- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാര പെരുമയിൽ കൊട്ടിയൂർ വൈശാഖ മഹോത്സവം; മുതിരേരി വാൾവരവും നെയ്യാട്ടവും ഭക്തിനിർഭരമായി
കണ്ണൂർ: കൊട്ടിയൂർ രേവതി മഹോത്സവത്തിന്റെ ഭാഗമായി മുതിരേരി വാൾവരും നെയ്യാട്ടവും ഇന്ന് ഭക്തിനിർഭരമായി നടന്നു. 28 നാൾ നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രാധാന്യമുള്ളചടങ്ങുകളിലൊന്നാണ് മുതിരേരി വാൾ വരവും നെയ്യാട്ടവും. പരാശക്തിയുടെ വാൾ വയനാട്ടിലെ മുതിരേരി കാവിൽ നിന്നും എഴുന്നള്ളിച്ച് ഇന്ന് സന്ധ്യയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിച്ചു.
വാൾ ഇക്കരെ ക്ഷേത്രസന്നിധിയിൽ എത്തിയയുടൻ നെയ്യമൃത് വ്രതക്കാർ അക്കരെ പ്രവേശിച്ചു. തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടൻ വാരിയർ, നമ്പീശൻ എന്നീ സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ വിളക്കുവെച്ചു. ചോതി വിളക്കിൽ നിന്ന് നാളം പകർന്ന് മറ്റ് വിളക്കുകൾ തെളിയിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പിൽ തീകൂട്ടുകയും ചെയ്തു. തുടർന്ന് മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും നടന്നു. അതിനുശേഷം സ്ഥാനിക ബ്രാഹ്മണർ ചേർന്ന് കഴിഞ്ഞ വർഷം സ്വയംഭൂ മൂടിയ അഷ്ടബന്ധം ആചാരപ്പെരുമയോടെ തുറന്നു(നാളം തുറക്കൽ ചടങ്ങ് നടന്നു). തുടർന്ന് നെയ്യഭിഷേകം നടന്നു. നെയ്യമൃത് മഠങ്ങളിൽ നിന്നുമെത്തി തിരുവഞ്ചിറയിൽ അഭിഷേക മുഹൂർത്തത്തിനായി കാത്തുനിന്ന വ്രതക്കാർ നെയ്യാട്ടത്തിന് മൂഹുർത്തമറിയിച്ച് രാശി വിളിച്ചതോടെ ആദ്യാവകാശിയായ വില്ലിപ്പാലൻ കുറുപ്പിന്റെ നെയ്യ് അഭിഷേകം ചെയ്തു. അതിനുശേഷം തമ്മേങ്ങാടൻ നമ്പ്യാരുടെയും നെയ്യ് അഭിഷേകം നടന്നു.
ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന് നടക്കും. മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വർണ്ണ, വെള്ളിപ്പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. അർദ്ധരാത്രിയോടെ അക്കരെ സന്നിധിയിൽ എത്തുന്നതോടെ സ്ത്രീകൾക്കും അക്കരെ സന്നിധിയിൽ പ്രവേശനം അനുവദിക്കും കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം ചടങ്ങുകൾ മാത്രമായി നടത്തിയ കൊട്ടിയൂർ വൈശാഖമഹോത്സവത്തിന് ഇക്കുറി വൻഭക്തജനതിരക്കാണ് പ്രതീക്ഷിക്കുന്നത്.
മറുനാടന് ഡെസ്ക്