- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂരിൽ ഭണ്ഡാരമെഴുന്നള്ളത്ത് ഇന്ന് നടക്കും; കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങുകൾ; ഭക്തർക്ക് ഇന്നും പ്രവേശനമില്ല
കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങായ ഭണ്ഡാരമെഴുന്നള്ളത്ത് ഇന്ന് നടക്കും. മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളിൽ സൂക്ഷിച്ച തിരുവാഭരണങ്ങളും സ്വർണ, വെള്ളിപ്പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ സ്ഥാനികരായ കുടിപതികൾ കൊട്ടിയൂരിലേക്ക് കൊണ്ടുപോകും. കോവിഡ് സാഹചര്യത്തിൽ വൈശാഖ മഹോത്സവം ചടങ്ങുകൾ മാത്രമായി നടത്താനാണ് കലക്ടർ അനുമതി നൽകിയത്. ഭണ്ഡാരം എഴുന്നള്ളത്ത് അടക്കമുള്ള ചടങ്ങുകൾക്കും തീർത്ഥാടകരെ പങ്കെടുപ്പിക്കില്ല.
ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ കൊട്ടിയൂരിൽ ഇന്നലെ നെയ്യഭിഷേകം നടന്നു. അക്കരെ കൊട്ടിയൂരിൽ നടന്ന നെയ്യാട്ടത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങ്. വയനാട് മുതിരേരി ക്ഷേത്രത്തിൽനിന്ന് സ്ഥാനിക ബ്രാഹ്മണൻ മൂഴിയോട്ട് ഇല്ലത്തെ സുരേഷ് നമ്പൂതിരി കാനനപാതകൾ താണ്ടി മുതിരേരി വാൾ തിങ്കളാഴ്ച സന്ധ്യയോടെ ഇക്കരെ സന്നിധിയിലെത്തിച്ചു. വാൾ ഇക്കരെ ക്ഷേത്രത്തിൽ എത്തിയയുടൻ നെയ്യമൃത് വ്രതക്കാർ അക്കരെ പ്രവേശിച്ചു.
തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടൻ വാരിയർ, നമ്പീശൻ എന്നീ സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ വിളക്കുവച്ചു. ചോതിവിളക്കിൽനിന്ന് നാളം പകർന്ന് മറ്റ് വിളക്കുകൾ തെളിയിക്കുകയും തിടപ്പള്ളിയിലെ അടുപ്പിൽ തീകൂട്ടുകയും ചെയ്തു. സ്ഥാനിക ബ്രാഹ്മണർ ചേർന്ന് അഷ്ടബന്ധം നീക്കിയശേഷം നെയ്യഭിഷേകം നടത്തി. വിവിധ നെയ്യമൃത് മഠങ്ങളിൽനിന്നുള്ള 10 വ്രതക്കാരേ നെയ് കിണ്ടികളുമായി അക്കരെ ക്ഷേത്രത്തിൽ എത്തിയുള്ളൂ.
നെയ്യമൃത് വ്രതക്കാരിൽനിന്ന് തൃക്കടാരി സ്ഥാനികൻ നെയ്കുംഭങ്ങൾ ഏറ്റുവാങ്ങി. ഉഷകാമ്പ്രം നമ്പൂതിരി ആദ്യാവകാശിയായ വില്ലിപ്പാലൻ കുറുപ്പിന്റെ നെയ്യും തുടർന്ന് തമ്മേങ്ങാടൻ നമ്പ്യാരുടെ നെയ്യും അഭിഷേകം ചെയ്തു.