- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു വർഷം നേരിട്ടത് ക്രൂരപീഡനം; പൊലീസ് വന്ന് മാപ്പ് പറഞ്ഞു'; നിയമ നടപടിയുമായി മുന്നോട്ടെന്നും കോവളത്തു കൊല്ലപ്പെട്ട 14കാരിയുടെ അമ്മ ഗീത; 'ഗുണ്ടകളും പൊലീസും തമ്മിൽ എന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷ നേതാവ്; കോവളം സംഭവത്തിൽ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കോവളത്ത് പതിനാല് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടിയതിന് പിന്നാലെ പൊലീസ് വന്ന് മാപ്പുപറഞ്ഞുവെന്ന് പെൺകുട്ടിയുടെ അമ്മ ഗീത. ഒരു അബദ്ധം പറ്റിയതാണെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം കുടുംബം അനുഭവിച്ചത് വലിയ ദുരന്തമാണ്. ഇതിനിടയാക്കിയ പൊലീസിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഗീത വ്യക്തമാക്കി. പെൺകുട്ടിയുടെ കൊലപാതകക്കുറ്റം ഏറ്റെടുക്കാൻ പൊലീസ് പീഡിപ്പിച്ചെന്ന് ഗീതയും ഭർത്താവും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൊലപാതകം ചെയ്തത് അയൽവാസിയായ സ്ത്രീയും മകനും ചേർന്നാണെന്ന് യാദൃശ്ചികമായാണ് പൊലീസ് കണ്ടെത്തിയത്.
അതിനിടെ കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. മകളുടെ മരണത്തിൽ പൊലീസ് കുറ്റവാളികളാക്കാൻ ശ്രമിച്ച രക്ഷിതാക്കളെ വി ഡി സതീശൻ വീട്ടിലെത്തി നേരിട്ട് കണ്ടു. സംഭവത്തിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ക്യാൻസർ രോഗിയായ പെൺകുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ സന്ദർശനത്തിന് ശേഷം പ്രഖ്യാപിച്ചു.
ഒരു വർഷം മുമ്പ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് നടത്തിയത് അതിക്രൂര പീഡനമാണ്. കുറ്റം ഏറ്റുപറയാൻ പൊലീസ് ചൂരൽ കൊണ്ടടിച്ചെന്നും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും പറയുന്നത്. വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലപാതക്കേസിൽ പിടിയിലായ റഫീഖയും മകൻ ഷെഫീഖും തന്നെയാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയെയും കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത് യാദൃശ്ചികമായാണ്.
മക്കളില്ലാത്തതിനാൽ ആനന്ദൻ ഗീത ദമ്പതികൾ എടുത്ത് വളർത്തിയതാണ് പെൺകുട്ടിയെ. 2020 ഡിസംബറിലാണ് റഫീഖയും മകൻ ഷെഫീഖും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും മകനും. ഷഫീഖുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പുറം ലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ശാന്തകുമാരിയെ കൊല്ലാൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോൾ ഷെഫീക്ക് അയൽവാസിയായ പെൺകുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെൺകുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിനുള്ളിൽ വച്ച് റഫീക്ക കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു. ഷെഫീക്ക് ചുറ്റിക കൊണ്ട് കുട്ടിയുടെ തലക്കടിച്ചു. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.
മാതാപിതാക്കളെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കോവളം പൊലീസിന്റെ തുടക്കത്തിലെ അന്വേഷണം. കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി ആനന്ദനോടും ഗീതയോടും മോശമായി പെരുമാറി. ഒടുവിൽ നുണപരിശോധനക്ക് ഇരുവരും തയ്യാറാണെന്ന് പറഞ്ഞതിന് ശേഷം അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇപ്പോഴെങ്കിലും സത്യം തെളിഞ്ഞതന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ. വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തോട് പൊലീസിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ പെൺകുട്ടികളുടെ രക്ഷിതാക്കൾ വിശദീകരിച്ചു.
മാതാപിതാക്കളെ കുറ്റവാളികളാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം അപരിഷ്കൃതമായ അന്വേഷണമാണ് നടന്നതെന്നാണ് വി ഡി സതീശൻ കുറ്റപ്പെടുത്തുന്നത്. മകളുടെ മരണം ഏറ്റെടുക്കാൻ പൊലീസ് ദമ്പതികള മർദ്ദിച്ചു. ഇങ്ങനെയാണെങ്കിൽ ഗുണ്ടകളും പൊലീസും തമ്മിൽ എന്താണ് വ്യത്യാസം? കേരളം നാണിച്ച് തല താഴ്ത്തേണ്ട സാഹചര്യമാണ് ഉണ്ടായത്. എന്നിട്ടിപ്പോൾ പൊലീസ് മാപ്പു പറഞ്ഞുവെന്നാണ് പറയുന്നത്. ഒരു ഉദ്യോഗസ്ഥനെതിരെ പോലും എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്? പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. ക്യാൻസർ രോഗിയായ അമ്മയുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ