തലശ്ശേരി: ചെങ്ങന്നൂർ - നിപ്പ ബഹളത്തിനിടെയിൽ ആരും അറിയാതെ ജാമ്യം നേടാമെന്ന ഫാ. റോബിന്റെ മോഹം പൊളിഞ്ഞു. കൊട്ടിയൂരിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ ജൂൺ ഒന്നിന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാനിരിക്കേയാണ് ജാമ്യാപേക്ഷയുമായി ഫാ. റോബിൻ വടക്കുഞ്ചേരി കോടതിയെ സമീപിച്ചത്. കേസിൽ കുറ്റം നിലനിൽക്കില്ലെന്ന മൂന്ന് പ്രതികളുടെ ഹർജി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്) വെള്ളിയാഴ്ച തള്ളി. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കോടതി തീരുമാനിച്ചു. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അനുകൂലവിധി ലഭിച്ചില്ല.

സംഭവവുമായി ബന്ധപ്പെട്ട് പത്താളുകളുടെ പേരിലാണ് കേസ്. പ്രതികളുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. മൂന്നാളുകളുടെ പേരിലുള്ളത് ഗൂഢാലോചനക്കുറ്റമാണ്. ഒന്നാം പ്രതിയായ വൈദികൻ ഫാ.റോബിൻ വടക്കുഞ്ചേരിയെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവരുടെ പേരിലുള്ള കേസ്. ഫാ. റോബിൻ റിമാൻഡിലാണ്. പേരാവൂർ സിഐ.യായിരുന്ന സുനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.

അതിനിടെ ജയിലിൽ കഴിയുന്ന ഫാ. റോബിൻ ആത്മകഥ എഴുത്ത് തുടങ്ങിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലെ എ ഡിവിഷിനിലെ അഞ്ചാമത്തെ സെല്ലിലാണ് റോബിനെ പാർപിച്ചിരിക്കുന്നത്. പീഡനക്കേസിൽ അറസ്റ്റിലായി ജയിലിലായ റോബിന് അടുത്തിടെ ടിപി വധക്കേസ് പ്രതികളിൽ നിന്ന് മർദ്ദനമേറ്റിരുന്നു. ബിരിയാണി വേണ്ടെന്ന് പറഞ്ഞതിന് ടി പി വധക്കേസ് പ്രതികളായ തടവുകാർ വളഞ്ഞിട്ട് തല്ലിയെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ നിന്ന് മർദ്ദനമേറ്റതിന് ശേഷമാണ് വൈദികൻ എഴുത്തിലേക്ക് തിരിഞ്ഞത് എന്നതിനാൽ ജയിലിലെ സിപിഎമ്മുകാരായ തടവുകാരുടെ കള്ളിവെളിച്ചത്താക്കാനും ജയിൽ അധികൃതരുമായുള്ള ഒത്തുകളി പുറത്തുകൊണ്ടുവരാനുമാണ് റോബിന്റെ എഴുത്തെന്ന രീതിയിലാണ് ഈ വിഷയം ചർച്ചയാകുന്നത്. കഴിഞ്ഞദിവസം, ഭക്ഷണത്തിന് ശേഷം സെല്ലിന്റെ മൂലയിരുന്ന കുത്തിക്കുറിക്കുന്നത് കണ്ട റോബിനോട് എന്താണെന്ന് എഴുതുന്നതെന്ന് ചോദിച്ചപ്പോൾ കഥയെന്ന് മറുപടി നൽകി. ജയിൽ ജീവിതം കഥകളാക്കി എഴുതുകയാണെന്നാണ് സൂചിപ്പിച്ചത്. പ്രസിദ്ധീകരിക്കാനാണോ എന്ന ചോദ്യത്തിന് ആരെങ്കിലും പ്രസിദ്ധീകരിക്കാൻ ചോദിച്ചാൽ കൊടുക്കും. ഇല്ലെങ്കിൽ വലിച്ചു കീറി കളയും എന്നും മറുപടി പറഞ്ഞതായാണ് വിവരം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇയാൾ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിൻ അച്ചൻ ജയിലിലായത്. കേസിൽ ഒരു വർഷത്തോളമായി റിമാൻഡിൽ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാൽ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികൾ മർദ്ദിച്ചത്.

2017 ഫെബ്രുവരിയിലാണ് ഫാ. റോബിൻ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വികാരി ആയി ഇരിക്കുമ്ബോഴാണ് റോബിൻ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുട്ടിയെ ഇയാൾ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതർക്കും നേരെ ആരോപണമുണ്ടായിരുന്നു.

സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്സിങ് പഠനത്തിന് അയച്ചിരുന്ന ഇയാൾ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലംകൈ ആയിരുന്ന റോബിനായിരുന്നു സഭയുടെ ഭൂമി ഇടപാടുകളിൽ ദല്ലാളായി പ്രവർത്തിച്ചിരുന്നത്. ജീവൻ ടിവിയുടേയും ദീപിക ദിനപ്പത്രത്തിന്റെയും മാനേജിങ് ഡയറക്ടറായിരുന്നു ഇയാൾ.