (ഏഴ്) എന്നിവരെയാണു കൊശപ്പിള്ളിയിലെ വാടക വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സിനോജ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

കുറവിലങ്ങാട് സെൻട്രൽ ജംക്ഷനിലെ ജൂവലറിയിൽ സ്വർണപ്പണിക്കാരനായിരുന്നു സിനോജ്. സൂര്യതേജസ്, ശിവതേജസ് എന്നിവർ കടപ്ലാമറ്റം മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു. മക്കൾക്കും ഭാര്യക്കുമൊപ്പം ജീവിക്കാൻ കൊതിച്ച വീട്ടിലേക്കാണ് നാലുപേരുടെയും മൃതദേഹങ്ങളെത്തിച്ചത്. മേൽത്തട്ട് വാർക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയായത്. തടി ഉരുപ്പടികളെല്ലാം വാടകവീടിന്റെ ഉമ്മറത്ത് പൂർത്തിയായിട്ടുണ്ട്. വാടക വീടുകൾ മാറിമാറി താമസിക്കുമ്പോൾ മക്കളായ സൂര്യതേജസിനും ശിവതേജസിനും ഓടിക്കളിക്കുവാൻ സ്വന്തമായി വീടുവേണമെന്ന ആഗ്രഹം വർഷങ്ങളായി സിനോജിന്റെ മനസിലുണ്ടായിരുന്നു.

കഠിനാധ്വാനിയായ സിനോജ് സ്വർണപണിക്കൊപ്പം സുഹൃത്തായ രാജീവുമായി ചേർന്ന് ചെറിയതോതിൽ തുടങ്ങിയ പണമിടപാട് സ്ഥാപനം വളർച്ചയിലായിരുന്നു. കിടങ്ങൂരിലും കുറവിലങ്ങാട്ടും കൂടല്ലൂരും അഞ്ഞൂറിലധികം ഇടപാടുകാരാണുണ്ടായിരിന്നത്. മറ്റുള്ള പണമിടപാട് സ്്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇവരുടെ ശൈലിയെന്നും നാട്ടകാർ പറയുന്നു. മാന്യമായ ഇടപെടലായിരുന്നു സിനോജിന്റെത്. സിനോജിന്റെ സുഹൃത്തും പണമിടപാടു സ്ഥാപനത്തിന്റെ പങ്കാളിയുമായ കൂടല്ലൂർ സ്വദേശി രാജീവ് ബുധനാഴ്ച കുഴഞ്ഞുവീണാണ് മരിച്ചത്. രാജീവ് മരിച്ചതോടെ നൂറിലധികം ആളുകളുടെ ചിട്ടിയടക്കമുള്ള ബാദ്ധ്യത സിനോജിന്റെ ചുമതലയിൽ മാത്രമായി. ഇതും കുടുംബപ്രശ്‌നങ്ങളും മൂലം ജീവിച്ചുപോകാൻ ബുദ്ധിമുട്ടാണെന്ന് സിനോജ് ഒരു ബന്ധുവിനോട് പറഞ്ഞിരുന്നു.

സിനോജിനെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. മൂത്തമകൻ സൂര്യതേജസിനെ മറ്റൊരു കുളിമുറിയിലും നിഷ, ശിവതേജസ് എന്നിവരുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലെ കട്ടിലിലുമാണു കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ നാലുപേരുടെയും മരണകാരണം വ്യക്തമാകൂ. മരണകാരണം ഉറപ്പിച്ച ശേഷം വിശദ തെളിവെടുപ്പ് നടത്തി മാത്രമേ അന്വേഷണം അവസാനിപ്പിക്കൂ. സിനോജിന്റെ അടുത്ത സുഹൃത്തായിരുന്നു രാജീവ് എന്ന അപ്പു. രണ്ടുദിവസം മുമ്പുള്ള അപ്പുവിന്റെ മരണം സിനോജിനെ തളർത്തി. എല്ലാ ഇടപാടുകളും നിയന്ത്രിച്ചിരുന്നത് അപ്പുവായിരുന്നു. അപ്പുവിന്റെ മരണത്തോടെ സിനോജ് കടുത്ത മാനസിക സംഘർഷത്തിലായി. വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നു ഭയന്ന സിനോജ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിക്കുന്ന നിഗമനങ്ങൾ. ആത്മഹത്യാ കുറിപ്പിലും ഇത് വ്യക്തമാണ്.

കൂടല്ലൂരിൽ പുതിയ വീടു പണിയുകയായിരുന്നു സിനോജ്. അതുകൊണ്ട് തന്നെകുടുംബവും ഏതാനും നാളുകളായി കൊശപ്പിള്ളി ഭാഗത്തെ വാടകവീട്ടിലായിരുന്നു. ഇന്നലെ രാവിലെ സുഹൃത്ത് കുറവിലങ്ങാട് സ്വദേശി കിരൺ സിനോജിനെ ഫോണിൽ വിളിച്ചിരുന്നു. എടുക്കാത്തതിനെ തുടർന്ന് ഏഴരയോടെ കൊശപ്പിള്ളിയിലെ വീട്ടിലെത്തിയപ്പോഴാണ് മരണം പുറത്തറിഞ്ഞത്. കിരണിനു വാതിൽ തുറന്നുകൊടുത്തത് സിനോജിന്റെ സഹോദരനും ഭിന്നശേഷിക്കാരനുമായ സിനോഷാണ്. കിരണാണു നാലു പേരെയും മരിച്ചനിലയിൽ ആദ്യം കണ്ടത്. നിഷയുടെ അമ്മയും സഹോദരനും കട്ടപ്പനയിൽ നിന്നെത്തിയിരുന്നു. ഇവർ ഇന്നലെ പുലർച്ചെയാണു തിരികെ പോയത്.

ഇതിനു ശേഷമാണു നാലുപേരുടെയും മരണം നടന്നിരിക്കുന്നതെന്നാണു പൊലീസ് നിഗമനം. ഈ സംഭവങ്ങളൊന്നും ഭിന്നശേഷിക്കാരനായ സിനോഷ് അറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സിനോഷ് മാത്രമാണ് ഈ കുടുംബത്തിൽ അവശേഷിക്കുന്നത്. കൂടല്ലൂർ പുലിക്കുന്നിന്മുകളിൽ പരേതനായ സോമന്റെ മകനാണു സിനോജ്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട സിനോജിനെയും സിനോഷിനെയും അമ്മാവനാണു വളർത്തിയത്.